Sorry, you need to enable JavaScript to visit this website.

സൗദിയിൽ തുറമുഖ ടാക്‌സ് കുത്തനെ ഉയർത്തുന്നു

റിയാദ് - സൗദിയിൽ തുറമുഖങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് ബാധകമായ ടാക്‌സ് നാലിരട്ടി ഉയർത്താൻ സൗദി പോർട്‌സ് അതോറിറ്റി തീരുമാനം. അടുത്ത വർഷാദ്യം മുതൽ ഇത് നിലവിൽ വരും. സൗദി തുറമുഖങ്ങളിലൂടെ വിദേശ യാത്ര നടത്തുന്നവരും വിദേശങ്ങളിൽ നിന്ന് സൗദി തുറമുഖങ്ങളിലെത്തുന്നവരും അടുത്ത വർഷാദ്യം മുതൽ 50 റിയാൽ വീതം ടാക്‌സ് നൽകേണ്ടിവരും. നിലവിൽ ഇത് 10 റിയാലാണ്. 
കപ്പലുകളുടെയും ഷിപ്പിംഗ് ഏജൻസികളുടെയും ഉത്തരവാദിത്തത്തിൽ വരുന്ന, തുറമുഖങ്ങളിൽ പാഴാക്കപ്പെടുന്ന സമയത്തിനുള്ള ഫീസും കുത്തനെ ഉയർത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കണ്ടെയ്‌നർ കപ്പലുകൾക്ക് ഓരോ ക്രെയിനിനും ഒരു മണിക്കൂറിന് ബാധകമായ ഫീസ് 1500 റിയാലിൽ നിന്ന് 6300 റിയാലായാണ് ഉയർത്തിയിരിക്കുന്നത്. കണ്ടെയ്‌നർ കപ്പലുകൾക്കുള്ള ഫീസ് 320 ശതമാനം തോതിലാണ് ഉയർത്തിയിരിക്കുന്നത്. 
ക്രെയിനുകൾ ആവശ്യമില്ലാത്ത കാറുകളും ട്രക്കുകളും ട്രെയിലറുകളും അടക്കം ചക്രങ്ങളുള്ള കാർഗോ വഹിക്കുന്നതിനുള്ള റോറോ കപ്പലുകളും യാത്രാ കപ്പലുകളും തുറമുഖങ്ങളിൽ പാഴാക്കപ്പെടുന്ന സമയത്തിനുള്ള ഫീസ് മണിക്കൂറിന് 1000 റിയാലിൽ നിന്ന് 3000 റിയാലായി ഉയർത്തിയിട്ടുണ്ട്. തുറമുഖങ്ങളിൽ വാഹനങ്ങൾക്കും സ്വയം ചലിക്കുന്ന ഉപകരണങ്ങൾക്കുമുള്ള ഫീസ് ഭാരത്തിന് അനുസരിച്ചാണ് കണക്കാക്കുക. മൂന്നു ടണ്ണിൽ കുറവ് ഭാരമുള്ള വാഹനങ്ങൾക്കും ചലിക്കുന്ന ഉപകരണങ്ങൾക്കുമുള്ള ഫീസ് 100 റിയാലിൽ നിന്ന് 140 റിയാലായി ഉയർത്തിയിട്ടുണ്ട്. മൂന്നു മുതൽ പത്തു ടൺ വരെ ഭാരമുള്ള വാഹനങ്ങൾക്ക് ബാധകമായ ഫീസ് 150 റിയാലിൽ നിന്ന് 200 റിയാലായും പത്തു മുതൽ നാൽപതു ടൺ വരെ ഭാരമുള്ള വാഹനങ്ങൾക്കുള്ള ഫീസ് 400 റിയാലിൽ നിന്ന് 540 റിയാലായും നാൽപതു ടണ്ണിൽ കൂടുതൽ ഭാരമുള്ള ഉപകരണങ്ങളുടെ ഫീസ് 1000 റിയാലിൽ നിന്ന് 1350 റിയാലായും ഉയർത്തിയിട്ടുണ്ട്. 
ആടുകൾക്കുള്ള തുറമുഖ ഫീസ് ഒരെണ്ണത്തിന് രണ്ടു റിയാലിൽ നിന്ന് മൂന്നു റിയാലായി വർധിപ്പിച്ചിട്ടുണ്ട്. ആടുകൾക്ക് ബാധകമായ ഫീസ് 50 ശതമാനം തോതിലാണ് ഉയർത്തിയിരിക്കുന്നത്. പരിഷ്‌കരിച്ച ഫീസുകളെല്ലാം അടുത്ത വർഷാദ്യം മുതലാണ് നിലവിൽവരിക. 

Tags

Latest News