Sorry, you need to enable JavaScript to visit this website.

ഉംറ തീർഥാടകർക്കുള്ള 'ഇഅ്തമർനാ' ആപ്പ് ഞായറാഴ്ച മുതൽ ലഭ്യമാകും - മന്ത്രാലയം

മക്ക- ഉംറ തീർഥാടകർക്കും മസ്ജിദുന്നബവി സിയാറത്ത് നടത്തുന്നവർക്കും ഇരു ഹറമുകളിലും നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നവർക്കും പ്രത്യേക പെർമിറ്റുകൾ അനുവദിക്കുന്ന 'ഇഅ്തമർനാ' ആപ്പ് സ്വഫർ 10 (സെപ്റ്റംബർ 27 ഞായറാഴ്ച) മുതൽ ഡൗൺലോഡിന് ലഭ്യമാകുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ആൻഡ്രോയ്ഡ്, ഐ.ഒ.എസ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ 'ഇഅ്തമർനാ' ആപ്പ് ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ രജിസ്റ്റർ ചെയ്ത് ഉംറ കർമം നിർവഹിക്കാനും വിശുദ്ധ ഹറമിലും റൗദയിലും നമസ്‌കാരങ്ങൾ നിർവഹിക്കാനും ലഭ്യമായ സമയം തെരഞ്ഞെടുത്ത് പെർമിറ്റ് നേടുകയാണ് വേണ്ടതെന്ന് മന്ത്രാലയം പറഞ്ഞു.  
പെർമിറ്റ് നേടിയ ശേഷം മക്കയിലെ ഗതാഗത കേന്ദ്രത്തിലോ ഒത്തുചേരൽ കേന്ദ്രത്തിലോ തീർഥാടകർ എത്തണം. ഈ കേന്ദ്രങ്ങൾ ഏതൊക്കെയാണെന്ന് പിന്നീട് പരസ്യപ്പെടുത്തും. ബന്ധപ്പെട്ട കേന്ദ്രത്തിലെ ഉദ്യോഗസ്ഥനു മുന്നിൽ പെർമിറ്റ് പ്രദർശിപ്പിക്കണം. പെർമിറ്റിൽ അനുവദിച്ച സമയം തീർഥാടകർ പാലിക്കലും മാസ്‌ക് ധരിക്കലും മറ്റു പ്രതിരോധ നടപടികൾ പാലിക്കലും നിർബന്ധമാണ്. 
പ്രത്യേകം നിശ്ചയിക്കുന്ന ഗതാഗത കേന്ദ്രത്തിലോ (കാർ പാർക്കിംഗുകൾ) ഒത്തുചേരൽ കേന്ദ്രത്തിലോ എത്തുന്ന തീർഥാടകരെ ബസ് മാർഗം ഹറമിലെത്തിക്കും. ഉംറ കർമം നിർവഹിച്ചു കഴിഞ്ഞ ശേഷം ഇവരെ തിരിച്ച് ആദ്യത്തെ കേന്ദ്രത്തിൽ തന്നെ എത്തിക്കും. ഉംറ തീർഥാടകർക്ക് മക്കയിലെ ഹോട്ടലുകളിൽ തങ്ങാവുന്നതാണ്. എന്നാൽ ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കാൻ ആഗ്രഹിക്കുന്ന പക്ഷം ഇവർ ആപ്പിൽ ലഭ്യമായ സമയങ്ങൾ അനുസരിച്ച് പ്രത്യേകം പെർമിറ്റ് നേടൽ നിർബന്ധമാണ്. മക്ക നിവാസികൾ അടക്കം മക്കയിലുള്ളവരും ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിന് ആപ്പിൽ ലഭ്യമായ സമയങ്ങൾ പ്രകാരം പ്രത്യേക പെർമിറ്റ് നേടൽ നിർബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 
സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സഹകരിച്ചാണ് 'ഇഅ്തമർനാ' ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറക്കും സിയാറത്തിനും വേണ്ടി വിശുദ്ധ ഹറമും മസ്ജിദുന്നബവിയും സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ 'ഇഅ്തമർനാ' ആപ്പിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ 'തവക്കൽനാ' ആപ്പുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കും. തീർഥാടകരും സന്ദർശകരും കോവിഡ്-19 വൈറസ് മുക്തരാണെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ ഹാജരാക്കൽ അടക്കമുള്ള ഏതാനും നടപടികൾ ഈ ചുവടുവെപ്പ് ഉറപ്പാക്കും. ഇതുപ്രകാരം തീർഥാടകരും സന്ദർശകരും 'തവക്കൽനാ' ആപ്പിൽ രജിസ്റ്റർ ചെയ്യലും കൊറോണ മുക്തരാണെന്ന് തെളിയിക്കലും നിർബന്ധമാണ്. 
ഗതാഗത സംവിധാനം തെരഞ്ഞെടുക്കൽ, ഒത്തുചേരൽ പോയന്റും സേവന കേന്ദ്രങ്ങളും തെരഞ്ഞെടുക്കൽ പോലെ അനുബന്ധ സേവനങ്ങളും തെരഞ്ഞെടുക്കാൻ 'ഇഅ്തമർനാ' ആപ്പ് തീർഥാടകർക്കും സന്ദർശകർക്കും അവസരമൊരുക്കും. മാസ്‌ക് ധാരണം, സുരക്ഷിത അകലം പാലിക്കൽ, ഓരോ തീർഥാടകനും സന്ദർശകനും നിശ്ചയിക്കുന്ന സമയവും ട്രാക്കുകളും പാലിക്കൽ അടക്കമുള്ള മുൻകരുതൽ നടപടികൾ ഇരു ഹറമുകളിലുമെത്തുന്നവർ പാലിക്കൽ നിർബന്ധമാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 

Tags

Latest News