നിയോണ്‍ - പോയ സീസണിലെ യുവേഫ അവാര്‍ഡ് നാമനിര്‍ദേശപ്പട്ടികയില്‍ ലിയണല്‍ മെസ്സിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമില്ല. ലിസ്റ്റില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക്കിന് മേധാവിത്തം. കഴിഞ്ഞ സീസണില്‍ 55 ഗോളടിച്ച റോബര്‍ട് ലെവന്‍ഡോവ്സ്കിയും ഗോള്‍കീപ്പര്‍ മാന്വേല്‍ നോയറും പ്ലയര്‍ ഓഫ് ദ ഇയര്‍ പട്ടത്തിന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ മികച്ച കളിക്കാരനായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന് ഡിബ്രൂയ്നെയാണ് പട്ടികയിലെ മൂന്നാമത്തെ താരം.
മികച്ച പുരുഷ കോച്ചിനുള്ള ബഹുമതിക്ക നിര്‍ദേശിക്കപ്പെട്ട മൂന്നു പേരും ജര്‍മന്‍കാരാണ്. കഴിഞ്ഞ നവംബറില്‍ മാത്രം ബയേണിന്റെ ചുമതലയേറ്റെടുത്ത ഹാന്‍സി ഫഌക്, ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിന്റെ യൂര്‍ഗന്‍ ക്ലോപ്, ലെയ്പ്സിഷിന്റെ ജൂലിയന്‍ നഗല്സ്മാന് എന്നിവര്‍.
ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ച 80 ടീമുകളുടെ കോച്ചുമാരും 55 യൂറോപ്യന്‍ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരുമാണ് വിജയികളെ തെരഞ്ഞെടുക്കുക.
വനിതാ ടീമിന്റെ മികച്ച കോച്ചായി നിര്‍ദേശിക്കപ്പെട്ട മൂന്നു പേരും പുരുഷന്മാരാണ്. ഒക്ടോബര്‍ ഒന്നിനാണ് അവാര്‍ഡ് പ്രഖ്യാപിക്കുക.