Sorry, you need to enable JavaScript to visit this website.

വമ്പന്മാര്‍ വിടവാങ്ങി, പുതിയ അവകാശികളെത്തുമോ?

 

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍
അറ്റ്‌ലാന്റ-പി.എസ്.ജി (ബുധന്‍)
ലെയ്പ്‌സിഷ്-അത്‌ലറ്റിക്കൊ (വ്യാഴം)
ബാഴ്‌സലോണ-ബയേണ്‍ (വെള്ളി)
മാഞ്ചസ്റ്റര്‍ സിറ്റി-ലിയോണ്‍ (ശനി)

ലിസ്ബണ്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ ഒറ്റപ്പാദമായി പോര്‍ചുഗലിലെ ലിസ്ബണില്‍ അരങ്ങേറും. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളും റെക്കോര്‍ഡ് തവണ കിരീടം നേടിയ റയല്‍ മഡ്രീഡും ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്മാരായ ചെല്‍സിയുമൊക്കെ വിടവാങ്ങിക്കഴിഞ്ഞു. മുമ്പ് കിരീടം നേടിയ രണ്ടു ടീമുകള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത്. ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും. ഈ ടീമുകള്‍ തമ്മിലാണ് ഒരു ക്വാര്‍ട്ടര്‍. അതിനാല്‍ മുമ്പ് കിരീടം നേടിയ ഒരു ടീം മാത്രമേ സെമി ഫൈനലില്‍ ഉണ്ടാവൂ. മറ്റു മൂന്നു ടീമുകളും കന്നിക്കിരീടത്തിനുള്ള പോരാട്ടത്തിലായിരിക്കും.
ബാഴ്‌സലോണയും ബയേണും അഞ്ചു തവണ വീതം യൂറോപ്യന്‍ ചാമ്പ്യന്മാരായിട്ടുണ്ട്. 2015 നു ശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ ബാഴ്‌സലോണക്ക് കിട്ടുന്ന സുവര്‍ണാവസരമാണ് ഇത്. ജൂണില്‍ ലിയണല്‍ മെസ്സിക്ക് 33 വയസ്സായി. എന്നാല്‍ അത്യുജ്വല ഫോമിലാണ് ബയേണ്‍ മ്യൂണിക്. കഴിഞ്ഞ 18 മത്സരങ്ങളും ജയിച്ച് മുന്നേറുകയാണ് അവര്‍. റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി അപാര ഗോളടി മികവിലാണ്.
ബാഴ്‌സലോണക്കും ബയേണിനും പുറമെ കിരീടം നേടാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകള്‍ മാഞ്ചസ്റ്റര്‍ സിറ്റിയും പി.എസ്.ജിയുമാണ്. കഴിഞ്ഞ അഞ്ചു സീസണില്‍ നാലു തവണയും ചാമ്പ്യന്മാരായ റയല്‍ മഡ്രീഡിനെ മറികടന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറിലെത്തിയത്. 2014 ല്‍ ലിസ്ബണില്‍ റയലിനോട് നാടകീയമായി ഫൈനല്‍ തോറ്റ അത്‌ലറ്റിക്കോ ആ കണക്കു തീര്‍ക്കാനുള്ള ശ്രമത്തിലായിരിക്കും. അറ്റ്‌ലാന്റയാണ് കൂട്ടത്തിലെ പുതുമുഖക്കാര്‍. ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റത്തില്‍ അവര്‍ കിരീടം നേടുകയാണെങ്കില്‍ അത് വലിയ സംഭവമാവും. ഈ മാസം 23 ന് ബെന്‍ഫിക്കയുടെ എസ്റ്റേഡിയൊ ഡാ ലൂസിലാണ് ഫൈനല്‍.
യുവന്റസ് പുറത്തായത് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് വലിയ ക്ഷീണമാണ്. ടൂര്‍ണമെന്റിലെ ഓള്‍ടൈം റെക്കോര്‍ഡ് സ്‌കോററായ മുപ്പത്തഞ്ചുകാരന് ജന്മനാട്ടില്‍ കിരീടം നേടാനുള്ള അവസരമാണ് നഷ്ടമായത്. ക്രിസ്റ്റ്യാനൊ ഇല്ലെങ്കിലും മെസ്സിയും കീലിയന്‍ എംബാപ്പെയും നെയ്മാര്‍ കെവിന്‍ ഡിബ്രൂയ്‌നെയുമൊക്കെ കളത്തിലുണ്ടാവും. എന്നാല്‍ കാണികളില്ലാതെയാണ് മത്സരങ്ങളെല്ലാം അരങ്ങേറുക.
കൊറോണ തടസ്സപ്പെടുത്തിയ ഈ സീസണിന് വലിയൊരു പ്രത്യേകത കൂടിയുണ്ട്. ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ക്വാര്‍ട്ടറിലേക്ക് കടക്കും മുമ്പെ അടുത്ത സീസണിലെ യോഗ്യതാ റൗണ്ട് ആരംഭിക്കുകയാണ്. ഈ മാസം 25 ന് ഡീനാമൊ സാഗ്‌രിബ് ആദ്യ മത്സരത്തിന് ഇറങ്ങും.
അതിനിടെ, യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫേറിന്‍ കൊറോണ പരിശോധനക്ക് വിധേയനാവും. ചാമ്പ്യന്മാര്‍ക്ക് ട്രോഫി സമ്മാനിക്കാനാവുമോയെന്ന് കണ്ടെത്താനാണ് ഇത്. ജനറല്‍ സെക്രട്ടറി തിയഡോര്‍ തിയഡോറിഡിസും ഫൈനലിന് രണ്ടു ദിവസം മുമ്പ് പരിശോധന നടത്തും.

 

 

Latest News