Sorry, you need to enable JavaScript to visit this website.

വില്ലേജ് ഓഫീസർ ഞരമ്പു മുറിച്ച സംഭവം; അറസ്റ്റ് വേണമെന്ന് വ്യാപക ആവശ്യം

തൃശൂർ - വനിതാ വില്ലേജ് ഓഫീസർ കൈ ഞരമ്പു മുറിച്ച സംഭവത്തിൽ പുത്തൂർ പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർക്കെതിരെ അന്വേഷണം തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് അടക്കം എട്ടു പേർക്കെതിരെ ഒല്ലൂർ പോലീസ് ജാമ്യമില്ലാ കേസെടുത്തിരുന്നു. ഇതിൽ അടിയന്തര നടപടിയുണ്ടാകും.
പഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ പി.ജി.ഷാജി, കെ.എൻ.ശിവൻ, ഗോപി എന്നിവരും കെ.വി.സജു, രാജു, സുധീർ എന്നിവർ ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ്. ആത്മഹത്യാ പ്രേരണാ കുറ്റം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സംഘം ചേരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സിമിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്്. സംഭവത്തിന് ഉത്തരവാദികളായ പഞ്ചായത്ത് പ്രസിഡൻറടക്കമുള്ളവരെ അറസ്റ്റു ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അന്വേഷണം നടത്തി വൈകാതെ നടപടിയെടുക്കുമെന്ന് ഒല്ലൂർ സി.ഐ ബെന്നി ജേക്കബ് അറിയിച്ചു.അതിനിടെ  രാഷ്ട്രീയക്കാരുടെ സമ്മർദം മൂലം ഒരു വനിതാ ജീവനക്കാരി ആത്മഹത്യക്കു ശ്രമിച്ചിട്ടും വനിതാ കമ്മീഷൻ ഇടപെടാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
സമ്മർദങ്ങൾ പലവിധമാണെന്നും സഹിക്കാനാകുന്നില്ലെന്നും വില്ലേജ് ഓഫീസിലെ ജീവനക്കാർ.  ജോലി സമർദം ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്ന സർക്കാർ ജോലിക്കാരായി വില്ലേജ് ഓഫീസുകളിലെ ജീവനക്കാർ മാറിയെന്ന് ഓഫീസുകളിലുളളവർ പറയുന്നു. ജനം ഇത് മനസ്സിലാക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നമെന്നും കോവിഡ് മൂലം പല വില്ലേജ് ഓഫീസുകളിലും അമ്പതു ശതമാനം ജീവനക്കാർ മാത്രമേയുള്ളുവെന്ന കാര്യം ആരുമറിയുന്നില്ലെന്നും ജീവനക്കാർ ഓർമിപ്പിക്കുന്നു.
അമ്പതു ശതമാനം ജീവനക്കാർ മാത്രമാകുമ്പോൾ വില്ലേജ് ഓഫീസുകളിലെ പണികൾ പൂർത്തിയാകാതെ അവശേഷിക്കും. അത്തരത്തിൽ നിരവധി ഫയലുകളാണ് ഇപ്പോൾ വില്ലേജ് ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്.
പട്ടയത്തിന്റെ കാര്യങ്ങൾ നോക്കാൻ ജില്ലയിലെ വില്ലേജ് ഓഫീസിലെ ജീവനക്കാർക്ക് അധിക ഡ്യൂട്ടി കൊടുത്തത് വ്യാപക പ്രതിഷേധത്തിന് നേരത്തെ തന്നെ ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെ കോവിഡ് ഡ്യൂട്ടിയും അതിനു ശേഷമിപ്പോൾ പ്രളയത്തിന്റെ മുന്നൊരുക്കങ്ങളും അനുബന്ധ കാര്യങ്ങളും വില്ലേജ് ഓഫീസിലെ ജീവനക്കാർക്കാണ്.
ഇതിനിടെയാണ് ലൈഫ് പദ്ധതി രേഖ വിതരണവും അപേക്ഷ സ്വീകരിക്കലുമൊക്കെ ചെയ്യേണ്ടത്.
കടുത്ത മാനസിക സംഘർഷത്തിലാണ് വില്ലേജ് ഓഫീസുകളിലെ ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പൊതുജനങ്ങൾ അവരുടെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ ജീവനക്കാരോട് തട്ടിക്കയറുന്നത് പതിവാണെന്നും ജീവനക്കാരുടെ സംഘടനാ നേതാക്കൾ തന്നെ സമ്മതിക്കുന്നു.
പൊതുജനങ്ങൾക്ക് അവരുടെ കാര്യങ്ങൾ സുഗമമായി മുന്നോട്ടു നീങ്ങണമെന്നതിനാൽ അവർ അതിന് തടസ്സമുണ്ടാകുമ്പോൾ ദേഷ്യപ്പെടും. സ്വാഭാവികമാണത്. വൻതുക ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാർ അലസ മനോഭാവത്തിൽ കഴിയുകയാണെന്നാണ് ജനങ്ങളുടെ ചിന്ത. ഇത് മാറണം. പൊതുജനങ്ങളോട് സർക്കാർ ജീവനക്കാർക്കുള്ള മനോഭാവത്തിലും മാറ്റം വരണം. രണ്ടു കൂട്ടരും പരസ്പര ബഹുമാനത്തോടെ പെരുമാറി ഇടപഴകിയില്ലെങ്കിൽ ഓഫീസുകൾ കലാപ ഭൂമികളാകും -സംഘടനാ നേതാക്കൾ പറഞ്ഞു.

Latest News