Sorry, you need to enable JavaScript to visit this website.

നീണ്ട 14 വർഷം; മകളെ കൺനിറയെ കാണാൻ രാഘവ്‌ലു ഇന്ന് നാട്ടിലേക്ക് 

രാഘവ്‌ലു അഭിഭാഷകയായ ഷീല തോമസുമൊത്ത്. 


ദുബായ് - നീണ്ട 14 വർഷമായി യു.എ.ഇയിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരൻ സാമൂഹ്യ പ്രവർത്തകയുടെ സഹായത്തോടെ ഇന്ന് നാട്ടിലേക്ക് തിരിക്കും. ആന്ധ്രപ്രദേശ് സ്വദേശിയായ ബാസ്‌കരി രാഘവ്‌ലു(41)വിനാണ് വർഷങ്ങൾക്ക് ശേഷം നാടണയാൻ വഴിയൊരുങ്ങുന്നത്. 2006ൽ ഇദ്ദേഹം സന്ദർശക വിസയിൽ യു.എ.ഇയിലെത്തുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു.  
സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ ഷീലാ തോമസിന്റെ കഠിന പരിശ്രമമാണ് രാഘവ്‌ലുവിന് ജീവിതത്തിൽ ആദ്യമായി മകളെ കാണാൻ അവസരമൊരുങ്ങിയത്. തന്റെ പേരിൽ രേഖപ്പെടുത്തിയിരുന്ന 511,200 ദിർഹം പിഴ എഴുതിത്തള്ളിയതും രാഘവ്‌ലുവിന് നാട്ടിലെത്താൻ സഹായമായി. 


കുടുംബത്തെ കാണാൻ ഇനിയും തനിക്ക് കാത്തിരിക്കാനാവില്ല. ഒരു ഘട്ടത്തിൽ ഞാൻ എന്നെ തന്നെ ഉപേക്ഷിച്ച അവസ്ഥയിലായിരുന്നു- രാഘവ്ലു മാധ്യമങ്ങളോട് പറഞ്ഞു.
നിർധന കുടുംബത്തെ കരപറ്റിക്കണമെന്ന നിറച്ചാർത്തുള്ള സ്വപ്‌നവുമായി വിമാനം കയറുമ്പോൾ തനിക്ക് ഇത്രയും വലിയ ദുർഗതിയുണ്ടാകുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല- രാഘവ്‌ലു അനുസ്മരിച്ചു. 
യു.എ.ഇയിലെത്തി ഒരു മാസത്തിനകം തന്നെ മറക്കാനാവാത്ത ദുരന്തം പിടികൂടി. കമ്പനി വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ കൈകാലിനും കഴുത്തിനും സാരമായ പരിക്കേറ്റു. പിന്നീട് നാല് വർഷത്തോളം കമ്പനിയിൽനിന്ന് നഷ്ടപരിഹാരം നേടാനായി ശ്രമം. കേസ് നടത്താൻ നിയോഗിച്ച അഭിഭാഷകന്റെ കയ്യിൽ പാസ്‌പോർട്ട് അകപ്പെട്ടത് മാത്രമായിരുന്നു മിച്ചം. അഭിഭാഷകൻ സഹായിക്കുന്നതും പ്രതീക്ഷിച്ച് കുറേനാൾ കാത്തിരുന്നു- രാഘവ്‌ലു പറഞ്ഞു.
പിന്നീട് അതിജീവനത്തിന് വേണ്ടി ചെയ്യാവുന്ന പല ജോലികളിലും ഏർപ്പെട്ടുവെന്ന് രാഘവ്‌ലു പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിന് മുമ്പു വരെ കുടുംബത്തിന് എല്ലാ മാസവും കുറച്ച് പണം വീട്ടിലേക്ക് അയക്കാൻ സാധിച്ചിരുന്നു. യു.എ.ഇ പ്രസിഡന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ച് രാജ്യം വിടാൻ പാസ്പോർട്ട് ശരിപ്പെടുത്താൻ സാധിച്ചു. എങ്കിലും വിമാന ടിക്കറ്റിന് പണമില്ലായിരുന്നു.


ഇതിനെല്ലാം പലവാതിലുകളും മുട്ടി. അവസാനമാണ് സാമൂഹികപ്രവർത്തകയും അഭിഭാഷകയുമായ ഷീല തോമസിനെ കണ്ടുമുട്ടിയത്- രാഘവ്‌ലു നന്ദിയോടെ പറഞ്ഞു.
അങ്ങേയറ്റം നിരാശാജനകമായ അവസ്ഥയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് ഷീല തോമസ് പറഞ്ഞു. 
ഏതാനും ചില  തൊഴിലാളികളുടെ ഔദാര്യം പറ്റിയായിരുന്നു രാഘവ്‌ലു കഴിഞ്ഞിരുന്നത്. ഇക്കാലമത്രയും 
അനുഭവിച്ച പ്രയാസങ്ങളും മകളെ കാണണമെന്ന അതിയായ ആഗ്രഹവും ഇദ്ദേഹത്തെ മാനസികമായി ആകെ തളർത്തിയിരുന്നു. ഈ അവസ്ഥയിലാണ് താൻ കേസ് ഏറ്റെടുത്തതെന്നും ഇവർ പറഞ്ഞു.
രാഘവ്‌ലുവിന്റെ ഓവർ സ്റ്റേ പിഴ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ രാഘവ്‌ലു നാട്ടിലേക്ക് യാത്രതിരിക്കുമെന്നും ഷീല തോമസ് വ്യക്തമാക്കി.

 

 

Tags

Latest News