Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ഹോക്കി ക്യാമ്പില്‍ ആറാമത്തെ കളിക്കാരനും കൊറോണ

ബംഗളൂരു - ഇന്ത്യന്‍ ഹോക്കി ക്യാമ്പില്‍ ആശങ്ക പരത്തി ആറാമത്തെ കളിക്കാരനും കൊറോണ സ്ഥിരീകരിച്ചു. ഫോര്‍വേഡ് മന്‍ദീപ് സിംഗിനാണ് ഒടുവില്‍ വൈറസ് ബാധ കണ്ടെത്തിയത്. ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് ഉള്‍പ്പെടെ നേരത്തെ കൊറോണ സ്ഥിരീകരിച്ച അഞ്ചു പേര്‍ ക്വാറന്റൈനിലാണ്. ബംഗളൂരു സായ് സെന്ററില്‍ ഈ മാസം 20 മുതല്‍ ഹോക്കി ക്യാമ്പ് തുടങ്ങാനിരിക്കുകയാണ്.
ഇരുപത്തഞ്ചുകാരനായ മന്‍ദീപ് ജലന്ധര്‍ സ്വദേശിയാണ്. മന്‍ദീപിന് രോഗലക്ഷണങ്ങളൊന്നുമില്ല. ആറു പേരും ബംഗളൂരുവിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കൊറോണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ബംഗളൂരു സായ് കേന്ദ്രത്തില്‍ പരിശീലനത്തിലായിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് പരിശീലനം നടത്താനാവാതെ രണ്ടു മാസത്തോളം കളിക്കാര്‍ ക്യാമ്പില്‍ കുടുങ്ങി. കഴിഞ്ഞ മാസമാണ് അവര്‍ക്ക് നാട്ടില്‍ പോയി മടങ്ങാന്‍ അനുമതി കിട്ടിയത്. തിരിച്ചെത്തിയ ശേഷം 21 കളിക്കാരെ പരിശോധിച്ചതിലാണ് ആറു പേര്‍ക്ക് രോഗം കണ്ടെത്തിയത്.  
ഡിഫന്റര്‍ സുരേന്ദര്‍കുമാര്‍, ജസ്‌കരണ്‍ സിംഗ്, ഡ്രാഗ്ഫഌക്കര്‍ വരുണ്‍കുമാര്‍, ഗോള്‍കീപ്പര്‍ കിഷന്‍ ബഹദൂര്‍ പഥക് എന്നിവരാണ് രോഗം ബാധിച്ച മറ്റു കളിക്കാര്‍. ഇവര്‍ക്കെല്ലാം നേരിയ രോഗ ലക്ഷണങ്ങളേയുള്ളൂ എന്ന് സായ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ബംഗളൂരുവിലെ നാഷനല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് ഇവരെയെല്ലാം പാര്‍പ്പിച്ചിരിക്കുന്നത്. ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പായി എല്ലാ കളിക്കാരും ക്വാരന്റൈനില്‍ കഴിയുകയാണ്.
 

Latest News