Sorry, you need to enable JavaScript to visit this website.

വീരനായി വോക്‌സ്, ജയിച്ച കളി തോറ്റ് പാക്കിസ്ഥാന്‍

മാഞ്ചസ്റ്റര്‍ - ജോസ് ബട്‌ലറും ക്രിസ് വോക്‌സും തമ്മിലുള്ള അത്യുജ്വല സെഞ്ചുറി കൂട്ടുകെട്ട് പാക്കിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അപ്രതീക്ഷിതമായ മൂന്നു വിക്കറ്റ് വിജയം സമ്മാനിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ 107 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ച്ചയുടെ വക്കില്‍നിന്ന് കരകയറുകയായിരുന്നു. 277 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ അഞ്ചിന് 117 ലേക്ക് തകര്‍ന്ന് തോല്‍വി ഉറപ്പിച്ചിരുന്നു. എന്നാല്‍ ബട്‌ലറും (75)  വോക്‌സും (84 നോട്ടൗട്ട്) അര്‍ധ സെഞ്ചുറികളിലൂടെ തിരിച്ചടിച്ചു. ഓള്‍ഡ് ട്രഫോഡില്‍ ഇരുനൂറിലേറെ റണ്‍സ് നാലാം ഇന്നിംഗ്‌സില്‍ സ്‌കോര്‍ ചെയ്ത് ഒരു ടീം ജയിക്കുന്നത് അപൂര്‍വമാണ്. മുമ്പ് രണ്ടു തവണയേ ഇത് സംഭവിച്ചിട്ടുള്ളൂ.
രണ്ടാം ഇന്നിംഗ്‌സില്‍ പാക്കിസ്ഥാനെ 169 ന് ഓളൗട്ടാക്കിയാണ് ഇംഗ്ലണ്ട് തിരിച്ചുവരവിന് തുടക്കമിട്ടത്. 44 ടെസ്റ്റില്‍ ഒരു സെഞ്ചുറി മാത്രം നേടിയ ബട്‌ലര്‍ക്ക് ടീമില്‍ വെല്ലുവിളിയുമുയര്‍ന്നിരുന്നു. എന്നാല്‍ ഉജ്വല ഇന്നിംഗ്‌സിലൂടെ ബട്‌ലര്‍ ടീമിന്റെ വിജയശില്‍പിയായി. ലെഗ്‌സ്പിന്നര്‍ ശാദബ് ഖാനെയും പെയ്‌സ്ബൗളര്‍ നസീം ഷായെയും ഒരേ ആധികാരികതയോടെ ബട്‌ലര്‍ നേരിട്ടു. വെറും 49 പന്തില്‍ ബട്‌ലറും വോക്‌സും അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എട്ടാം ബൗണ്ടറിയോടെ 59 പന്തില്‍ വോക്‌സ് അര്‍ധ ശതകം പൂര്‍ത്തിയാക്കി. വോക്‌സ് രണ്ടു വര്‍ഷം മുമ്പ് ഇന്ത്യക്കെതിരെ സെഞ്ചുറിയടിച്ചിരുന്നു. സ്‌പെഷ്യലിസ്റ്റ് പെയ്‌സ്ബൗളറായാണ് വോക്‌സ് കളിക്കുന്നത്.
നേരത്തെ ഒന്നിന് 96 ലെത്തിയ ശേഷമാണ് ഇംഗ്ലണ്ട് തകര്‍ന്നത്. ഡോം സിബ്‌ലിയും (36) ക്യാപ്റ്റന്‍ ജോ റൂട്ടും (42) തമ്മിലുള്ള കൂട്ടുകെട്ട് തകര്‍ന്നതോടെ പാക്കിസ്ഥാന്‍ തിരിച്ചടിച്ചു. ബെന്‍ സ്റ്റോക്‌സും (9) ഓലി പോപ്പും (7) എളുപ്പം മടങ്ങി. ബട്‌ലറും വോക്‌സും ക്രീസില്‍ ഒരുമിക്കുമ്പോള്‍ ഇംഗ്ലണ്ട് പരാജയം തുറിച്ചുനോക്കുകയായിരുന്നു.

 

Latest News