Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ ആദ്യമെത്തുക രാജസ്ഥാന്‍ റോയല്‍സ്

ന്യൂദല്‍ഹി - പതിമൂന്നാമത് ഐ.പി.എല്ലില്‍ പങ്കെടുക്കേണ്ട 21 ഓസ്‌ട്രേലിയന്‍ കളിക്കാരില്‍ 12 പേര്‍ക്ക് ആദ്യ ചില മത്സരങ്ങള്‍ നഷ്ടപ്പെടും. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ച് (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), വൈസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) തുടങ്ങിയവര്‍ ഇവരില്‍ പെടും. ഇംഗ്ലണ്ടില്‍ ട്വന്റി20, ഏകദിന പരമ്പരകള്‍ കളിക്കാനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഇവരെല്ലാവരുമുണ്ട്. ഐ.പി.എല്‍ തുടങ്ങുന്നതിന് മുമ്പെ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് പരമ്പര അവസാനിക്കും. എന്നാല്‍ ബി.സി.സി.ഐയുടെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ക്ക് ഇംഗ്ലണ്ടില്‍ നിന്ന് വന്ന് നേരെ ടീമിനൊപ്പം ചേരാനാവില്ല.
സീനിയര്‍ അസിസ്റ്റന്റ് കോച്ചായ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡിനു മാത്രം ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇളവ് നല്‍കി. രാജസ്ഥാന്‍ റോയല്‍സിന്റെ ചീഫ് കോച്ചെന്ന നിലയില്‍ മക്‌ഡൊണാള്‍ഡിന് ഇംഗ്ലണ്ടിലെ പരമ്പരയില്‍ പങ്കെടുക്കാതെ യു.എ.ഇയിലെത്താം.
ഫിഞ്ചിനും കമിന്‍സിനും വാണര്‍ക്കും പുറമെ ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെടുന്ന മറ്റു കളിക്കാര്‍ ഇവരൊക്കെയാണ് -സ്റ്റീവ് സ്മിത്ത്, ആന്‍ഡ്രൂ ടൈ (രാജസ്ഥാന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍ (പഞ്ചാബ് കിംഗ്‌സ് ഇലവന്‍), മിച്ചല്‍ മാര്‍ഷ് (ഹൈദരാബാദ്), ജോഷ് ഫിലിപ്, കെയ്ന്‍ റിച്ചാഡ്‌സന്‍ (ബാംഗ്ലൂര്‍), അലക്‌സ് കാരി, മാര്‍ക്കസ് സ്റ്റോയ്‌നിസ് (ദല്‍ഹി കാപിറ്റല്‍സ്), ജോഷ് ഹെയ്‌സല്‍വുഡ് (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്).
സെപ്റ്റംബര്‍ നാലിനാണ് ഓസീസ് ടീമിന്റെ ഇംഗ്ലണ്ടിലെ പരമ്പര തുടങ്ങുക. സെപ്റ്റംബര്‍ 16 ന് അവസാനിക്കും. സെപ്റ്റംബര്‍ 19 നാണ് ഐ.പി.എല്‍ ആരംഭിക്കുന്നത്. ഐ.പി.എല്ലിന്റെ ആരോഗ്യസുരക്ഷാ ചട്ടപ്രകാരം യു.എ.ഇയിലെത്തുന്ന എല്ലാവരും എയര്‍പോര്‍ടില്‍ പരിശോധനക്ക് വിധേയരാവണം. ഏഴ് ദിവസം ഹോട്ടലില്‍ ക്വാരന്റൈനില്‍ കഴിയണം. ഈ കാലയളവില്‍ മൂന്ന് തവണ കൂടി പരിശോധനക്ക് വിധേയരാവണം, ഒന്നാമത്തെയും മൂന്നാമത്തെയും ആറാമത്തെയും ദിനങ്ങളില്‍. മൂന്നു ഫലവും നെഗറ്റിവായാലേ പരിശീലനം തുടങ്ങാനാവൂ. പിന്നീട് ടൂര്‍ണമെന്റ് അവസാനിക്കുന്നതു വരെ ഓരോ അഞ്ച് ദിവസം കൂടുമ്പോഴും കളിക്കാരെ പരിശോധിക്കും.
ഇംഗ്ലണ്ടിലെ പരമ്പര ജൈവകവചത്തിലായതിനാല്‍ അതു കഴിഞ്ഞു വരുന്നവര്‍ക്ക് ക്വാരന്റൈനില്‍ ഇളവ് വേണമെന്ന് ഫ്രാഞ്ചൈസികള്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല. എന്നാല്‍ യു.എ.ഇ സര്‍ക്കാര്‍ കൂടി അംഗീകരിക്കുന്ന അന്തിമ ആരോഗ്യസുരക്ഷാ ചട്ടം വരുന്നതുവരെ ഫ്രാഞ്ചൈസികള്‍ പ്രതീക്ഷയിലാണ്.
ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് പരമ്പര ബാധിക്കാത്ത ഏക ഐ.പി.എല്‍ ഫ്രാഞ്ചൈസി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ്. ടീമില്‍ രണ്ട് ഓസ്‌ട്രേലിയക്കാരുണ്ട് -നാഥന്‍ കൂള്‍ടര്‍ നൈലും ക്രിസ് ലിന്നും. ഇരുവരെയും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പെടുത്തിയിട്ടില്ല. ഈ മാസം 18 ന് ആരംഭിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനൊരുങ്ങുകയാണ് ലിന്‍.
രാജസ്ഥാന്‍ റോയല്‍സ് ടീമായിരിക്കും യു.എ.ഇയില്‍ ആദ്യമെത്തുക. മിക്കവാറും ഈ മാസം 20 ന്. കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡും ടീമിനൊപ്പം ചേരും. രാജസ്ഥാന് മുന്‍ഗണന നല്‍കുമെന്ന നിബന്ധനയോടെയാണ് മക്‌ഡൊണാള്‍ഡ് ഓസ്‌ട്രേലിയയുടെ കോച്ചിംഗ് ടീമിന്റെ ഭാഗമായത്. കോച്ചെന്ന നിലയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് അതുപകരിക്കുമെന്ന വിശ്വാസത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. അത് രാജസ്ഥാനും ഗുണമായി. അവരുടെ ഫീല്‍ഡിംഗ് കോച്ച് ദിഷാന്ത് യാഗ്‌നിക് കോവിഡ് ബാധിതനാണ്. തുടര്‍ച്ചയായ രണ്ട് പരിശോധനകളില്‍ നെഗറ്റിവായാലേ യാഗ്‌നിക്കിന് യു.എ.ഇയിലേക്ക് പുറപ്പെടാനാവൂ. യു.എ.ഇയിലെത്തിയാല്‍ ആറു ദിവസം ഐസൊലേഷനില്‍ കഴിയുകയും വേണം.  

 

Latest News