Sorry, you need to enable JavaScript to visit this website.

കുറുപ്പ് കോടതി കയറുന്നു

ദുൽഖർ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരുന്ന സിനിമ ഇതോടെ കേസിൽ കുടുങ്ങുമോയെന്നു സിനിമാ ലോകത്ത് പരക്കെ ആശങ്കയുണ്ട്. 

മൂന്നര പതിറ്റാണ്ട് മുമ്പ് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൊലപാതകക്കേസിലെ, ഇപ്പോഴും പിടികിട്ടാപ്പുള്ളിയായ പ്രതിയാണ് സുകുമാരക്കുറുപ്പ്. ആ കേസിന്റെ കഥ പറയുന്ന ചിത്രമായ 'കുറുപ്പ്' എന്ന ചിത്രം റിലീസിനൊരുങ്ങവേ ചിത്രത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അന്നത്തെ കേസിൽ കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യ ശാന്തമ്മയും മകൻ ജിതിനും. ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത് യുവതാരം ദുൽഖർ സൽമാൻ ആയതിനാൽ ചിത്രം കുറുപ്പിനെ വെള്ളപൂശുന്നതാണെന്നാണ് അവരുടെ സംശയം. ചിത്രത്തിന്റെ ടീസർ ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇരുവരും ആരോപണവുമായി രംഗത്തെത്തിയത്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് ആരും തന്നെയോ കുടുംബത്തെയോ സമീപിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ശാന്തമ്മ വെളിപ്പെടുത്തി. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തങ്ങൾക്ക് കാണണമെന്നാണ് ഇരുവരുടെയും ആവശ്യം. സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയിൽ ഇല്ലെന്ന് സിനിമ കണ്ടു ബോധ്യപ്പെടണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അവർ ദുൽഖർ സൽമാന് വക്കീൽ നോട്ടീസയക്കുകയും ചെയ്തു. ടീസറിൽ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കുന്ന വിവരണം ഉണ്ടായിരുന്നുവെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു.


ദുൽഖർ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരുന്ന സിനിമ ഇതോടെ കേസിൽ കുടുങ്ങുമോയെന്നു സിനിമാ ലോകത്ത് പരക്കെ ആശങ്കയുണ്ട്. എന്നാൽ യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്നും എല്ലാം ചാക്കോയുടെ കുടുംബവുമായി പറഞ്ഞ് ഒത്തുതീർപ്പാക്കുമെന്നും റിലീസിനെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും ദുൽഖറും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും ഉറപ്പു നൽകുന്നു.
ദുൽഖറിന്റെ നിർമാണ കമ്പനിയായ വെൽഫെയർ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ദുൽഖർ ആദ്യമായി നായകനായി അഭിനയിച്ച സെക്കന്റ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രൻ.

Latest News