Sorry, you need to enable JavaScript to visit this website.

കാലഘട്ടത്തിന്റെ അന്ത്യം, ബാഴ്‌സലോണ തരിപ്പണം

മഡ്രീഡ് - ബാഴ്‌സലോണക്ക് യൂറോപ്പിലെ അവരുടെ ഏറ്റവും വലിയ പരാജയം സമ്മാനിച്ച് ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. 8-2 ന്റെ കനത്ത തോല്‍വി കോച്ച് ക്വികെ സെതിയേന്റെ കോച്ചിംഗ് കാലത്തിന് അന്ത്യം കുറിക്കുമെന്നുറപ്പ്. ഈ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ബാഴ്‌സലോണക്കും സാധിക്കണമെന്നില്ല. എട്ടു മാസത്തിനിടെ രണ്ട് കോച്ചുമാരെ പുറത്താക്കേണ്ട ഗതികേടിലാണ് പഴയ വമ്പന്മാര്‍. ഒരു ട്രോഫിയുമില്ലാതെയാണ് ഈ സീസണ്‍ ബാഴ്‌സലോണ പൂര്‍ത്തിയാക്കുക.
ബയേണിന്റെ നിര്‍ദയമായ ആക്രമണങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബാഴ്‌സലോണയുടെ വയസ്സന്‍ പടക്കു സാധിച്ചില്ല. ലിയണല്‍ മെസ്സിയെ കൊണ്ട് മാത്രം തടുത്തുനിര്‍ത്താവുന്നതായിരുന്നില്ല അവര്‍ സൃഷ്ടിച്ച ആക്രമണത്തിരമാലകള്‍. നാലാം മിനിറ്റില്‍ ബാഴ്‌സലോണ വലയില്‍ ആദ്യ ഗോള്‍ വീണു. എണ്‍പത്തൊമ്പതാം മിനിറ്റ് വരെ അത് തുടര്‍ന്നു. തങ്ങള്‍ ലോണിന് ബയേണിന് സമ്മാനിച്ച ഫിലിപ് കൗടിഞ്ഞൊ പകരക്കാരനായിറങ്ങി രണ്ടു ഗോളടിച്ചതോടെ ബാഴ്‌സലോണയുടെ നാണക്കേട് പൂര്‍ണായി.
രണ്ടു ഗോളാണ് ബാഴ്‌സ നേടിയത്. അതിലൊന്ന് ഏഴാം മിനിറ്റില്‍ ഡാവിഡ് ആലബയുടെ സെല്‍ഫ് ഗോളാണ്. രണ്ടാമത്തേത് ലൂയിസ് സോറസിന്റെ വകയും. തോമസ് മുള്ളര്‍ ഇരട്ട ഗോളടിച്ചതോടെ ഇടവേളയില്‍ ബയേണ്‍ 4-1 ന് മുന്നിലെത്തി. ഇവാന്‍ പെരിസിച്, സെര്‍ജി ഗനാബ്രി എന്നിവരും സ്‌കോര്‍ ചെയ്തു. ഇടവേളക്കു ശേഷം സോറസ് ഗോളടിച്ചതോടെ ബാഴ്‌സലോണക്ക് തിരിച്ചുവരവിന്റെ പ്രതീക്ഷയുണര്‍ന്നു. എന്നാല്‍ ജോഷ്വ കിമിക്കിന്റെയും റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുടെയും കൗടിഞ്ഞോയുടെയും ഗോളുകളില്‍ ആ സ്വപ്‌നം ബയേണ്‍ മണ്ണിട്ടു മൂടി.
മെസ്സിക്ക് 33 വയസ്സായി, ലൂയിസ് സോറസിനും പിക്വെക്കും മുപ്പത്തിമൂന്നും. സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സിനും ജോര്‍ദി ആല്‍ബക്കും 31 വയസ്സായി. ഈ ബാഴ്‌സലോണ ടീം ഇനിയധികമുണ്ടാവില്ല.

 

Latest News