Sorry, you need to enable JavaScript to visit this website.

മാനേജർമാരുടെ ഇ-മെയിൽ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘം സജീവം

തട്ടിപ്പിനിരയായ സജിൻ നിഷാൻ

റിയാദ്- കമ്പനി മാനേജർമാരുടെ ഇ-മെയിൽ ഹാക്ക് ചെയ്ത് ജീവനക്കാരുടെ പണം തട്ടുന്ന സംഘം സജീവം. സൂപ്പർമാർക്കറ്റുകളിലെ കൂപ്പണോ, പണമോ ഉടൻ ട്രാൻസ്ഫർ ചെയ്യണമെന്നാവശ്യപ്പെട്ട് ഇ-മെയിലുകൾ അയച്ച് ജീവനക്കാരെ വലയിൽ വീഴ്ത്തിയാണ് ഈ സംഘം തട്ടിപ്പുമായി സജീവമായിരിക്കുന്നത്. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം കണിയാപുരം സ്വദേശി സജിൻ നിഷാൻ ആണ് കഴിഞ്ഞ ദിവസം ഇത്തരമൊരുതട്ടിപ്പിന്നിരയായത്.


കമ്പനിയിൽ എത്തിയാൽ ഉടൻ അറിയിക്കണമെന്നാവശ്യപ്പെട്ടാണ് അതിരാവിലെ സജിന് മാനേജറുടെ ഇ-മെയിൽ എത്തിയത്. ഓഫീസിൽ എത്തിയപ്പോൾ ആ വിവരം തിരിച്ച് ഇ-മെയിൽ വഴി അറിയിക്കുകയും ചെയ്തു. അപ്പോൾ പാണ്ട, ജരീർ, അല്ലെങ്കിൽ മറ്റേതെങ്കിലും ഹൈപർമാർക്കറ്റുകളിൽ നിന്ന് ഐ ട്യൂൺ ഗിഫിറ്റ് കാർഡുകൾ അയച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് മറുപടിയെത്തിയത്. വൈകുന്നേരത്തിനുള്ളിൽ പണം തിരിച്ചു തരാം എന്നും അറിയിപ്പ് വന്നു. ഇതോടെ സജിൻ നേരെ റിയാദിലെ ഒരു ഹൈപർമാർക്കറ്റിൽ പോയി കാർഡുകളുടെ വിവരങ്ങൾ ശേഖരിച്ച് ഏതുതരം കാർഡുകളാണ് വേണ്ടതെന്ന് വാട്‌സ്ആപ്പിൽ മാനേജറോട് ചോദിച്ചു. ഒരു മറുപടിയും ലഭിച്ചില്ല. ഫോൺ വിളിച്ചുനോക്കിയിട്ടും മറുപടിയില്ല. അതിനാൽ ഓഫീസിലേക്ക് തന്നെ തിരിച്ചുവന്നു.

അപ്പോഴേക്കും 500 റിയാലിന്റെ ഏഴ് കാർഡുകൾ വേണമെന്ന് ആവശ്യപ്പെട്ട് അടുത്ത ഇ-മെയിൽ വന്നിരുന്നു. തിരിച്ച് വന്ന് 500 റിയാലിന്റെ ഏഴ് കാർഡുകൾ ആവശ്യപ്പെട്ടപ്പോൾ ഹൈപർമാർക്കറ്റുകളിലെ സ്റ്റാഫ് ഇക്കാര്യം മാനേജറെ വിളിച്ച് കൺഫേം ചെയ്യാൻ ആവശ്യപ്പെട്ടു. വാട്‌സ്ആപ്പിലും ഫോണിലും ബന്ധപ്പെട്ടിട്ട് യാതൊരു മറുപടിയും കിട്ടിയില്ല. ഇ-മെയിൽ വന്നതല്ലേ എന്ന് കരുതി കാർഡും വാങ്ങി തിരിച്ചിറങ്ങിയപ്പോൾ ഞാൻ അങ്ങനെ ഇ-മെയിൽ അയച്ചിട്ടില്ലെന്ന് വാട്‌സ്ആപ്പിൽ മാനേജറുടെ മറുപടിയെത്തി. തുടർന്ന് തനിക്ക് ലഭിച്ച ഇ-മെയിൽ വിവരങ്ങൾ മാനേജർക്ക് അയച്ചുകൊടുത്തപ്പോഴാണ് ഇ-മെയിൽ ഐഡിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി പുതിയ ഐഡി ഉണ്ടാക്കിയാണ് അയച്ചിരിക്കുന്നതെന്ന് മനസ്സിലായത്. കാർഡുകൾ സ്‌കാൻ ചെയ്തു അയച്ചുകൊടുക്കുന്നതിന് മുമ്പ് തന്നെ തട്ടിപ്പ് കണ്ടെത്തിയതിനാൽ പണം നഷ്ടപ്പെട്ടില്ല. ഇത്തരം ഇ-മെയിൽ കമ്പനിയിലെ മറ്റു ചിലർക്കും ലഭിച്ചിരുന്നുവെന്ന് സജിൻ നിഷാൻ പറഞ്ഞു. സൈബർ തട്ടിപ്പിനെതിരെ മാനേജർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


 

Tags

Latest News