Sorry, you need to enable JavaScript to visit this website.

അതുല്യ പോരാട്ടത്തിന് അരനൂറ്റാണ്ടിന് ശേഷം ആദരം

ന്യൂയോര്‍ക്ക് - സ്ത്രീ പുരുഷ സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന് ജീവന്‍ ഉഴിഞ്ഞുവെച്ച  ബില്ലി ജീന്‍ കിംഗിന് ഇന്റര്‍നാഷനല്‍ ടെന്നിസ് ഫെഡറേഷന്റെ ആദരം. ഫെഡറേഷന്‍ കപ്പിന്റെ പേര് ബില്ലി ജീന്‍ കിംഗ് കപ്പ് എന്നാക്കി. ഒരു വനിതയുടെ പേരിലുള്ള ലോകത്തിലെ ആദ്യത്തെ പ്രധാന ട്രോഫിയാവും ഇത്. ഈ അംഗീകാരത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ലെന്ന് എഴുപത്താറുകാരി പറഞ്ഞു.
വനിതാ പ്രൊഫഷനല്‍ ടെന്നിസ് അസോസിയേഷന്‍ തുടങ്ങാന്‍ കിംഗ് ശ്രമം നടത്തിയതിന്റെ അമ്പതാം വാര്‍ഷികമാണ് ഇത്. 
കിംഗും മറ്റ് എട്ടു പേരും വിര്‍ജീനിയ സ്ലിംസ് ടൂര്‍ ആരംഭിക്കുമ്പോള്‍ അവരുടെ കരിയര്‍ തന്നെ അപകടത്തിലായിരുന്നു. എന്നാല്‍ അവരുടെ ശ്രമം വിജയം കണ്ടു. 1973 ല്‍ വനിതാ ടെന്നിസ് അസോസിയേഷന്‍ (ഡബ്ല്യു.ടി.എ) തുടങ്ങി. ഇന്നത്തെ കളിക്കാര്‍ അനുഭവിക്കുന്ന തുല്യ പ്രൈസ് മണിക്കും പരസ്യ കരാറുകള്‍ക്കും വേണ്ടി ആദ്യം വാദിച്ചത് അവരായിരുന്നു. തങ്ങള്‍ സ്വപ്‌നം കണ്ട കാര്യങ്ങളാണ് ഇന്നത്തെ കളിക്കാര്‍ അനുഭവിക്കുന്നതെന്ന് കിംഗ് പറഞ്ഞു. ആറ് വിംബിള്‍ഡണ്‍ ഉള്‍പ്പെടെ 12 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട് അവര്‍. എന്നാല്‍ 1973 ലായിരുന്നു അവരുടെ ഏറ്റവും പ്രശസ്തമായ മത്സരം. സ്ത്രീ-പുരുഷ പോരാട്ടത്തില്‍ അമ്പത്തഞ്ചുകാരന്‍ ബോബി റിഗ്‌സിനെ 6-4, 6-3, 6-3 ന് കിംഗ് തോല്‍പിച്ചു. വനിതാ ടെന്നിസിന് അംഗീകാരം കിട്ടുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഈ മത്സരം ആയിരങ്ങളാണ് ടി.വിയില്‍ വീക്ഷിച്ചത്. 1963 ല്‍ പ്രഥമ ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്മാരായ അമേരിക്കന്‍ ടീമില്‍ അവര്‍ അംഗമായിരുന്നു.  അന്ന് 19 വയസ്സായിരുന്നു. കളിക്കാരിയായും കോച്ചായും 10 തവണ ഫെഡറേഷന്‍ കപ്പ് നേടി. ടൂര്‍ണമെന്റിന്റെ പ്രഥമ ആഗോള അംബാസഡറാണ്. 

Latest News