Sorry, you need to enable JavaScript to visit this website.

വിവോക്ക് പകരമാര്? ചൈനീസ് പുലിവാല് പിടിച്ച് ബോര്‍ഡ്

മുംബൈ - ഐ.പി.എല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്ന് ചൈനീസ് കമ്പനി വിവൊ ഈ സീസണില്‍ പിന്മാറിയെങ്കിലും ബി.സി.സി.ഐയെ വിവാദം വിട്ടൊഴിയുന്നില്ല. ടൈറ്റില്‍ സ്‌പോണ്‍സര്‍മാരാവാനുള്ള ബി.സി.സി.ഐയുടെ അഭ്യര്‍ഥന ഇന്ത്യന്‍ കമ്പനികളൊക്കെ അവഗണിക്കുകയാണ്. റിലയന്‍സ് ജിയൊ, പേടിഎം, ബൈജൂസ്, ടാറ്റാ മോട്ടോഴ്‌സ്, ഡ്രീം ഇലവന്‍തുടങ്ങി നിരവധി കമ്പനികളെ ബി.സി.സി.ഐ സമീപിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.
അതേസമയം നിലവിലുള്ള സ്‌പോണ്‍സര്‍മാരെ തന്നെ ഒഴിവാക്കണമെന്ന സമ്മര്‍ദ്ദം ഏറുകയാണ്. ബൈജൂസും പേടിഎമ്മും ഡ്രീം ഇലവനും ഇന്ത്യയിലെ ബിസിനസാണെങ്കിലും അവയെല്ലാം കരുത്താര്‍ജിച്ചത് ചൈനീസ് നിക്ഷേപത്തിലാണ്. ഇവയെ കൂടാതെ ഐ.പി.എല്‍ സ്‌പോണ്‍സര്‍ഷിപ് ഏറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുള്ള ഏക കമ്പനി ആമസോണാണ്. ആമസോണ്‍ പക്ഷെ വലിയ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.
ഗെയിമിംഗ് ആപ്പായ ഡ്രീം ഇലവനില്‍ ചൈനീസ് കമ്പനി ടെന്‍സെന്റിന് 10 കോടി ഡോളര്‍ നിക്ഷേപമുണ്ട്. 20 ശതമാനം ഓഹരി ടെന്‍സെന്റിന്റെ കൈയിലാണ്. പേടിഎമ്മാണ് ആഭ്യന്തര മത്സരങ്ങളില്‍ ബി.സി.സി.ഐയുടെ ടൈറ്റില്‍ പാര്‍ട്ണര്‍. ഐ.പി.എല്ലിന്റെ സെന്‍ട്രല്‍ പാര്‍ട്ണര്‍മാരുമാണ് അവര്‍. പേടിഎമ്മിന്റെ 55 ശതമാനവും ചൈനീസ് കമ്പനികളുടെ കൈയിലാണ്. എ.എന്‍.ടി ഫിനാന്‍ഷ്യല്‍, ആലിബാബ തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്ക് പേടിഎമ്മില്‍ പങ്കാളിത്തമുണ്ട്. മലയാളിയായ ബൈജു വികസിപ്പിച്ച എജുക്കേഷന്‍ ആപ് ബൈജൂസ് ആണ് ഇപ്പോള്‍ ഇന്ത്യന്‍ കളിക്കാരുടെ ജഴ്‌സി പാര്‍ട്ണര്‍. ബൈജൂസില്‍ ചൈനീസ് കമ്പനി ടെന്‍സെന്റിന് 15 ശതമാനം നിക്ഷേപമുണ്ട്.
വിവൊ ഒരു സീസണില്‍ 440 കോടി രൂപയാണ് ബി.സി.സി.ഐക്ക് നല്‍കിയിരുന്നത്. ഇതില്‍ നിന്ന് 20 കോടി രൂപ വീതം ഓരോ ഫ്രാഞ്ചൈസിക്കും ലഭിച്ചിരുന്നു. വിവോയുടെ പിന്മാറ്റം സാമ്പത്തിക ദുരന്തമല്ലെന്നും കരുത്തുറ്റ അടിത്തറയുള്ള ബി.സി.സി.ഐക്ക് നേരിയ ഷോക്ക് മാത്രമാണെന്നും പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
 

 

 

 

Latest News