Sorry, you need to enable JavaScript to visit this website.

ഖുർആൻ കൊണ്ടുപോയ  വാഹനത്തിന്റെ ജി.പി.എസ് കേടാക്കിയത്  മനഃപൂർവമെന്ന് എൻ.ഐ.എ

തിരുവനന്തപുരം- നയതന്ത്ര ബഗേജിൽ എത്തിച്ച ഖുർആൻ മലപ്പുറത്തേക്ക് കൊണ്ടു പോയ സി-ആപ്റ്റ് വാഹനത്തിലെ ജി.പി.എസ് സംവിധാനം മനഃപൂർവം തകരാറിലാക്കിയതാണെന്ന നിഗമനത്തിൽ എൻ.ഐ.എ. കഴിഞ്ഞ ദിവസങ്ങളിൽ എൻ.ഐ.എ സി-ആപ്റ്റിൽ നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ ജി.പി.എസ് സംവിധാനത്തിന്റെ റെക്കോഡറും ലോഗ് ബുക്കും കസ്റ്റഡിയിൽ എടുത്തിരുന്നു. എൻ.ഐ.എ സംഘം   ജി.പി.എസ് നിർമാണ കമ്പനികളുമായി നടത്തിയ വിശദ പരിശോധനയിൽ ജി.പി.എസ് ബന്ധം മനഃപൂർവം വിച്ഛേദിച്ചതാകാമെന്ന് കരുതുന്നു.  
ഇതോടെ 256 കിലോമീറ്റർ അധികം ഓടി വാഹനം മറ്റ് സംസ്ഥാനത്തേക്ക് പോയിട്ടുണ്ടെന്ന് വ്യക്തമാകുന്നു. യു.എ.ഇ കോൺസുലേറ്റ് നൽകിയ ഖുർആൻ സർക്കാരിന് യാതൊരു ബാധ്യതയും വരുത്താതെ സി-ആപ്റ്റ് വാഹനത്തിൽ മലപ്പുറത്ത് എത്തിച്ചു എന്നാണ് മന്ത്രി ജലീൽ അവകാശപ്പെടുന്നത്. ഇതിന് വിരുദ്ധമാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. കൂടുതൽ ദൂരം വാഹനം എന്തിനു സഞ്ചരിച്ചു എന്ന് എൻ.ഐ.എയുടെ ചോദ്യത്തിന് ഉത്തരം ആവശ്യമാണ്. 


യാത്രാമധ്യേ തൃശൂരിലെത്തിയ ശേഷമാണ് വാഹനത്തിന്റെ ജി.പി.എസ് പ്രവർത്തനരഹിതമായതെന്ന് വ്യക്തമായിട്ടുണ്ട്. സി-ആപ്റ്റിന്റെ നാലു വാഹനങ്ങളിലും കെൽട്രോൺ ആണ് ജി.പി.എസ് ഘടിപ്പിച്ചിട്ടുള്ളത്. എന്തെങ്കിലും തകരാർ സംവിച്ചാൽ അത് ശരിയാക്കികൊടുക്കുക എന്ന ചുമതലയും കെൽട്രോണിന് ഉണ്ട്. ഇത് സംബന്ധിച്ച് യാതൊരു പരാതിയും കെൽട്രോണിന് സി-ആപ്റ്റ് നൽകിയിട്ടില്ല. 


വാഹനം തിരികെ എത്തിയ ശേഷം ജി.പി.എസ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയിട്ടുമുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽ വാഹനങ്ങളുടെ യാത്രയും ഇന്ധനചെലവും സഞ്ചരിക്കുന്ന ദൂരവും സംബന്ധിച്ച് പ്രത്യേകം രജിസ്റ്റർ ഉണ്ടായിരിക്കും. ഒരു മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും ഈ രജിസ്റ്റർ സൂക്ഷിക്കുക. വാഹനത്തെ സംബന്ധിച്ചുള്ള എല്ലാ ചെലവുകളും സഞ്ചരിച്ച ദൂരവുമൊക്കെ ഇതിൽ രേഖപ്പെടുത്തിയിരിക്കണം. എന്നാൽ വാഹനത്തിന്റെ തകരാർ സംബന്ധിച്ച് ഒന്നും ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ വാഹനത്തിൽ ലോഗ്ബുക്കും ഉണ്ട്. ഇതും കൃത്യമായി എഴുതി സൂക്ഷിച്ചിട്ടില്ല. ഇവ എൻ.ഐ.എ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


ജി.പി.എസ് സംവിധാനം ഘടിപ്പിക്കുന്നത് വാഹനങ്ങൾ അപകടത്തിൽപെട്ടാലും തകരാർ സംഭവിക്കാത്ത തരത്തിലാണ്. എന്ത് തകരാർ സംഭവിച്ചാലും ജി.പി.എസ് സംവിധാനം ആറുമണിക്കൂർ പ്രവർത്തിക്കും. അതിനാൽ തൃശൂരിൽ എത്തുന്നതിനു മുമ്പ് തന്നെ ജി.പി.എസ് സംവിധാനവും ബാറ്ററിമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കാം എന്ന് എൻ.ഐ.എ കരുതുന്നു. കെൽട്രോണുമായി ബന്ധപ്പെട്ട് ഇത് സംബന്ധിച്ച് കൃത്യത വരുത്താനാണ് എൻ.ഐ.എയുടെ അടുത്ത നീക്കം.

 

Latest News