Sorry, you need to enable JavaScript to visit this website.

മലപ്പുറം ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പിൽ  യു.ഡി.എഫിന് എതിരില്ലാത്ത ജയം 

മലപ്പുറം- ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏകപക്ഷീയ വിജയം. യു.ഡി.എഫിന്റെ 18 സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാങ്കിന്റെ മെമ്പർമാരിൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷമുള്ളതിനാൽ ഇടതുപക്ഷം സ്ഥാനാർഥികളെ നിർത്തിയില്ല. തെരഞ്ഞെടുപ്പ് പൂർത്തിയാതോടെ ജില്ലാ ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണം അവസാനിച്ചു. ഭരണ ചുമതല പുതിയ ഭരണസമിതിക്ക് കൈമാറി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ ഒന്നിന് നടക്കും. 


സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് സംസ്ഥാന സർക്കാർ കേരള ബാങ്ക് രൂപീകരിച്ചപ്പോൾ അതിൽ ചേരാതെ നിന്ന ഒരേ ഒരു ബാങ്കാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക്. കേരള ബാങ്ക് രൂപീകരണ നീക്കങ്ങളുടെ ഭാഗമായി 2017 ഏപ്രിൽ ഒന്നുമുതൽ 14 ജില്ലാ സഹകരണ ബാങ്കുകളിലെയും ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു. 13 ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ചെങ്കിലും സ്വതന്ത്രമായി നിലനിൽക്കാനാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജനറൽ ബോഡി തീരുമാനിച്ചത്. അംഗങ്ങളുടെ ജനറൽ ബോഡി വിളിച്ചു ചേർന്ന് രണ്ടു തവണ ലയന പ്രമേയം അവതരിപ്പിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. 130 അംഗങ്ങളുള്ള ജനറൽ ബോഡിയിൽ 98 പേർ യു.ഡി.എഫിനൊപ്പമാണ്.  31 പേർ ഇടതുപക്ഷവും ഒരാൾ ബി.ജെ.പിയുമാണ്. 


ജില്ലാ ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയതിനെതിരെ ജില്ലയിലെ പുൽപറ്റ, കടന്നമണ്ണ സർവീസ് സഹകരണ ബാങ്കുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2020 ജനുവരിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ ഇതിനെ മറികടക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നു. സർക്കാർ നിലപാടുനെതിരെ തുവ്വൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചതോടെ ഓർഡിനൻസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് മെയ് 27 തെരഞ്ഞെടുപ്പ് നടത്താൻ നേരത്തെ തീരുമാനിച്ചെങ്കിലും കോവിഡ് വ്യാപനം മൂലം നടന്നില്ല. തുടർന്ന് സെപ്റ്റംബർ 25 ന് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി സഹകരണ ഇലക്ഷൻ കമ്മീഷന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. 

 

Latest News