Sorry, you need to enable JavaScript to visit this website.

ലോകകപ്പ് യോഗ്യതാ റൗണ്ട് വീണ്ടും നീട്ടി

ജനീവ - 2022 ലെ ലോകകപ്പ് ഫുട്‌ബോളിനുള്ള ഏഷ്യയിലെ യോഗ്യതാ റൗണ്ട് വീണ്ടും നീട്ടി. മാര്‍ച്ചിലും ജൂണിലും നടക്കേണ്ട കളികള്‍ ആദ്യം നീട്ടിവെച്ചിരുന്നു. ആ കളികള്‍ 2021 ലേക്കാണ് വീണ്ടും നീട്ടിയിരിക്കുന്നതെന്ന് ഫിഫയും എ.എഫ്.സിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ അടുത്ത വര്‍ഷം കളികളുടെ മഹാപ്രളയത്തിലേക്കാണ് ലോക ഫുട്‌ബോള്‍ നീങ്ങുന്നത്.
ഏഷ്യയില്‍ 40 രാജ്യങ്ങള്‍ക്ക് ലോകകപ്പ് പ്രതീക്ഷ ബാക്കിയുണ്ട്. ഇപ്പോഴത്തെ ഘട്ടം പിന്നിടാന്‍ ഓരോ ടീമും മൂന്നോ നാലോ റൗണ്ട് മത്സരങ്ങള്‍ കൂടി കളിക്കേണ്ടതുണ്ട്. 2020 ല്‍ ഒരു യോഗ്യതാ മത്സരം പോലും നടത്താനായില്ല. 2022 ജൂണില്‍ മാറ്റി വെച്ച ദിനങ്ങള്‍ ഇതോടെ നിര്‍ണായകമാവും. ജൂണിലാണ് സാധാരണ ലോകകപ്പ് നടക്കാറ്. എന്നാല്‍ ഖത്തറിലെ ചൂട് പരിഗണിച്ച് ടൂര്‍ണമെന്റ് നവംബര്‍, ഡിസംബറിലേക്ക് മാറ്റുകയായിരുന്നു.     
ഈ വര്‍ഷം നടക്കേണ്ട യൂറോ കപ്പും കോപ അമേരിക്കയും ഒളിംപിക്‌സും അടുത്ത വര്‍ഷത്തേക്ക നീട്ടിവെച്ചിരിക്കുകയാണ്. അതിന്റെ കൂടെയാണ് കൂടുതല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കൂടി വരുന്നത്. ലാറ്റിനമേരിക്കയില്‍ ഇതുവരെ ലോകകപ്പ് യോഗ്യതാ റൗണ്ട് ആരംഭിച്ചിട്ടില്ല. മിക്ക ലാറ്റിനമേരിക്കന്‍ കളിക്കാരും യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്നവരാണ്. അതിനാല്‍ അവരെ വിട്ടുകൊടുക്കാന്‍ ക്ലബ്ബുകള്‍ വൈമനസ്യം കാട്ടും.
ഏഷ്യയില്‍ നിന്ന് നാല് ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടുക. അഞ്ചാമതെത്തുന്ന ടീമിന് പ്ലേഓഫ് കളിക്കാം. ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ 2023 ലെ ഏഷ്യന്‍ കപ്പിനുള്ള ടീമുകളെ കൂടി കണ്ടെത്താനുള്ളതാണ്. എട്ട് ഗ്രൂപ്പുകളിലായാണ് ഇപ്പോഴത്തെ റൗണ്ട് പുരോഗമിക്കുന്നത്. എട്ട് ഗ്രൂപ്പ് ചാമ്പ്യന്മാരും നാല് മികച്ച രണ്ടാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക മുന്നേറും. അതില്‍ നിന്നാണ് നാല് ടീമുകളെ കണ്ടെത്തുക. സിറിയ അഞ്ചു കളികളും ജപ്പാനും ഓസ്‌ട്രേലിയയും നാലു വീതം മത്സരങ്ങളും ജയിച്ചു. തെക്കന്‍ കൊറിയ അവരുടെ ഗ്രൂപ്പില്‍ താജിക്കിസ്ഥാനു പിറകിലാണ്. അഞ്ച് കളികളില്‍ മൂന്ന് സമനിലയും രണ്ട് തോല്‍വിയുമായി ഗ്രൂപ്പ് ഇ-യില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.
 

Latest News