Sorry, you need to enable JavaScript to visit this website.

യൂറോപ്പ കപ്പില്‍ സൂപ്പര്‍ സെമി

കൊളോണ്‍ - യൂറോപ്പിലെ രണ്ടാം നിര ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റായ യൂറോപ്പ കപ്പില്‍ മുന്‍ ചാമ്പ്യന്മാരുടെ സെമി ഫൈനല്‍. സെവിയയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആദ്യ സെമിയില്‍ മുഖാമുഖം വരും. അഞ്ചു തവണ ചാമ്പ്യന്മാരായ ടീമാണ് സെവിയ. ഞായറാഴ്ചയാണ് ഈ മത്സരം. ഇന്റര്‍ മിലാന്‍ തിങ്കളാഴ്ച ഉക്രൈനിലെ ശാഖ്തര്‍ ഡോണറ്റ്‌സ്‌കുമായി ഏറ്റുമുട്ടും. ഒറ്റപ്പാദമായാണ് മത്സരങ്ങള്‍ പുരോഗമിക്കുന്നത്.  
കളി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ലുക്കാസ് ഓകംപോസ് നേടിയ ഹെഡര്‍ ഗോളില്‍ സെവിയ 1-0 ന് വുള്‍വര്‍ഹാംപ്റ്റനെ തോല്‍പിച്ചു. തുടക്കത്തില്‍ കിട്ടിയ പെനാല്‍ട്ടി റൗള്‍ ജിമെനസ് പാഴാക്കിയതോടെ വുള്‍വര്‍ഹാംപ്റ്റന് ആത്മവീര്യം നഷ്ടപ്പെടുകയായിരുന്നു. ക്രമേണ സെവിയ നിയന്ത്രണമേറ്റെടുത്തു. വുള്‍വറിന്റെ പെനാല്‍ട്ടി ഏരിയക്ക് ചുറ്റുമായി അവര്‍ നിരവധി ഫ്രീകിക്കുകള്‍ നേടിയെടുത്തു. എന്നാല്‍ ഗോളിനായി 88 ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. എഡര്‍ ബനേഗയുടെ കോര്‍ണറാണ് ഓകംപോസ് ബുള്ളറ്റ് ഹെഡറിലൂടെ വലയിട്ടു കുലുക്കിയത്.
അഡാമ ട്രവോരെയുടെ അസാധാരണ വേഗമാണ് വുള്‍വ്‌സിന്റെ പെനാല്‍ട്ടിക്കു കാരണം. ട്രവോരെയെ പിന്നില്‍ നിന്ന് ഡിയേഗൊ കാര്‍ലോസ് ചവിട്ടി വീഴ്ത്തി. ജിമെനെസ് പെനാല്‍ട്ടി കിക്ക് മധ്യത്തിലൂടെയാണ് പായിച്ചത്. ഗോളി യാസീന്‍ ബൂണോ അത് തട്ടിത്തെറിപ്പിച്ചു. ഏറ്റവും നേരത്തെ യൂറോപ്പ ലീഗ് ആരംഭിച്ച ടീമുകളിലൊന്നാണ് വുള്‍വര്‍. അവരുടെ പ്രാഥമിക യോഗ്യതാ റൗണ്ട് 2019 ജൂലൈ 25 നായിരുന്നു.
യുനൈറ്റഡ് എക്‌സ്ട്രാ ടൈം ഗോളില്‍ കോപന്‍ഹാഗനെ തോല്‍പിച്ചാണ് സെമിയിലെത്തിയത്.
നാല് ബ്രസീല്‍ ഗോള്‍
ശാഖ്തര്‍ 4-1 ന്  സ്വിസ് ടീം ബാസലിനെ തോല്‍പിച്ചു. നാല് ബ്രസീല്‍ കളിക്കാര്‍ ശാഖ്തറിനു വേണ്ടി സ്‌കോര്‍ ചെയ്തു. ജൂനിയര്‍ മൊറായ്‌സ് രണ്ടാം മിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ടു. ബ്രസീലില്‍ ജനിച്ച മൊറായ്‌സ് ഇപ്പോള്‍ ഉക്രൈന്‍ പൗരനാണ്. ഇരുപത്തിരണ്ടാം മിനിറ്റില്‍ മനോഹരമായ നീക്കത്തിനൊടുവില്‍ ടൈസന്‍ ലീഡുയര്‍ത്തി. എഴുപത്തഞ്ചാം മിനിറ്റില്‍ അലന്‍ പാട്രിക്കിന്റെ പെനാല്‍ട്ടി ശാഖ്തറിന്റെ വിജയമുറപ്പിച്ചു. റൈറ്റ് ബാക്ക് ഡോഡോയാണ് നാലാമത്തെ ഗോള്‍ നേടിയത്. ബയര്‍ ലെവര്‍കൂസനെ 2-1 നാണ് ഇന്റര്‍ മിലാന്‍ തോല്‍പിച്ചത്.

 

Latest News