Sorry, you need to enable JavaScript to visit this website.

പട്ടാളക്കഥ വിട്ട് ലൗ സ്റ്റോറിയുമായി മേജർ രവി

പതിവ് പട്ടാള, കുറ്റാന്വേഷണ കഥകൾ വിട്ട് ഒരു നാടൻ പ്രണയ കഥയുമായി മേജർ രവി എത്തുന്നു. സുരേഷ് ഗോപിയും ആശാ ശരത്തും ജോടികളാവുന്ന ചിത്രത്തിന്റെ ഷൂട്ട് ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവ് വരുന്നതിനനുസരിച്ച് ആരംഭിക്കുമെന്നാണ് വിവരം.ഇതാദ്യമായാണ് മേജർ രവി ചിത്രത്തിൽ സുരേഷ് ഗോപി അഭിനയിക്കുന്നത്. മേജർ ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോർഡഴ്‌സ് എന്ന ചിത്രത്തിൽ ആശാ ശരത്ത് അഭിനയിച്ചിട്ടുണ്ട്.
ഇതിനകം മേജർ രവി സംവിധാനം ചെയ്ത പത്ത് ചിത്രങ്ങളിൽ ആറും പട്ടാള ചിത്രങ്ങളായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ തുടക്കം പട്ടാള സിനിമയായിരുന്നില്ല. പുനർജനി എന്ന കുടുംബ ചിത്രവുമായാണ് മേജർ സിനിമയിലേക്ക് കാൽവെക്കുന്നത്. പ്രണവ് മോഹൻലാലിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം. എന്നാൽ പിന്നീട് പട്ടാള ചിത്രങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്വയം ഒരു പട്ടാളക്കാരനായതു കൊണ്ടാവാം സിനിമാ ജീവിതത്തിലും പട്ടാളക്കഥകളോടായിരുന്നു അദ്ദേഹത്തിനു താൽപര്യം. അദ്ദേഹത്തിന്റെ മിക്ക പട്ടാള ചിത്രങ്ങളും വൻ ഹിറ്റുകളാവുകുയം ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ആ പാത ഒന്ന് മാറ്റുകയാണദ്ദേഹം.


പുതിയ ചിത്രത്തിന്റെ കഥ മേജർ രവിയുടേതു തന്നെയാണ്. നവാഗതരായ അനീഷും ഉപേഷുമാണ് തിരക്കഥ എഴുതിയത്. കഥ പറഞ്ഞു കേട്ടപ്പോൾ തന്നെ സുരേഷ് ഗോപിയും ആശാ ശരത്തും ചിത്രത്തിൽ അഭിനയിക്കാൻ സമ്മതമറിയിക്കുകയായിരുന്നു. 
സ്‌കൂൾ ജീവിതത്തിലെ രണ്ടു പേരുടെ പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. 34 വർഷത്തിനു ശേഷം അവർ വീണ്ടും കണ്ടുമുട്ടുന്നതാണ് ക്ലൈമാക്സ്. ചിത്രത്തിനു വേണ്ടി സ്‌കൂൾ കാലഘട്ടത്തിലെ കഥാപാത്രങ്ങൾക്കായി പുതുമുഖങ്ങളെ തേടുകയാണ് മേജർ രവി. ഇതിനായി കാസ്റ്റിംഗ് കാൾ നൽകിക്കഴിഞ്ഞു. ബി ത്രീ വിഷ്വൽ ആർട്‌സിന്റെ ബാനറിൽ ബിയോജ്, ബിനോജ്, ബിനോയ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. മേജർ രവിയുടെ മകൻ അർജുനനാണ് ക്യാമറ.

Latest News