Sorry, you need to enable JavaScript to visit this website.

തട്ടിക്കൊണ്ടുപോകൽ: പഴുതടച്ച അന്വേഷണം; യാത്രക്കാരന്റെ നാടകവും പൊളിച്ച് പോലീസ് 

യാത്രക്കാരനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ.

കൊണ്ടോട്ടി- യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ ഒരാഴ്ച കൊണ്ട് പിടികൂടിയ പോലീസ് യാത്രക്കാരന്റെ മൊഴി നാടകവും പൊളിച്ചത് പഴുതടച്ച അന്വേഷണത്തിലൂടെ. കഴിഞ്ഞ 17ന് വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കൊണ്ടോട്ടി-അരീക്കോട് റേഡിലെ കാളോത്ത് വെച്ച് തൊട്ടിൽപ്പാലം സ്വദേശി പാറശ്ശേരി മിത്തൽ റിയാസിനെ സംഘം തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെയാണ് ഒരാഴ്ചക്കകം പ്രത്യേക അന്വേഷണ സംഘത്തിന് പിടികൂടാനായത്. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ മൊബൈൽ ഫോൺ,സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ മാത്രമായിരുന്നു പോലീസിന് ആകെ തെളിവായി ലഭിച്ചിരുന്നത്. 


ഇതിൽ തുടങ്ങിയ അന്വേഷണമാണ് നാലു പ്രതികളിലേക്ക് പോലീസ് എത്തിപ്പെടുന്നത്. പ്രതികളുടെ വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് ഇവർ ഒളിവിൽ പോകുന്നതിനുമുമ്പ് തന്നെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഇതിനിടയിൽ സ്വർണ കടത്ത് സംഘത്തിലെ മുഖ്യ പ്രതികളിലേക്ക് അന്വേഷണം എത്താതിരിക്കാൻ വ്യാജ പ്രതികളെ സ്റ്റേഷനിൽ ഹാജരാക്കാനും ഇവർ ശ്രമം നടത്തിയതും പോലീസ് പൊളിച്ചു. 


  തട്ടിക്കൊണ്ടുപോയ യാത്രക്കാരനെ മർദിച്ച് മുക്കത്താണ് ഉപേക്ഷിച്ചിരുന്നത്. ഇവിടെ നിന്നും സ്വന്തം വീട്ടിലെത്തിയ യാത്രക്കാരനെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. സാമ്പത്തിക ഇടപാടാണ് തന്നെ കടത്തിക്കൊണ്ടുപോയതിന് പിന്നിലെന്നും മധ്യസ്ഥർ മുഖേന ഇത് തീർപ്പാക്കിയതായും ഇയാൾ ആദ്യം മൊഴി നൽകി. എന്നാൽ റിയാസിന്റെ ശരീരത്തിലെ പാടുകൾ ചോദിച്ചറിഞ്ഞ പോലീസ് ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീണ്ടും റിയാസിനെ ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് ഗൾഫിൽ വെച്ച് നൽകിയ സ്വർണം മറിച്ച് വിൽക്കാൻ ശ്രമിച്ച സംഭവം വെളിപ്പെടുത്തുന്നത്. കളളക്കടത്ത് സംഘത്തെ കബളിപ്പിച്ചതിനെ തുടർന്നാണ് സംഘം റിയാസിനെ തട്ടിക്കൊണ്ടുപോയത്. ഇയാൾ പിന്നീട് സ്വർണം വീണ്ടെടുത്ത് കൊടുത്തതായാണ് വിവരം.
  മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസിന്റെ നിർദ്ദേശത്തിൽ കൊണ്ടോട്ടി ഇൻസ്‌പെക്ടർ കെ.എം. ബിജു,എസ്.ഐ വിനോദ് വലിയാറ്റൂർ, അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട് , ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, എ.എസ്.ഐ സുലൈമാൻ , സുനൂപ്, ശ്രീജിത്ത്, സജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

Latest News