Sorry, you need to enable JavaScript to visit this website.

സൗരവ്, ജയ് ഷാ തല്‍ക്കാലം തുടരും

ന്യൂദല്‍ഹി - ബി.സി.സി.ഐ ഭാരവാഹികളെന്ന നിലയില്‍ പതിമൂന്നാമത് ഐ.പി.എല്ലിന് ചുക്കാന്‍ പിടിക്കാന്‍ സൗരവ് ഗാംഗുലിക്കും ജയ് ഷാക്കും സുപ്രീം കോടതിയുടെ കൈത്താങ്ങ്. ചട്ടമനുസരിച്ച് ഇരുവരും പദവികളില്‍ തുടരാന്‍ അര്‍ഹരല്ല. ക്രിക്കറ്റ് പദവികളില്‍ ആറു വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇപ്പോഴത്തെ പദവികളില്‍ അതിന്റെ കാലാവധി അവസാനിക്കുന്നതു വരെ തുടരാന്‍ അനുവദിക്കണമെന്ന ഇരുവരുടെയും അഭ്യര്‍ഥന തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കേണ്ടതായിരുന്നു. കോടതിയുടെ തന്നെ നിര്‍ദേശപ്രകാരം നടപ്പില്‍ വരുത്തിയ ചട്ടമെന്ന നിലയില്‍ അഭ്യര്‍ഥന തള്ളുമെന്നാണ് ന്യായമായും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച വാദം കേള്‍ക്കില്ലെന്നാണ് സൂചന.
കോടതി നിലപാട് ഇരുവര്‍ക്കും വലിയ ആശ്വാസമായി. ചൊവ്വാഴ്ച ഐ.പി.എല്ലിന്റെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ബി.സി.സി.ഐ. ഇരുവരുടെയും അഭ്യര്‍ഥന ജൂലൈ 22 ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയും എല്‍. നാഗേശ്വര റാവുവുമടങ്ങുന്ന ബെഞ്ചാണ് പരിഗണിച്ചത്. വിചാരണ അവര്‍ ഈ മാസം 17 ന് നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വരെ കേസ് പരിഗണനക്ക് വെച്ചിട്ടില്ല. ഭരണഘടനയില്‍ കാതലായ മാറ്റമാണ് ബി.സി.സി.ഐ അഭ്യര്‍ഥിക്കുന്നത്. അത് അംഗീകരിച്ചാല്‍ സുപ്രീം കോടതിയുടെ തന്നെ മേല്‍നോട്ടത്തില്‍ തയാറാക്കിയ ഭരണഘടനാ നിര്‍ദേശങ്ങളില്‍ മിക്കതിലും വെള്ളം ചേര്‍ക്കപ്പെടും.
ക്രിക്കറ്റ് ഭരണസമിതികളില്‍ തുടര്‍ച്ചയായി ആറു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഒരു പദവിയും വഹിക്കരുതെന്നാണ് പുതിയ ചട്ടം. സൗരവ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലും ജയ് ഷാ ഗുജറാത്ത് അസോസിയേഷനിലും ദീര്‍ഘകാലമായി പദവികള്‍ വഹിക്കുന്നുണ്ടായിരുന്നു.
ഇരുപതോളം ജഡ്ജിമാര്‍ വാദം കേട്ട ശേഷമാണ് മൂന്നംഗ ബെഞ്ച് ഭരണഘടനാ ഭേദഗതികള്‍ രണ്ടു വര്‍ഷം മുമ്പ് അംഗീകരിച്ചത്. അത് രണ്ടംഗ ബെഞ്ചിന് തിരുത്താനാവില്ല. മൂന്ന് മുന്‍ ചീഫ് ജസ്റ്റിസുമാരെ തിരുത്തുന്നതായിരിക്കും ആ വിധി. അത് സുപ്രീം കോടതിക്ക് തന്നെ അപമാനമാവും. ഈ സാഹചര്യത്തില്‍ കേസ് ഇപ്പോള്‍ പരിഗണിക്കാത്തത് ഇരുവര്‍ക്കും പിന്‍വാതിലിലൂടെ തുടരാന്‍ വഴിയൊരുക്കും. പെട്ടെന്നൊന്നും കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി താല്‍പര്യം കാണിക്കില്ലെന്നും കേസ് ഇഴഞ്ഞുനീങ്ങുമെന്നും ഒരു മുതിര്‍ന്ന അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. 2018 ഒക്ടോബര്‍ മുതല്‍ 33 തവണ ചീഫ് ജസ്റ്റിസ് ബോബ്‌ഡെയുടെ കോടതിയില്‍ ബി.സി.സി.ഐയുടെ അഭ്യര്‍ഥന എത്തി. 10 തവണ മാത്രമാണ് വാദം കേട്ടത്. പ്രധാന വിധികളൊന്നുമുണ്ടായില്ല. തങ്ങള്‍ക്ക് തോന്നിയ പോലെ ചട്ടങ്ങള്‍ വ്യാഖ്യാനിക്കാനുള്ള സൗകര്യമാണ് ഇത് ബി.സി.സി.ഐക്ക് പ്രദാനം ചെയ്തത്. അങ്ങനെ ചട്ടങ്ങള്‍ വ്യാഖ്യാനിച്ചാണ് കാലാവധി കഴിഞ്ഞിട്ടും സൗരവ് അധ്യക്ഷ സ്ഥാനത്തും ജയ് ഷാ സെക്രട്ടറി സ്ഥാനത്തും തുടരുന്നത്. സൗരവിനെയും ജയ് ഷായെയും ഭാരവാഹികളാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുണ്ട്.  
ലോധ കമ്മീഷന്‍ നിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ത്ത് സൗരവും ജയ് ഷായും തുടരുന്നതിനെതിരെ വ്യാഴാഴ്ച ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി നരേഷ് മകാനി കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കി.
 

Latest News