Sorry, you need to enable JavaScript to visit this website.

ഐ.പി.എല്ലില്‍ നിന്ന് വിട്ടുനിന്ന സ്റ്റാര്‍ക്ക് ഒത്തുതീര്‍പ്പിലെത്തി

കൊല്‍ക്കത്ത - 2018 ലെ ഐ.പി.എല്‍ സീസണില്‍ വലതു കാലിലെ പരിക്കു കാരണം ഒരു മത്സരം പോലും കളിക്കാനാവാതിരുന്ന ഓസ്‌ട്രേലിയന്‍ പെയ്‌സ്ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള നിയമയുദ്ധത്തില്‍ ഒത്തുതീര്‍പ്പിലെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു അന്ന് സ്റ്റാര്‍ക്ക്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സ്റ്റാര്‍ക്ക് കേസ് ഫയല്‍ ചെയ്തത്.
15.3 ലക്ഷം ഡോളറിന്റേതാണ് ഒത്തുതീര്‍പ്പ്. കേസ് ഓസ്‌ട്രേലിയയിലെ വിക്ടോറിയന്‍ കൗണ്ടി കോടതി മറ്റന്നാള്‍ പരിഗണിക്കാനിരിക്കുകയായിരുന്നു. 2018 ലെ ഐ.പി.എല്‍ സീസണിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 9.4 കോടി രൂപക്കാണ് സ്റ്റാര്‍ക്കിനെ ലേലത്തിലെടുത്തത്. എന്നാല്‍ ഇടങ്കൈയന്‍ പെയ്‌സര്‍ ഒരു മത്സരം പോലും കളിച്ചില്ല. മാര്‍ച്ച് പത്തിന് വലതു കാലില്‍ വേദന തുടങ്ങിയെന്നും പിന്നീട് വഷളായെന്നും സ്റ്റാര്‍ക്ക് പറയുന്നു. എന്നാല്‍ പരിക്ക് നേരത്തെയുണ്ടെന്ന നിലപാടിലായിരുന്നു ഇന്‍ഷുറന്‍സ് കമ്പനി. തുടര്‍ന്ന് സ്റ്റാര്‍ക്കിന്റെ മാനേജര്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് സ്റ്റാര്‍ക്കിന് പരിക്കേല്‍ക്കുന്നതിന്റെ വീഡിയൊ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. തങ്ങളുടെ വാദം ന്യായീകരിക്കാന്‍ ഇരു വിഭാഗവും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സംഘടിപ്പിച്ചിരുന്നു.   

 

Latest News