Sorry, you need to enable JavaScript to visit this website.

ഉയ്ഗൂര്‍ മുസ്‌ലിംകളോട് വിവേചനം, ആഞ്ഞടിച്ച് ഓസില്‍

ലണ്ടന്‍ - ഉയ്ഗൂര്‍ മുസ്‌ലിംകളെ ചൈന പീഡിപ്പിക്കുന്നതിനെതിരെ താന്‍ നടത്തിയ പരാമര്‍ശത്തെ ആഴ്‌സനല്‍ പിന്തുണച്ചില്ലെന്ന് ജര്‍മന്‍ താരം മെസുത് ഓസില്‍ ആഞ്ഞടിച്ചു. കഴിഞ്ഞ വര്‍ഷമാണ് ആഴ്‌സനല്‍ താരം ചൈനയുടെ നയത്തെ പരസ്യമായി വിമര്‍ശിച്ചത്. ഓസിലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും രാഷ്ട്രീയത്തില്‍ ആഴ്‌സനല്‍ ഇടപെടാറില്ലെന്നും അന്ന് ആഴ്‌സനല്‍ ചൈനീസ് സോഷ്യല്‍ മീഡിയ വെയ്ബോയില്‍ പ്രസ്താവന ഇറക്കി. എന്നാല്‍ സമീപകാലത്ത് വംശീയവൈരത്തിനെതിരെ കറുത്ത വര്‍ഗക്കാരെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കളിക്കാര്‍ പരസ്യമായി പിന്തുണക്കുന്നുണ്ട്.
ഏതു മതക്കാരായാലും എല്ലാവരും ഒന്നാണെന്നും തന്റെ നിലപാട് ചൈനീസ് ജനതക്കെതിരായിരുന്നില്ലെന്നും ഓസില്‍ വിശദീകരിച്ചു. ഉയ്ഗൂര്‍ മുസ്‌ലിംകളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെയായിരുന്നു ശബ്ദിച്ചത്. അവരെ മുസ്‌ലിം രാജ്യങ്ങള്‍ പോലും സഹായിക്കുന്നില്ല. ആഴ്‌സനലിന് വേണ്ടി കളിക്കളത്തിലും പുറത്തും ഒരുപാട് സ്വയം സമര്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടും തന്നെ പിന്തുണക്കാത്തത് നിരാശയുണ്ടാക്കി. കറുത്ത വര്‍ഗക്കാരെ ക്ലബ് പിന്തുണക്കുന്നത് സന്തോഷകരമാണ്. മുസ്‌ലിം ജീവനും വിലയുണ്ടെന്ന് ആഴ്‌സനല്‍ പറഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചു പോവുന്നു -ഓസില്‍ വിശദീകരിച്ചു.
മൈക്കില്‍ ആര്‍ടേറ്റ കോച്ചായി വന്ന ശേഷം ഓസിലിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കിട്ടാറില്ല.
 

Latest News