Sorry, you need to enable JavaScript to visit this website.

വിദേശ യാത്രാനുമതി സേവനം പുനരാരംഭിച്ചു

ഇളവ് നൽകപ്പെട്ട എല്ലാ വിഭാഗങ്ങൡ പെട്ടവർക്കും ഓൺലൈൻ വഴി വിദേശ യാത്രാനുമതി

റിയാദ്- ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി സ്വദേശികൾക്ക് വിദേശ യാത്രാനുമതി നൽകുന്ന സേവനം പുനരാരംഭിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. വിദേശ യാത്രക്ക് അനുമതി നൽകപ്പെട്ട എല്ലാ വിഭാഗങ്ങളിലും പെട്ടവർക്ക് ഓൺലൈൻ വഴി എളുപ്പത്തിൽ അനുമതി നൽകുന്ന നിലക്ക് വികസിപ്പിച്ചാണ് സേവനം പുനരാരംഭിച്ചിരിക്കുന്നത്.
സൗദി വിദ്യാർഥികൾക്കുള്ള വിദേശ യാത്രാനുമതിയാണ് അബ്ശിർ വഴി ആദ്യം നൽകിത്തുടങ്ങിയത്. വിദേശ യാത്രക്ക് അനുമതി നൽകപ്പെട്ട എല്ലാ വിഭാഗങ്ങളിലും പെട്ടവർക്ക് ഓൺലൈൻ വഴി അനുമതി നൽകുന്ന നിലക്ക് വികസിപ്പിക്കുന്നതിനു വേണ്ടി ദിവസങ്ങൾക്കു മുമ്പ് താൽക്കാലികമായി ജവാസാത്ത് ഈ സേവനം നിർത്തിവെച്ചിരുന്നു. ഓൺലൈൻ സേവനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിദ്യാർഥികൾക്കുള്ള ഓൺലൈൻ യാത്രാനുമതി സേവനം താൽക്കാലികമായി നിർത്തിവെച്ചതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. 
സൗദിയിൽ പടിപടിയായി വിദേശ സർവീസുകൾ പുനരാരംഭിക്കാനും അതിർത്തികൾ തുറക്കാനും ജനുവരി ഒന്നിനു ശേഷം സൗദികൾക്കുള്ള യാത്രാ നിയന്ത്രണങ്ങൾ പൂർണ തോതിൽ എടുത്തുകളയാനും വിദേശ സർവീസുകൾ പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം സൗദി അറേബ്യക്കു പുറത്തേക്ക് യാത്ര പോകാനും വിദേശത്തു നിന്ന് രാജ്യത്തേക്ക് തിരിച്ചുവരാനും സ്വദേശികളിൽ പെട്ട ചില പ്രത്യേക വിഭാഗങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്. ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് അബ്ശിർ വഴി വിദേശ യാത്രാനുമതി നൽകുന്ന സേവനം നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ചാണ് ജവാസാത്ത് ഡയറക്ടറേറ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. 
ഔദ്യോഗിക ദൗത്യങ്ങൾക്ക് നിയോഗിക്കപ്പെടുന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥരായ സർക്കാർ ജീവനക്കാർ, വിദേശങ്ങളിൽ സൗദി എംബസികളിലും കോൺസുലേറ്റുകളിലും അറ്റാഷെകളിലും പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളിലും ജോലി ചെയ്യുന്നവർ, ഇവരുടെ കുടുംബാംഗങ്ങൾ, അനുഗമിക്കുന്നവർ, വിദേശങ്ങളിൽ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലും ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും സ്ഥിരം ജോലിയിലേർപ്പെട്ടവർ, വിദേശങ്ങളിലെ കമ്പനികളിലും വ്യാപാര സ്ഥാപനങ്ങളിലും തൊഴിൽ പദവി വഹിക്കുന്നവർ, മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിദേശങ്ങളിൽ ചികിത്സ ആവശ്യമായ രോഗികൾ, വിശിഷ്യാ കാൻസർ രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയ ആവശ്യമുള്ളവർ, സർക്കാർ, സ്‌കോളർഷിപ്പോടെയും സ്വന്തം ചെലവിലും വിദേശങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ, മെഡിക്കൽ ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി വിദേശങ്ങളിൽ പരിശീലനം നേടുന്നവർ, ഇവരെ അനുഗമിക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് വിദേശ യാത്രക്ക് അനുമതി നൽകിയിട്ടുണ്ട്. ഇവർക്ക് അബ്ശിർ വഴി വിദേശ യാത്രാനുമതി ലഭിക്കും.  
വിദേശങ്ങളിലുള്ള ബന്ധുക്കളുമായുള്ള സൗദി പൗരന്മാരുടെ പുനഃസമാഗമം, ഭാര്യ, ഭർത്താവ്, മാതാവ്, പിതാവ്, മക്കൾ എന്നീ വിഭാഗങ്ങളിൽ പെട്ടവരിൽ ആരെങ്കിലും വിദേശങ്ങളിൽ വെച്ച് മരണപ്പെടൽ എന്നിവ അടക്കമുള്ള മാനുഷിക കേസുകൾ, വിദേശങ്ങളിൽ സ്ഥിര താമസമാക്കിയ സൗദി പൗരന്മാർ, ഇവരെ അനുഗമിക്കുന്നവർ എന്നിവർക്കും വിദേശത്തേക്ക് പോകാനും രാജ്യത്ത് തിരികെ പ്രവേശിക്കാനും ഓൺലൈൻ വഴി അനുമതി പത്രം നൽകും. വിദേശ യാത്രക്ക് അനുമതി തേടി നേരത്തെ കടലാസിൽ അപേക്ഷ നൽകിയിട്ട് തീർപ്പ് കൽപിക്കാതെ ശേഷിക്കുന്ന അപേക്ഷകൾ ഇനി പരിഗണിക്കില്ലെന്നും ഇത്തരം കേസുകളിലെ ഗുണഭോക്താക്കൾ വീണ്ടും ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
 

Tags

Latest News