Sorry, you need to enable JavaScript to visit this website.

പി.ഐ.എഫ് ന്യൂയോർക്കിലും  ലണ്ടനിലും ഓഫീസുകൾ തുറക്കുന്നു

റിയാദ്- അടുത്ത വർഷം ആദ്യത്തിൽ ന്യൂയോർക്കിലും ലണ്ടനിലും ഓഫീസുകൾ തുറക്കാൻ സൗദി അറേബ്യയുടെ സോവറീൻ ഫണ്ട് ആയ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആലോചിക്കുന്നു. വലിയ ലാഭം ലഭിക്കുന്ന ആഗോള പദ്ധതികളിൽ മുതൽ മുടക്കുന്ന ഏറ്റവും വലിയ നിക്ഷേപകരിൽ ഒന്നായി മാറാനുള്ള ഫണ്ടിന്റെ മോഹമാണ് പുതിയ ആസ്ഥാനങ്ങൾ തുറക്കുന്നതിലൂടെ സ്ഥിരീകരിക്കുന്നത്. ആഗോള മാനദണ്ഡങ്ങളോടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോകൾ സ്ഥാപിച്ച് പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ആകർഷകമായ നിക്ഷേപാവസരങ്ങളിൽ നിക്ഷേപങ്ങൾ നടത്തി ലോകത്തെ ഏറ്റവും വലിയ സോവറീൻ ഫണ്ടുകളിൽ ഒന്നായി മാറാനാണ് പി.ഐ.എഫ് ലക്ഷ്യമിടുന്നത്. 


1971 ൽ സ്ഥാപിതമായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സൗദിയിൽ വൻകിട കമ്പനികൾ സ്ഥാപിക്കുന്നതിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. നിരവധി തന്ത്രപ്രധാന പദ്ധതികളിലും കമ്പനികളിലും ഫണ്ട് മുതൽ മുടക്കിയിട്ടുണ്ട്. നേരത്തെ ധനമന്ത്രാലയത്തിനു കീഴിലായിരുന്ന പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് 2015 മാർച്ച് 23 ലെ മന്ത്രിസഭാ തീരുമാനത്തോടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ സാമ്പത്തിക, വികസന സമിതിക്കു കീഴിലായി. പിന്നീട് കിരീടാവകാശിയുടെ ചെയർമാൻ പദവിയിൽ ഫണ്ട് ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കുകയും ചെയ്തു. നിലവിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ആകെ ആസ്തികൾ 390 ബില്യൺ ഡോളറാണ്. സൗദിയിൽ 200 ലേറെ കമ്പനികളിൽ ഫണ്ട് നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. കൊറോണ പ്രതിസന്ധിക്കിടെ ആഗോള തലത്തിൽ മികച്ച അവസരങ്ങൾ പ്രയോജനപ്പെടുത്തി ഫണ്ട് വൻതോതിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. 
 

Latest News