Sorry, you need to enable JavaScript to visit this website.

യു.എ.ഇയിലേക്ക് സന്ദര്‍ശക വിസ ഉടന്‍, തൊഴിലന്വേഷകര്‍ വരരുത്- അംബാസഡര്‍

അബുദാബി- ഇന്ത്യയില്‍നിന്ന് സന്ദര്‍ശക വിസയില്‍ യു.എ.ഇയിലേയ്ക്ക് ഉടന്‍ വരാനാകുമെന്നാണ് പ്രതീക്ഷയെന്നു ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ തൊഴില്‍ അന്വേഷണത്തിനായി വരരുത്. ഔദ്യോഗിക അറിയിപ്പ് കിട്ടിയശേഷം മാത്രമേ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും അദ്ദേഹം പറഞ്ഞു.

വിസ നടപടിക്രമങ്ങളില്‍ ഇരു രാജ്യങ്ങളും നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത്. സിവില്‍ വ്യോമയാന മന്ത്രാലയത്തില്‍നിന്ന് അറിയിപ്പ് ലഭിച്ചാല്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സന്ദര്‍ശക വിസ ലഭിച്ച പലരും ഇതിനകം യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തതായി മനസിലാക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുള്ളൂ. കഴിഞ്ഞ ദിവസം കേരളത്തില്‍നിന്ന് സന്ദര്‍ശക വിസയില്‍ വരാന്‍ ശ്രമിച്ചവരെ വിമാനത്താവളങ്ങളില്‍നിന്ന് തിരിച്ചയച്ചിരുന്നു.

യു.എ.ഇയിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവരില്‍ ഭൂരിഭാഗവും തൊഴില്‍ തേടിയാണ് എത്തുന്നത്. കോവിഡ് 19 നിയന്ത്രണം തുടരുന്ന  സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പവന്‍ കപൂര്‍ പറഞ്ഞു.

 

Tags

Latest News