Sorry, you need to enable JavaScript to visit this website.

യു.എസ് ഓപണില്‍ നിന്ന് പിന്മാറ്റം തുടരുന്നു

ന്യൂയോര്‍ക്ക് - ഈ മാസം 31 ന് ആരംഭിക്കുന്ന യു.എസ് ഓപണ്‍ ടെന്നിസില്‍ നിന്ന് പ്രമുഖര്‍ കൂട്ടത്തോടെ പിന്മാറുന്നു. മുന്‍ ചാമ്പ്യന്മാരായ റഫായേല്‍ നദാല്‍, റോജര്‍ ഫെദരര്‍, സ്റ്റാന്‍ വാവ്‌റിങ്ക എന്നിവര്‍ക്കു പിന്നാലെ ലോക ഒന്നാം നമ്പര്‍ വനിതാ താരം അഷ്‌ലെയ് ബാര്‍ടി, ആദ്യ പത്തു റാങ്കിലുള്ള എലീന സ്വിറ്റോലിന, കികി ബെര്‍ടന്‍സ് തുടങ്ങിയവരും കളിക്കില്ലെന്ന് വ്യക്തമാക്കി. കൊറോണ ലോക്ഡൗണിനു ശേഷം അരങ്ങേറുന്ന ആദ്യ ഗ്രാന്റ്സ്ലാമാണ് യു.എസ് ഓപണ്‍.
ന്യൂയോര്‍ക്കില്‍ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് വാവ്‌റിങ്ക പറഞ്ഞു. സെപ്റ്റംബറില്‍ നടക്കുന്ന ഫ്രഞ്ച് ഓപണില്‍ വാവ്‌റിങ്ക കളിക്കും.
ഈ ഘട്ടത്തില്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നില്ലെന്നാണ് സ്വിറ്റോലിനയുടെ വിശദീകരണം. ഡച്ച് സര്‍ക്കാരിന്റെ നിര്‍ദേശം മാനിച്ചാണ് വിട്ടുനില്‍ക്കുന്നതെന്ന് ബെര്‍ടന്‍സ് പറഞ്ഞു. സ്വിറ്റോലിന കഴിഞ്ഞ വര്‍ഷം യു.എസ് ഓപണ്‍ സെമിയിലെത്തിയിരുന്നു. അമേരിക്കയില്‍ നിന്ന് തിരിച്ചുവരുന്നവര്‍ നെതര്‍ലാന്റ്‌സില്‍ രണ്ടാഴ്ച ക്വാരന്റൈനില്‍ കഴിയണം. അപ്പോള്‍ തനിക്ക് പ്രിയപ്പെട്ട റോം, പാരിസ് ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്ന് ബെര്‍ടന്‍സ് പറഞ്ഞു.

Latest News