Sorry, you need to enable JavaScript to visit this website.

പരീക്ഷ പാസാവാന്‍ കുതന്ത്രം, സോറസിനെ സഹായിച്ചവര്‍ കുടുങ്ങി

റോം - ഇറ്റാലിയന്‍ പൗരത്വം കിട്ടാനായി എഴുതിയ ഭാഷാ പരീക്ഷയില്‍ ലൂയിസ് സോറസ് കൃത്രിമം കാട്ടിയതായി ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍. തദ്ദേശ കളിക്കാരനായി യുവന്റസില്‍ ചേരാന്‍ വേണ്ടിയാണ് സോറസ് ഭാഷാ പരീക്ഷ എഴുതിയത്. ഭാര്യ ഇറ്റാലിയന്‍ വംശജയാണെന്നതിന്റെ ബലത്തിലാണ് സോറസ് ഇറ്റാലിയന്‍ പൗരത്വത്തിനായി ശ്രമിച്ചത്. ഉറുഗ്വായ് സ്വദേശിയാണ് സോറസ്. യുവന്റസില്‍ വിദേശ കളിക്കാരുടെ ക്വാട്ട പൂര്‍ത്തിയായതിനാല്‍ സോറസിന് ക്ലബ്ബില്‍ ചേരണമെങ്കില്‍ യൂറോപ്യന്‍ കളിക്കാരന്റെ ക്വാട്ടയിലേ സാധ്യമാവുമായിരുന്നുള്ളൂ. അതിനു വേണ്ടിയാണ് ഇറ്റാലിയന്‍ പൗരത്വത്തിന് ശ്രമിച്ചത്. 
പെറൂജിയയിലെ യൂനിവേഴ്‌സിറ്റി ഫോര്‍ ഫോറിനേഴ്‌സിലാണ് കഴിഞ്ഞ വ്യാഴാഴ്ച സോറസ് പരീക്ഷ എഴുതിയത്. എന്നാല്‍ പരീക്ഷക്കു മുമ്പ് സോറസുമായി ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന് പെറൂജിയ ചീഫ് പ്രോസിക്യൂട്ടര്‍ റഫായേല്‍ കാണ്ടോണെ കണ്ടെത്തി. ഇറ്റാലിയന്‍ ഭാഷ ഒട്ടും അറിയാത്ത സോറസിന് മെച്ചപ്പെട്ട സ്‌കോര്‍ ലഭിച്ചത് സംശയമുയര്‍ത്തിയിരുന്നു. കൂടുതല്‍ തെളിവ് തേടി യൂനിവേഴ്‌സിറ്റിയില്‍ പോലീസ് പരിശോധന നടത്തി. അഞ്ച് ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. 
സോറസിനെ ഇറ്റാലിയന്‍ ഭാഷ പഠിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്റെ ഫോണ്‍ പോലീസ് ചോര്‍ത്തിയിട്ടുണ്ട്. സോറസിന് ഇറ്റാലിയന്‍ ഒട്ടും സംസാരിക്കാന്‍ അറിയില്ലെന്ന് ഇദ്ദേഹം ഇതില്‍ പറയുന്നുണ്ട്. സീസണില്‍ ഒരു കോടി യൂറോ സമ്പാദിക്കുന്ന ഒരാളെ എങ്ങനെ പരീക്ഷയില്‍ തോല്‍പിക്കുമെന്നും ചോദിക്കുന്നു. 15 മിനിറ്റിനകം പരീക്ഷ പൂര്‍ത്തിയാക്കിയ സോറസിന് പൗരത്വം ലഭിക്കാന്‍ പര്യാപത്മായ ബി1 ഗ്രെയ്ഡ് ലഭിച്ചിരുന്നു. അതേസമയം പരീക്ഷ എഴുതിയ മറ്റുള്ളവര്‍ രണ്ടര മണിക്കൂറോളമെടുത്തു പരീക്ഷ പൂര്‍ത്തിയാക്കാന്‍. 
പരീക്ഷ പാസായെങ്കിലും സോറസിന് യുവന്റസില്‍ ചേരാനായില്ല. പകരം അത്‌ലറ്റിക്കൊ മഡ്രീഡില്‍ നിന്ന് അല്‍വാരൊ മൊറാറ്റയെ അവര്‍ ടീമിലെടുത്തു. അത്‌ലറ്റിക്കോയില്‍ അല്‍വാരോയുടെ സ്ഥാനത്തേക്കാണ് ഇപ്പോള്‍ സോറസ് പരിഗണിക്കപ്പെടുന്നത്. 

Latest News