Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാരനെ രക്ഷിച്ചത് ഫേസ്ബുക്ക്‌

ഫേസ്ബുക്കിന്റെയും രണ്ട് സംസ്ഥാനങ്ങളിലെ പോലീസിന്റെയും സമയോചിത ഇടപെടലിലൂടെ 27കാരനായ ഇന്ത്യൻ യുവാവിനെ ആത്മഹത്യയിൽനിന്ന് രക്ഷിച്ചു. അയർലൻഡിലെ ഫേസ്ബുക്ക് സ്റ്റാഫാണ് യഥാസമയം വിവരം കൈമാറിയത്.


ലോക്ഡൗൺ കാരണം വരുമാനം നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായതാണ് യുവാവിനെ ആത്മഹത്യയുടെ വക്കിലെത്തിച്ചത്.  ജീവനൊടുക്കാനുളള തയാറെടുപ്പുകൾ ഇയാൾ ഫേസ്ബുക്കിൽ വീഡിയോ ആയി പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഫേസ് ബുക്ക് സ്റ്റാഫ് ദൽഹി പോലീസുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് യുവാവിനെ  കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു. 
ഒരു സ്ത്രീയുടെ നമ്പറാണ് യുവാവ് ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. ഈ ഫോൺ നമ്പർ കണ്ടുപിടിച്ച് പോലീസ് എത്തിയപ്പോൾ  രണ്ടാഴ്ച മുൻപ് മുംബൈയിലേക്ക് പോയ ഭർത്താവാണ് ഈ നമ്പർ ഉപയോഗിച്ച്  അക്കൗണ്ട് ക്രിയേറ്റ് ചെയ്തതെന്ന് യുവതി വ്യക്തമാക്കി. മുംബൈയിലെ ഒരു ചെറിയ ഹോട്ടലിൽ പാചകക്കാരനായാണ് യുവാവ് ജോലി ചെയ്യുന്നതെന്നും യുവതി അറിയിച്ചു. 


ഇയാളുടെ ഫോൺ നമ്പർ യുവതിയുടെ കൈവശമുണ്ടായിരുന്നു. പക്ഷേ താമസിക്കുന്ന സ്ഥലം അറിയില്ലായിരുന്നു. ദൽഹി പോലീസ് മുംബൈ സൈബർ സെൽ കമ്മീഷണറുമായി ബന്ധപ്പെട്ടു. 
രാത്രി 11 മണിക്കാണ് ദൽഹി പോലീസിൽനിന്ന് മുംബൈ സൈബർ സെല്ലിന് ഫോൺകോൾ ലഭിക്കുന്നത്. പിന്നാലെതന്നെ മുംബൈ പോലീസ് യുവാവിനെ തേടിയിറങ്ങി. 12.30ന് മുൻപ് മരിക്കുമെന്നാണ് ഇയാൾ വീഡിയോയിൽ പറഞ്ഞിരുന്നത്. യുവാവിന്റെ അമ്മയോട്  വാട്‌സ്ആപ്പ് വീഡിയോ കോൾ ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടു. ഇത് വെച്ച് ലൊക്കേഷൻ കണ്ടുപിടിക്കാനായിരുന്നു പോലീസിന്റെ പദ്ധതി.

എന്നാൽ ഒരു  ബെല്ലിന് ശേഷം ഫോൺ ഡിസ്‌കണക്ടായി. പിന്നാലെ യുവാവ് മറ്റൊരു നമ്പറിൽനിന്ന് അമ്മയെ വിളിച്ചു. നമ്പറും ലൊക്കേഷനും കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ ഒരു മണിക്കൂറോളം ഇയാളോട് നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. പതിനൊന്നരയോടെ പോലീസ് സംഘം ഇയാളുടെ സമീപമെത്തി.
ലോക്ഡൗൺ കാരണം സാമ്പത്തിക പ്രതിസന്ധിയിലായതും കുഞ്ഞിനെ എങ്ങനെ നോക്കുമെന്ന ചിന്തയുമാണ് തന്നെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാൻ  പ്രേരിപ്പിച്ചതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.

 

Latest News