Sorry, you need to enable JavaScript to visit this website.

ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ -ബഹ്‌റൈൻ 

മനാമ - പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം കാണാനുള്ള അടിസ്ഥാനമെന്നോണം ദ്വിരാഷ്ട്ര പരിഹാരത്തെ ബഹ്‌റൈൻ പിന്തുണക്കുന്നതായി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽഖലീഫ പറഞ്ഞു. യു.എൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം കാണുന്ന കാര്യത്തിലുള്ള ഉറച്ച നിലപാട് ബഹ്‌റൈൻ രാജാവ് വ്യക്തമാക്കിയത്. ഫലസ്തീനികൾക്ക് പൂർണ അവകാശങ്ങൾ ലഭിക്കുന്നതിനെയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെയും ബഹ്‌റൈൻ പിന്തുണക്കുന്നു. 
മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും കുറിച്ചുള്ള ആശങ്ക കണക്കിലെടുത്തും എല്ലാവരെയും തുറന്ന മനസ്സോടെയും സഹവർത്തിത്വത്തോടെയും നോക്കിക്കാണുന്ന ഉറച്ച സമീപനത്തിന്റെ ആവിഷ്‌കാരം അടിസ്ഥാനമാക്കിയുമാണ് ബഹ്‌റൈൻ ഇസ്രായിലുമായി ബന്ധം സ്ഥാപിച്ചത്. മേഖലയിലെ എല്ലാ ജനങ്ങളുടെയും ഭാവിക്ക് മികച്ച ഗാരണ്ടിയാണെന്ന കാര്യം കണക്കിലെടുത്ത് നീതിപൂർവകവും സമഗ്രവുമായ സമാധാനമാണ് ബഹ്‌റൈൻ ആഗ്രഹിക്കുന്നത് എന്ന് സ്ഥിരീകരിക്കുന്ന പരിഷ്‌കൃത സന്ദേശമാണിത്. 
മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയുള്ള പ്രത്യാശ പുനരുജ്ജീവിപ്പിക്കാൻ സുധീരമായ ചുവടുവെപ്പാണ് യു.എ.ഇ നടത്തിയത്. ഫലസ്തീൻ പ്രദേശങ്ങൾ ഇസ്രായിലിൽ കൂട്ടിച്ചേർക്കുന്നത് നിർത്തുന്നതിനു പകരം അമേരിക്കയുടെ മധ്യസ്ഥതയിൽ യു.എ.ഇ ഇസ്രായിലുമായി ചരിത്രപരമായ സമാധാന കരാറിലെത്തി. ഇത് സമാധാന സാധ്യതകൾ വർധിപ്പിക്കുകയും സംഘർഷം ലഘൂകരിക്കുകയും ചെയ്യും. മേഖലയിലെ ജനങ്ങൾക്ക് പരസ്പരം മനസ്സിലാക്കാനും യോജിപ്പിനും സമാധാനപരമായ സഹവർത്തിത്വത്തിനും പുതിയ തുടക്കമാവുകയും ചെയ്യും. സുപ്രധാനവും തന്ത്രപരവുമായ ഈ ചുടവുവെപ്പുകൾ സാക്ഷാൽക്കരിക്കുന്നതിന് അമേരിക്ക നടത്തിയ ശ്രമങ്ങളെ പ്രശംസിക്കുന്നതായും ബഹ്‌റൈൻ രാജാവ് പറഞ്ഞു. അമേരിക്കയുടെ മധ്യസ്ഥതയിൽ യു.എ.ഇയും ബഹ്‌റൈനും ഇസ്രായിലും കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിൽ വെച്ച് സമാധാന കരാർ ഒപ്പുവെച്ചിരുന്നു.
 

Tags

Latest News