മലപ്പുറം- ഇന്ത്യൻ ജനാധിപത്യ സംരക്ഷണത്തിൽ മാധ്യമങ്ങളാണ് പ്രതീക്ഷയെന്നും അവരെ ആക്രമിക്കുന്ന സൈബർ ഗുണ്ടായിസം നീതീകരിക്കാനാവില്ലെന്നും ശക്തമായ നടപടിയെടുക്കണമെന്നും മലപ്പുറത്ത് ചേർന്ന പ്രതിഷേധ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യത്തിന്റെ സംരക്ഷണത്തിൽ മുഖ്യ പങ്കു വഹിക്കുന്ന മാധ്യമ പ്രവർത്തകർക്കെതിരെ നടക്കുന്ന സൈബർ അതിക്രമം നീതീകരിക്കാനാവില്ല. നീതി നിർവഹണ വിഭാഗങ്ങൾക്കു വരുന്ന പിഴവുകൾ തിരുത്തി ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ മാധ്യമ പ്രവർത്തകർക്കു ബാധ്യതയുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മേധാവികളോടഭ്യർഥിക്കുന്നു. ഇന്നത്തെ ഇന്ത്യൻ പരിതസ്ഥിതിയിൽ ഏറ്റവും പ്രധാനമായി ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കാൻ മാധ്യമങ്ങൾ മുന്നോട്ട് വരണമെന്നും ആവശ്യപ്പെടുന്നു.