Sorry, you need to enable JavaScript to visit this website.

ഒരു രാജ്യം, രണ്ട് വേദി, എട്ട് ടീം, ഒരു ട്രോഫി

ലിസ്ബണ്‍ - യൂറോപ്പിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ട്രോഫിക്കായി അന്തിമ പോരാട്ടം. കൊറോണയുടെ പശ്ചാത്തലത്തില്‍ നോക്കൗട്ടായി ഒരു നഗരത്തിലാണ് എല്ലാ കളികളും നടത്തുന്നത്. ഇതിനായി ടൂര്‍ണമെന്റ് കഴിയുന്നതു വരെ രണ്ടാഴ്ചയോളം കളിക്കാര്‍ ജൈവകവചത്തില്‍ കഴിയും.
നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളും കഴിഞ്ഞ അഞ്ചു സീസണിനിടെ നാലു തവണ കിരീടം നേടിയ റയല്‍ മഡ്രീഡും പുറത്തായിക്കഴിഞ്ഞു. തുടര്‍ച്ചയായി ഒമ്പതു തവണ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരായ യുവന്റസും അന്തിമ പോരാട്ടത്തിനില്ല. ്അതോടെ ടൂര്‍ണമെ്ന്റിലെ എക്കാലത്തെയും ടോപ്‌സ്‌കോററായ ക്രിസ്റ്റിയാനൊ റൊണാള്‍ഡോക്ക് ജന്മനാട്ടില്‍ ട്രോഫി ഉയര്‍ത്താനുള്ള അവസരം നഷ്ടപ്പെട്ടു. രണ്ട് മുന്‍ ചാമ്പ്യന്മാരേ ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നുള്ളൂ, ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും. അവര്‍ പരസ്പരം പൊരുതുന്നതിനാല്‍ ഒരു ടീമേ സെമി ഫൈനലിലെത്തൂ. അതിനാല്‍ ഇത്തവണ പുതിയ ചാമ്പ്യന്മാരുണ്ടാവാന്‍ സാധ്യതയേറെ. അറ്റ്‌ലാന്റ കിരീടം നേടുകയാണെങ്കില്‍ അത് പുതുചരിത്രമാവും. ഇറ്റാലിയന്‍ ടീമിന് ചാമ്പ്യന്‍സ് ലീഗില്‍ ഇത് അരങ്ങേറ്റമാണ്. ബുധനാഴ്ച പി.എസ്.ജിയുമായാണ് അവരുടെ ക്വാര്‍ട്ടര്‍ പോരാട്ടം. റയലിനെ പറഞ്ഞുവിട്ട മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവന്റസിനെ കീഴടക്കിയ ലിയോണാണ് എതിരാളികള്‍. ലിവര്‍പൂളിന്റെ കഥ കഴിച്ച അത്‌ലറ്റിക്കൊ മഡ്രീഡ് രണ്ടാം തവണ മാത്രം ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ലെയ്പ്‌സിഷുമായി ഏറ്റുമുട്ടും. 23 നാണ് ഫൈനല്‍.
കൊറോണയെ നിയന്ത്രണത്തില്‍ വരുത്താന്‍ സാധിച്ചതിനാലാണ് പോര്‍ചുഗലിന് ടൂര്‍ണമെന്റിന്റെ അവസാന ഘട്ടം നടത്താന്‍ അവസരം ലഭിച്ചത്. എങ്കിലും കാണികളെ അനുവദിക്കില്ല. ലിസ്ബണിലെ രണ്ടു സ്‌റ്റേഡിയങ്ങളിലായാണ് മത്സരങ്ങളെല്ലാം നടത്തുക.
ടൂര്‍ണമെന്റിന് അവസാന നിമിഷം ആശങ്കയുണ്ടായിരുന്നു. അത്‌ലറ്റിക്കോയുടെ രണ്ട് കളിക്കാര്‍ കൊറോണ പോസിറ്റിവായപ്പോള്‍. വീണ്ടും നടത്തിയ പരിശോധനയില്‍ എല്ലാവരും നെഗറ്റിവായതോടെയാണ് ടീമിന് പോര്‍ചുഗലിലേക്ക് യാത്ര ചെയ്യാന്‍ അനുവാദം ലഭിച്ചത്.

 

Latest News