Sorry, you need to enable JavaScript to visit this website.

വെങ്കിയുടെ പാതയില്‍ അനന്തന്‍

ദുബായ് - മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ എസ്. വെങ്കിട്ടരാഘവന്റെ പാത പിന്തുടര്‍ന്ന് മുന്‍ കേരളാ ലെഗ്‌സ്പിന്നര്‍ കെ.എന്‍. അനന്തപദ്മനാഭനെ ഐ.സി.സി അമ്പയറിംഗ് പാനലിലേക്ക്. അമ്പയര്‍മാരുടെ ഐ.സി.സി ഇന്റര്‍നാഷനല്‍ പാനലിലേക്ക് അനന്തനെ തെരഞ്ഞെടുത്തു. 73 ടെസ്റ്റുകള്‍ കളിച്ച വെങ്കിട്ടരാഘവന്‍ 2002 ല്‍ ഐ.സി.സി മികച്ച എട്ട് അമ്പയര്‍മാരെ ഉള്‍പെടുത്തി എലീറ്റ് പാനലിനെ ആദ്യമായി തെരഞ്ഞെടുത്തപ്പോള്‍ അതില്‍ അംഗമായിരുന്നു. 2004 ല്‍ വിരമിക്കുന്നതു വരെ എലീറ്റ് പാനലില്‍ തുടര്‍ന്നു. എലീറ്റ് പാനലിലും താഴെയാണ് ഇന്റര്‍നാഷനല്‍ പാനല്‍. മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ കുമാര്‍ ധര്‍മസേന ഇപ്പോള്‍ എലീറ്റ് പാനല്‍ അമ്പയറാണ്. എലീറ്റ് പാനലിലെ മറ്റൊരു അമ്പയറായ പോള്‍ റീഫല്‍ 35 ടെസ്റ്റും 92 ഏകദിനങ്ങളും കളിച്ച ഓസ്‌ട്രേലിയയുടെ പെയ്‌സ്ബൗളറായിരുന്നു.

ഇന്റര്‍നാഷനല്‍ പാനലിലെ നാലാമത്തെ ഇന്ത്യന്‍ അമ്പയറായി അനന്തന്‍. നിതിന്‍ മേനോന്‍ ഐ.സി.സി എലീറ്റ് പാനലിലേക്ക് സ്ഥാനക്കയറ്റം നേടിയ ഒഴിവിലാണ് അനന്തനെ ഇന്റര്‍നാഷനല്‍ പാനലിലേക്ക് തെരഞ്ഞെടുത്തത്.
സി. ശംസുദ്ദീന്‍, അനില്‍ ചൗധരി, വീരേന്ദര്‍ ശര്‍മ എന്നിവരാണ് ഇന്റര്‍നാഷനല്‍ പാനലിലെ മറ്റ് ഇന്ത്യന്‍ അമ്പയര്‍മാര്‍. അനന്തന്‍ ഐ.പി.എല്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ഏതാണ്ടെല്ലാ ആഭ്യന്തര മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ലയണ്‍സിന്റെ ഒരു കളിയിലും അമ്പയറായി. വനിതകളുടെ ലിസ്റ്റ് എ, ട്വന്റി20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.
1988 മുതല്‍ 2004 വരെ സീസണുകളില്‍ കേരളത്തിനു വേണ്ടി 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അനന്തപദ്മനാഭന് 344 വിക്കറ്റെടുത്തിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെത്താനാവാതെ പോയത് അനില്‍ കുംബ്ലെയുടെ സാന്നിധ്യം കാരണമാണ്. രഞ്ജി ട്രോഫിയില്‍ 2000 റണ്‍സും 200 വിക്കറ്റും തികച്ച ആദ്യ മലയാളിയാണ്. 1998 ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ എ-ക്കു വേണ്ടി കളിച്ച അനന്തന്‍ എതിര്‍ നായകന്‍ സ്റ്റീവ് വോ, റിക്കി പോണ്ടിംഗ്, ഡാരന്‍ ലേമന്‍ എന്നിവരുടെ വിക്കറ്റുകളെടുത്തു. അതോടെ ഇന്ത്യന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. കളിക്കാരനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിലെത്താനായില്ലെങ്കിലും അമ്പയറെന്ന നിലയില്‍ അതിനപ്പുറത്തുള്ള അംഗീകാരം അനന്തനെ തേടിയെത്തി.
ഈ അവസരത്തിനു വേണ്ടി താന്‍ കാത്തിരിക്കുകയായിരുന്നു അമ്പതുകാരന്‍ പറഞ്ഞു. ദീര്‍ഘകാലമായി ഈ അംഗീകാരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അതു ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ലെഗ്‌സ്പിന്നര്‍ അനില്‍ കുംബ്ലെ ടീമിലുണ്ടായിരുന്നതിനാല്‍ ഇന്ത്യന്‍ കുപ്പായമിടാനുള്ള എന്റെ സ്വപ്നം നിറവേറിയില്ല. കഴിവുകള്‍ തേച്ചുമിനുക്കാന്‍ ഐ.സി.സി തനിക്ക് ഒരുപാട് അവസരങ്ങള്‍ തന്നുവെന്നും വരാനിരിക്കുന്ന ഇന്റര്‍നാഷനല്‍ മത്സരങ്ങളില്‍ താനുണ്ടാവുമെന്നും അനന്തപദ്മനാഭന്‍ പറഞ്ഞു.

 

Latest News