Sorry, you need to enable JavaScript to visit this website.

50 ശതമാനം വൈദ്യുതിക്ക് പുനരുപയോഗ ഊർജ സ്രോതസ്സുകൾ അവലംബിക്കും -മന്ത്രി

റിയാദ് - സൗദിയിൽ 2030 ഓടെ പുനരുപയോഗ ഊർജ സ്രോതസ്സുകൾ വഴി 50 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. മറ്റു വകുപ്പുകളുടെ സഹകരണത്തോടെ സൗദിയിൽ ഊർജ മേഖല സമഗ്രവും ശക്തവുമാണ്. വൈദ്യുതി ഉൽപാദനത്തിന് വ്യത്യസ്ത ഇനം ഊർജം ആശ്രയിക്കുന്ന പദ്ധതി അടക്കം ഊർജ മന്ത്രാലയം നിരവധി പദ്ധതികളും പോംവഴികളും തയാറാക്കിയിട്ടുണ്ട്. 
2030 ഓടെ വൈദ്യുതി ഉൽപാദനത്തിന്റെ 50 ശതമാനം പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നാകും. അവശേഷിക്കുന്ന 50 ശതമാനം ഉൽപാദിപ്പിക്കുന്നതിന് പ്രകൃതി വാതകം അവലംബിക്കും. ഊർജ മന്ത്രാലയ പദ്ധതികൾ നടപ്പാക്കുന്നതിന് വകുപ്പ് മന്ത്രിയെന്നോണം രാജ്യത്തിന്റെ എല്ലാ ശേഷികളും താൻ പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ പദ്ധതികൾ നടപ്പാക്കുന്നതിൽ ഭരണാധികാരികൾ തന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഈ പദ്ധതികൾ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് സഹായിക്കുമെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 
വൈദ്യുതി ഉൽപാദനത്തിന്റെ 90 ശതമാനത്തിനും പുനരുപയോഗ ഊർജ സ്രോതസ്സുകളും പ്രകൃതി വാതകവും ആശ്രയിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി. അൽജാഫൂറ പ്രകൃതി വാതക പാടം രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിലയങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം ഗ്യാസിലേക്ക് മാറ്റാൻ സഹായിക്കും. ഗ്യാസിലേക്ക് മാറുന്നതിലൂടെ വൈദ്യുതി നിലയങ്ങളിൽ ഇന്ധന ഉപയോഗം കുറക്കാൻ സാധിക്കും. വൈദ്യുതി ഉൽപാദനത്തിന് പ്രതിദിനം 6,88,000 ബാരൽ ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്നുണ്ട്. ഇത്രയും ഇന്ധനം രാജ്യത്തിനകത്ത് ജ്വലിപ്പിക്കേണ്ടിവരുന്നത് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നു. വൈദ്യുതി നിലയങ്ങൾക്ക് കുറഞ്ഞ നിരക്കിലാണ് ഇന്ധനം നൽകുന്നത്. എണ്ണക്കു പകരം വൈദ്യുതി നിലയങ്ങളിൽ ഗ്യാസ് ഉപയോഗിക്കുന്നതിലൂടെ ആഗോള വിപണി നിരക്കിൽ അത്രയും എണ്ണ കയറ്റുമതി ചെയ്യാൻ സാധിക്കും. 
ഇത് വൈദ്യുതി ഉൽപാദന ചെലവ് കുറക്കാനും സഹായിക്കും. ഭാവിയിൽ പടിപടിയായി വൈദ്യുതി നിരക്ക് കുറയുന്നതിലേക്കും ഇത് നയിക്കുമെന്ന് അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. വിഷൻ 2030 പദ്ധതി അനുസരിച്ച ഉയർന്ന വളർച്ചാ നിരക്ക് കൈവരിക്കുന്നതിന് കിഴക്കൻ പ്രവിശ്യയിലെ അൽജാഫൂറ പ്രകൃതി വാതക പാടത്തു നിന്നുള്ള ഗ്യാസും ദ്രവീകൃത ഇന്ധനങ്ങളും പ്രാദേശിക വ്യവസായ, വൈദ്യുതി, സമുദ്രജല ശുദ്ധീകരണ മേഖലകളുടെ ഉപയോഗത്തിനു വേണ്ടി നീക്കിവെക്കാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദേശിച്ചിട്ടുണ്ട്. നിലവിൽ സൗദി അറേബ്യയുടെ വൈദ്യുതി ഉൽപാദനം 66 മെഗാവാട്ട് ആണ്. വൈദ്യുതി ഉൽപാദനത്തിന് പ്രതിദിനം ഏഴു ലക്ഷത്തോളം ബാരൽ എണ്ണ ഉപയോഗിക്കുന്നു.
 

Tags

Latest News