Sorry, you need to enable JavaScript to visit this website.

പാലത്തായി പീഡന കേസ് ലീഗ് രാഷ്ട്രീയമായി ഏറ്റെടുക്കുന്നു

കണ്ണൂർ - ഏറെ കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡന കേസ് മുസ്‌ലിം ലീഗ് രാഷ്ട്രീയമായി ഏറ്റെടുക്കുന്നു. സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഘപരിവാർ നേതാവായ അധ്യാപകൻ പ്രതിയായ കേസിൽ ഇരയ്ക്ക് നീതി ഉറപ്പാക്കുന്നതിനുള്ള നിയമ നടപടികളാവും ലീഗ് മുൻകൈയെടുത്ത് നടത്തുക. ഇതിന് മുന്നോടിയായി ലീഗ് നേതാക്കളായ ഡോ. എം.കെ. മുനീർ, കെ.എം. ഷാജി എന്നിവർ പെൺകുട്ടിയുടെ വീടു സന്ദർശിച്ചു ചർച്ച നടത്തി.
പാലത്തായിയിലെ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ആർ.എസ്.എസ് നേതാവായ പത്മരാജൻ മാസ്റ്റർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിയത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ശാസ്ത്രീയമായി അന്വേഷണം നടത്തിയിട്ടും തുടർ നടപടികളുണ്ടായില്ല. തുടർന്ന് മുസ്‌ലിം സംഘടനകൾ സമരമാരംഭിച്ചതോടെയാണ് 
അധ്യാപകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. തുടർന്ന് ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ അന്വേഷണം നടത്തുകയും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതി ചേർക്കപ്പെട്ട അധ്യാപകന്റെ ഫോൺ രേഖകളടക്കം പരിശോധിക്കുകയും ചെയ്തു. സമഗ്രാന്വേഷണത്തിൽ അധ്യാപകനെതിരെ യാതൊരു തെളിവുകളും ലഭിച്ചില്ല. തുടർന്നാണ് പോക്‌സോ വകുപ്പുകൾ ഒഴിവാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയും ചെയ്തു. പോക്‌സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചതിനെതിരെ മുസ്‌ലിം സംഘടനകളും ചില മാധ്യമങ്ങളും രംഗത്തു വന്നിരുന്നു. ഇതിനിടയിലാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഐ.ജി ശ്രീജിത്തിന്റെ ഫോൺ സംഭാഷണം പുറത്തു വന്നത്. പ്രതി ചേർക്കപ്പെട്ട അധ്യാപകനെതിരെ യാതൊരു തെളിവുമില്ലെന്നും പീഡനം നടന്നുവെന്നു പറയുന്ന ദിവസങ്ങളിൽ അധ്യാപകൻ ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നുവെന്നും ഫോൺ രേഖകൾ ഇതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും സർക്കാരിൽ സമ്മർദം ചെലുത്തുകയും പരാതിക്കാരിയായ പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിനായി രണ്ട് വനിതാ കൗൺസിലർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇവർ പെൺകുട്ടിയുടെ മൊഴി ദിവസങ്ങളെടുത്താണ് രേഖപ്പെടുത്തിയത്. എന്നാൽ ഇവർ സമർപ്പിച്ച റിപ്പോർട്ട്, പെൺകുട്ടി പറയുന്ന കാര്യങ്ങൾ വിശ്വസനീയമല്ലെന്നും കുട്ടിക്ക് ഭാവനയിൽ കാര്യങ്ങൾ സൃഷ്ടിച്ച് പറയുന്ന സ്വഭാവമുണ്ടെന്നുമായിരുന്നു. അധ്യാപകന്റെ ജാമ്യം റദ്ദാക്കണമെന്ന പരാതി ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി തള്ളുകയായിരുന്നു.
പാലത്തായി കേസ് എങ്ങുമെത്താതെ പോകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ലീഗ് നേതൃത്വം ഇപ്പോൾ ഇടപെട്ടിരിക്കുന്നത്. കേസിന്റെ നിയമ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി വീണ്ടും കോടതിയെ സമീപിക്കുമെന്നും ഇതിന് ലീഗ് എല്ലാ സഹായങ്ങളും നൽകുമെന്നാണ് നേതാക്കൾ പെൺകുട്ടിയുടെ അമ്മയെ അറിയിച്ചത്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഐ.ജി ശ്രീജിത്തിനെ മാറ്റി നിർത്തുകയെന്നതാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
മുഖ്യമന്ത്രിയുടെ ജില്ലയിലും ആരോഗ്യ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലുമാണ് കേസെന്നതിനാൽ ലീഗിന്റെ ഇടപെടലിന് രാഷ്ട്രീയ മാനങ്ങളുമുണ്ട്. തെരഞ്ഞെടുപ്പുകൾ വരാനിരിക്കേ പാലത്തായി കേസ് രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരാനും ലീഗ് ആലോചിക്കുന്നു.
കേസിന്റെ മേൽനോട്ടം ഐ.ജി എസ്. ശ്രീജിത്തിൽ നിന്നും മാറ്റുന്നതിനുള്ള രാഷ്ട്രീയ സമ്മർദത്തിനൊപ്പം നിയമപരമായ സാധ്യതകളും തേടാനാണ് ശ്രമം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വനിതാ സംഘത്തിന്റെ കണ്ടെത്തലുകൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് നിയമ വൃത്തങ്ങൾ പറയുന്നത്. ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയായ പത്മരാജന്റെ ജാമ്യം തുടരാൻ കോടതി നിർദേശം നൽകിയത്. 


 

Latest News