Sorry, you need to enable JavaScript to visit this website.

യു.എ.ഇയിലേക്ക് എല്ലാ ഇന്ത്യക്കാർക്കും  യാത്ര ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം 

ദുബായ്- വിസയുള്ള എല്ലാ ഇന്ത്യക്കാർക്കും യു.എ.ഇയിലേക്ക് പോകുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഇതുവരെ റെസിഡൻസി വിസയുള്ളവർക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്. ഏതുവിധത്തിലുള്ള വിസ ഉപയോഗിച്ചും യു.എ.ഇയിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യൻ അംബാസഡർ പവൻ കപൂറാണ് അറിയിച്ചത്. വന്ദേഭാരത് വിമാനങ്ങളിലടക്കം വിസിറ്റ് വിസക്കാർക്ക് യാത്ര ചെയ്യാനാകും. 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രക്ക് നിർബന്ധമാണ്.


യു.എ.ഇ വിസിറ്റ് വിസ ഇഷ്യു ചെയ്യാൻ തുടങ്ങിയ സാഹചര്യത്തിൽ നേരത്തെ ഇന്ത്യൻ അംബാസഡർ അധികൃതരിൽ നിന്ന് ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ടിരുന്നു. സന്ദർശക വിസയിലെത്തി പ്രശ്‌നങ്ങളിൽ അകപ്പെടുന്നത് ഒഴിവാക്കണമെന്നും എംബസി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ വളരെ നേരത്തെ ഒരു തീരുമാനം പ്രതീക്ഷിക്കുന്നു എന്നാണ് പവൻ കപൂർ പറഞ്ഞിരുന്നത്. ഓഗസ്റ്റ് ഏഴിനാണ് ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയത്. ഉഭയകക്ഷി ധാരണയുടെ അടിസ്ഥാനത്തിൽ യാത്രാ നിയന്ത്രണം നീക്കിയ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ഏതു വിസയിലും യു.എ.ഇ സന്ദർശിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.


യു.എ.ഇയിൽ റെസിഡൻസി വിസയുള്ളവരുടെ കുടുംബാംഗങ്ങൾക്കും ജോലി തേടിയെത്തുന്നവർക്കുമാണ് വിസിറ്റിംഗ് വിസയുടെ ഗുണം ലഭിക്കുക. ജൂലൈ 29 മുതലാണ് യു.എ.ഇ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിസിറ്റ് വിസ അനുവദിച്ച് തുടങ്ങിയത്. എന്നാൽ വിസിറ്റിംഗ് വിസയിൽ ഇന്ത്യയിലുള്ളവർക്ക് യു.എ.ഇയിലേക്ക് പോകാമോ എന്നതിൽ അവ്യക്തതയുണ്ടായിരുന്നു. ഇത്തരക്കാർക്ക് യാത്രാ ചട്ടങ്ങളിൽ വ്യക്തത വരുന്നതു വരെ യു.എ.ഇയിലേക്ക് വരാനാകില്ലെന്നാണ് നേരത്തെ എംബസി അറിയിച്ചിരുന്നത്. 


 

Tags

Latest News