Sorry, you need to enable JavaScript to visit this website.

ആഘോഷത്തിന്റെ ഹരിത ചാരുതയിൽ മുങ്ങി സൗദി ദേശീയദിനം

സൗദി അറേബ്യയുടെ തൊണ്ണൂറാം ദേശീയദിനത്തിൽ റിയാദിൽ ദേശീയപതാകയുമേന്തി കാറുകളിൽ യാത്ര ചെയ്യുന്നവർ.

റിയാദ്- ദേശാഭിമാനത്തിന്റെ പ്രോജ്വല സാക്ഷ്യമായി സൗദിയിലെങ്ങും ദേശീയ ദിനാഘോഷം. സ്വദേശികളും പ്രവാസികളും ഒരുപോലെ തൊണ്ണൂറാമത് സൗദി ദേശീയദിനം വർണാഭമായി ആഘോഷിച്ചു. 
രാജ്യത്തിന്റെ മുക്കുമൂലകളിൽ തെരുവുകളും കെട്ടിടങ്ങളും മേൽപാലങ്ങളും സൗദി പതാകകളാലും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെയും ചിത്രങ്ങളാലും ഹരിത ദീപങ്ങളാലും അലങ്കരിച്ചിരുന്നു. ബൈക്കുകളിലും കാറുകളിലും സൈക്കിളുകളിലും സ്വദേശികളും വിദേശികളും ഹരിത പതാക വീശി പ്രധാന നഗരങ്ങളിൽ കൂട്ടമായി സഞ്ചരിച്ചത് ആവേശകരമായ കാഴ്ചയായി.


സൗദി അറേബ്യയുടെ ദേശീയദിനാഘോഷ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രകടനത്തിന് ഇന്നലെ തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചു. സൗദിയക്കു കീഴിലെ ബോയിംഗ്, എയർബസ് ഇനങ്ങളിൽപെട്ട രണ്ടു വിമാനങ്ങൾ അടക്കം 60 ഓളം വിമാനങ്ങൾ പങ്കെടുത്ത അഭ്യാസ പ്രകടനം തലസ്ഥാന നഗരിയിലെ നിവാസികളെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചു. പ്രകടനത്തിൽ അണിനിരന്ന വിമാനങ്ങൾ മാനത്ത് മാരിവില്ലുകൾ തീർത്തു.


ജിദ്ദ അടക്കമുള്ള പ്രധാന നഗരങ്ങളിൽ പ്രശസ്ത അറബ് ഗായകരുടെ സംഗീത നിശകൾ സംഘടിപ്പിക്കുന്നുണ്ട്. പ്രധാന നഗരങ്ങളിൽ ചൊവ്വാഴ്ച രാത്രി തന്നെ സംഗീതനിശകളും പരമ്പരാഗത നൃത്തരൂപങ്ങളും അരങ്ങേറി. വലിയ ഓഫറുകൾ പ്രഖ്യാപിച്ച് വൻകിട വ്യാപാര സ്ഥാപനങ്ങളും കമ്പനികളും ആഘോഷത്തിൽ പങ്കാളിയായി. റിയാദിലെ ഏറ്റവും വലിയ അഞ്ചു ഷോപ്പിംഗ് മാളുകളിൽ റിയാദ് നഗരസഭ ഉപഹാരങ്ങൾ വിതരണം ചെയ്തു. 


യുദ്ധത്തിൽ പരിക്കേറ്റ് റിയാദ് പ്രിൻസ് സുൽത്താൻ മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെ സംയുക്ത സേനാ ആക്ടിംഗ് കമാണ്ടർ ജനറൽ സാലിം അൽഅസൈമിഅ് സന്ദർശിച്ച് രാജാവിന്റെയും കിരീടാവകാശിയുടെയും അനുമോദനങ്ങൾ അറിയിച്ചു. ഡൂഡിൾ നൽകി ഗൂഗിളും ദേശീയദിനാഘോഷത്തിൽ പങ്കാളിത്തം വഹിച്ചു. 
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശത്തിലൂടെ സൽമാൻ രാജാവിനും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സൗദി ജനതക്കും ആശംസകൾ നേർന്നു. ദേശീയദിനത്തോടനുബന്ധിച്ച് സൗദി, യു.എ.ഇ വിമാന കമ്പനികൾ ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു.

 

Tags

Latest News