Sorry, you need to enable JavaScript to visit this website.

ബയോ ബബഌല്‍ കളി തുടരും

പാരിസ് - യൂറോപ്പിലെ പ്രമുഖ ടൂര്‍ണമെന്റുകളായ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും ഇനി സഡന്‍ഡെത്ത്. അവശേഷിച്ച പ്രി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ഒറ്റ രാജ്യത്തായി ഒറ്റപ്പാദത്തില്‍ ഇനിയുള്ള കളി തീര്‍ക്കാനാണ് ശ്രമം. ജര്‍മനിയിലെ നാലു സ്റ്റേഡിയങ്ങളിലായി ഇന്ന് മുതല്‍ യൂറോപ്പ ലീഗ് നോക്കൗട്ട് ആരംഭിക്കും. പോര്‍ചുഗലിലാണ് അവശേഷിച്ച ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ അരങ്ങേറുക.
മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇന്റര്‍ മിലാനും സെവിയയുമാണ് യൂറോപ്പ ലീഗില്‍ അവശേഷിക്കുന്ന പ്രധാന ടീമുകള്‍. കൊളോണ്‍, ഡൂയിസ്ബര്‍ഗ്, ഡ്യസല്‍ഡോര്‍ഫ്, ഗെല്‍സന്‍കിര്‍ഷന്‍ എന്നിവിടങ്ങളിലായി കളികള്‍ അരങ്ങേറും. 21 നാണ് ഫൈനല്‍.
ജൈവസുരക്ഷാ കവചത്തിനുള്ളിലാണ് ഈ കാലയളവില്‍ കളിക്കാര്‍ കഴിയുക. കളിക്കളവും ടീം ഹോട്ടലുമല്ലാതെ പുറംസമ്പര്‍ക്കം പാടില്ല. ജര്‍മനിയിലേക്ക് യാത്ര തിരിക്കും മുമ്പും മത്സരത്തലേന്നും എല്ലാ കളിക്കാരും കൊറോണ പരിശോധനക്ക് വിധേയരാവണം. ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്യണമെന്നും മറ്റ് താമസക്കാരില്ലാത്ത ഹോട്ടലുകളില്‍ കഴിയണമെന്നും യുവേഫ ഉപദേശിച്ചിട്ടുണ്ട്. പന്തുകള്‍ മത്സരത്തിനു മുമ്പും ഇടവേളയിലും അണുവിമുക്തമാക്കും. സാധ്യമായ സമയത്തെല്ലാം സാമൂഹിക അകലം പാലിക്കണം.  
2017 ലെ ചാമ്പ്യന്മാരായ യുനൈറ്റഡ് ക്വാര്‍ട്ടറില്‍ എഫ്.സി കോപന്‍ഹാഗനുമായി ഏറ്റുമുട്ടും. ഇന്ററിന്റെ എതിരാളികള്‍ ബയര്‍ ലെവര്‍കൂസനാണ്. വുള്‍വര്‍ഹാംപ്റ്റന്‍-സെവിയ, ഷാഖ്തര്‍ ഡോണറ്റ്‌സ്‌ക്-ബാസല്‍ എന്നിങ്ങനെയാണ് മറ്റു ക്വാര്‍ട്ടറുകള്‍. ഈ വര്‍ഷത്തെ യൂറോപ്പ കപ്പ് ഫൈനല്‍ മെയ് അവസാനം പോളണ്ടിലെ ഗദാന്‍സ്‌കില്‍ നിശ്ചയിച്ചതായിരുന്നു.

x

Latest News