Sorry, you need to enable JavaScript to visit this website.

മെസ്സിക്ക് വീണ്ടും നഷ്ടം, വിദാലും ബാഴ്‌സ വിട്ടു

മിലാന്‍ - ഇവാന്‍ റാകിറ്റിച്ചിനും ലൂയിസ് സോറസിനും പിന്നാലെ മിഡ്ഫീല്‍ഡര്‍ ആര്‍തുറൊ വിദാലും ബാഴ്‌സലോണ വിട്ടു. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനുമായുള്ള കരാര്‍ ചിലെ താരം പൂര്‍ത്തിയാക്കി. റാകിറ്റിച്ചും സോറസും സ്പാനിഷ് ക്ലബ്ബുകളിലേക്ക് തന്നെയാണ് മാറിയത്. റാകിറ്റിച് പഴയ തട്ടകമായ സെവിയയിലേക്കും സോറസ് അത്‌ലറ്റിക്കൊ മഡ്രീഡിലേക്കും. പുതിയ കോച്ച് റോണള്‍ഡ് കൂമന്‍ എത്തിയതോടെയാണ് ഇവരെ ഒഴിവാക്കാന്‍ ബാഴ്‌സലോണ തീരുമാനിച്ചത്. ലിയണല്‍ മെസ്സിയുടെ ഉറ്റ സുഹൃത്തുക്കളാണ് സോറസും വിദാലും. മെസ്സിയും സോറസും വിദാലിന് സോഷ്യല്‍ മീഡിയയില്‍ വിടവാങ്ങല്‍ സന്ദേശമയച്ചു. 
വിദാലിന് 2021 വരെ ബാഴ്‌സലോണയുമായി കരാറുണ്ടായിരുന്നു. എന്നാല്‍ പുതിയ കോച്ചിന്റെ പദ്ധതികളില്‍ സ്ഥാനം പിടിക്കാനായില്ല. വിദാല്‍ നേരത്തെ ഇന്ററിന്റെ ബദ്ധവൈരികളായ യുവന്റസിന് കളിച്ചിരുന്നു. 2011 മുതല്‍ 2015 വരെ. നാലു തവണ ഇറ്റാലിയന്‍ ലീഗ് കിരീടവും ഇറ്റാലിയന്‍ കപ്പും നേടി. അന്ന് യുവന്റസിന്റെ കോച്ചായിരുന്ന ആന്റോണിയൊ കോണ്ടെയാണ് ഇപ്പോള്‍ ഇന്ററിന്റെ പരിശീലകന്‍. 2018 ല്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്നാണ് വിദാല്‍ ബാഴ്‌സലോണയിലെത്തിയത്. ബാഴ്‌സലോണക്കൊപ്പം രണ്ടു കിരീടം നേടിയിരുന്നു. സ്പാനിഷ് ലീഗും സ്പാനിഷ് സൂപ്പര്‍ കപ്പും. 96 തവണ ബാഴ്‌സലോണക്ക് കളിച്ചു, 11 ഗോളടിച്ചു, 10 ഗോളിന് വഴിയൊരുക്കി. 

Latest News