Sorry, you need to enable JavaScript to visit this website.

ഓക്‌സിമീറ്റർ വഴി തട്ടിപ്പുകാർ; മുന്നറിയിപ്പുമായി കേന്ദ്രം 

പരിചിതമല്ലാത്ത വെബ്‌സൈറ്റുകളിൽനിന്ന് ഓക്‌സിമീറ്റർ (oximeter) ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിനെതിരെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഓക്‌സിമീറ്റർ ഡൗൺലോഡ് ചെയ്യാമെന്ന ഓഫറുമായി അജ്ഞാത യു.ആർ.എല്ലുകൾ പ്രചരിക്കുന്നുണ്ട്.  
സൈബർ ബോധവൽക്കരണം ട്വിറ്റർ ഹാൻഡിലിലാണ് കേന്ദ്രം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ശരീരത്തിലെ ഓക്‌സിജൻ ലെവൽ പരിശോധിക്കാൻ ഉപയോഗിക്കുന്ന ഓക്‌സിമീറ്റർ ആപ്പുകൾ വ്യാജമാകാമെന്നും ഇത് ഫോണിലുള്ള ചിത്രങ്ങൾ, കോൺടാക്ടുകൾ, മറ്റ് വിവരങ്ങൾ തുടങ്ങിയവ അപഹരിക്കാമെന്നുമാണ് മുന്നറിയിപ്പ്. ആപ്പുകളിലെ ബയോമെട്രിക് ഫിംഗർപ്രിന്റുകൾ ഉപയോഗിക്കുന്നതുവഴി ഉപയോക്താവിന്റെ ബയോമെട്രിക് വിവരങ്ങൾ ചോർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓക്‌സിജൻ ലെവൽ പരിശോധിക്കണമെന്ന് ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കാറുണ്ട്. ഓക്‌സിമീറ്റർ ഉപകരണങ്ങൾ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും മാർക്കറ്റുകളിലും ലഭ്യമാണെങ്കിലും ഓക്‌സിമീറ്റർ ആപ്ലിക്കേഷനുകൾക്ക് സമീപകാലത്ത് ജനപ്രീതി വർധിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ദോസ്ത് (cyber dots) ട്വിറ്റർ ഹാൻഡിലിലാണ് വ്യാജ ഓക്‌സിമീറ്റർ ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാലാകാലങ്ങളിലുള്ള സൈബർ ഭീഷണികളെക്കുറിച്ചും ഈ ട്വിറ്റർ അക്കൗണ്ടിലൂടെ പതിവായി മുന്നറിയിപ്പ് നൽകാറുണ്ട്.
ആപ്പ് സ്‌റ്റോറിൽ നിന്നും ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നും മാത്രമെ ഇവാലറ്റ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാവൂവെന്ന് ഈ മാസം ആദ്യം സൈബർ ദോസ്ത് മുന്നറിയിപ്പ് നൽകിയിരുന്നു. വെരിഫിക്കേഷനും ഓതെന്റിക്കേഷനും ശേഷം മാത്രമെ ഇത്തരം ആപ്പുകൾ ഉപയോഗിക്കാവൂ. എസ്.എം.എസ്, ഇമെയിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ മുഖേന ലഭിക്കുന്ന ഇവാലറ്റ് ലിങ്കുകൾ തട്ടിപ്പാകാൻ സാധ്യതയുണ്ട്.
സോഷ്യൽമീഡിയയിൽ യുപിഐ ആപ്ലിക്കേഷനുകൾ വഴി ഡിസ്‌കൗണ്ട് കൂപ്പണുകൾ, ക്യാഷ്ബാക്ക്, അല്ലെങ്കിൽ ഫെസ്റ്റിവൽ കൂപ്പണുകൾ തുടങ്ങിയവയെ സംബന്ധിച്ച് കാണിക്കുന്ന പരസ്യങ്ങളും തട്ടിപ്പാകാമെന്ന് സൈബർ ദോസ്ത് മുന്നറിയിപ്പ് നൽകിയിരുന്നു.

Tags

Latest News