Sorry, you need to enable JavaScript to visit this website.

ഗ്രെയ്റ്റസ്റ്റ് ഫിനിഷര്‍, സ്റ്റൈലായി ഫിനിഷിംഗ്

ചെന്നൈ - ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍മാരിലൊരാളാണ് ഏതു സമ്മര്‍ദ്ദത്തിലും ഐസ് കൂളായി കളിക്കുന്ന മഹേന്ദ്ര സിംഗ് ധോണി. ഐ.സി.സിയുടെ മൂന്ന് പ്രധാന ട്രോഫികളും ഉയര്‍ത്തിയ ലോകത്തെ ഒരു ഒരു നായകനാണ് -ലോകകപ്പും (2011) ട്വന്റി20 ലോകകപ്പും (2007) ചാമ്പ്യന്‍സ് ട്രോഫിയും (2017). 2019 ലെ ലോകകപ്പ് സെമിയില്‍ ന്യൂസിലാന്റിനെതിരെയാണ് അവസാനമായി ഇന്ത്യന്‍ കുപ്പായമിട്ടത്.
ഇന്‍സ്റ്റഗ്രാമിലാണ് മുപ്പത്തൊമ്പതുകാരന്‍ നാടകീയമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. കരിയറിലെ പ്രധാന നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രങ്ങള്‍ ഗായകന്‍ മുകേഷിന്റെ സൗണ്ട്ട്രാക്കോടെ പോസ്റ്റ് ചെയ്ത ശേഷം നന്ദി എന്ന് അടിക്കുറിപ്പെഴുതുകയായിരുന്നു. 1929 മണിക്കൂറുകളിലുടനീളം നല്‍കിയ പിന്തുണക്കും സ്‌നേഹത്തിനും നന്ദി. ഞാന്‍ വിരമിച്ചതായി കരുതാം -ധോണി എഴുതി.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നാണ് വിരമിച്ചതെന്ന് വിശദീകരണമില്ലെങ്കിലും ഐ.പി.എല്ലില്‍ കളിക്കാനൊരുങ്ങുകയാണ് ധോണി.
2019 ജൂലൈയിലെ ന്യൂസിലാന്റിനെതിരായ ലോകകപ്പ് സെമി ധോണിയുടെ മുന്നൂറ്റമ്പതാം ഏകദിനമായിരുന്നു. 72 പന്തില്‍ 50 റണ്‍സെടുത്ത ധോണി ആ തോല്‍വിക്ക് കാരണക്കാരന്‍ കൂടിയായിരുന്നു. അതിനു ശേഷം ഒരു ഔദ്യോഗിക മത്സരവും കളിച്ചിട്ടില്ല. 350 ഏകദിനത്തിനു പുറമെ 90 ടെസ്റ്റും 98 ട്വന്റി20 യും കളിച്ചിട്ടുണ്ട്. പതിനയ്യായിരത്തിലേറെ റണ്‍സും 16 സെഞ്ചുറികളും വിക്കറ്റ്കീപ്പറെന്ന നിലയില്‍ എണ്ണൂറിലേറെ ഇരകളുമുണ്ട് ധോണിക്ക്.
എന്നാല്‍ താഴെത്തട്ടില്‍ നിന്ന് ഉയരങ്ങളിലെത്തിയ, ഏതു പ്രതിസന്ധിയിലും ശാന്തത സൂക്ഷിക്കുന്ന, സ്വയം വെള്ളിവെളിച്ചം ആഗ്രഹിക്കാത്ത ഒരു കളിക്കാരനെന്ന നിലയിലാണ് ധോണി ഓര്‍മിക്കപ്പെടുക. സിക്‌സറോടെ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയതിലൂടെ ധോണി ഇത് തെളിയിച്ചു, 2011 ലെ ലോകകപ്പ്. ആര്‍ക്കും പ്രവചിക്കാനാവാത്തതായിരുന്നു ധോണിയുടെ ക്യാപ്റ്റന്‍സി ശൈലി. 2007 ലെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ അവസാന ഓവര്‍ എറിയാന്‍ നിശ്ചയിച്ചത് അത്ര പ്രമുഖനല്ലാത്ത ജോഗീന്ദര്‍ ശര്‍മയെയായിരുന്നു, അത് വിജയം കണ്ടു.

Latest News