Sorry, you need to enable JavaScript to visit this website.

ജീവകാരുണ്യ മേഖലയിൽ തിളങ്ങി എബി ഷാഹുൽ ഹമീദ്

ഗാന്ധി ഭവൻ ജീവ കാരുണ്യ പുരസ്‌ക്കാരം എബി ഷാഹുൽ ഹമീദിന് സമ്മാനിക്കുന്നു.

കാരുണ്യത്തിന്റെ ലോകത്ത് നിശബ്ദ സേവനം നടത്തുകയാണ് കായംകുളം സ്വദേശിയായ എബി ഷാഹുൽ ഹമീദ്. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും എബിയുടെ സാമൂഹ്യപ്രവർത്തനങ്ങൾക്ക് ഇടവേളകളില്ല. കഴിഞ്ഞ പത്തു വർഷമായി കായംകുളത്തും സമീപ പ്രദേശങ്ങളിലുമായി 150 ഓളം രോഗികൾക്ക് 1500 രൂപ വിലയുള്ള മരുന്നുകൾ എല്ലാ മാസവും എബി വഴി ലഭിക്കുന്നു. ഓരോ വർഷവും നൂറിൽപരം മെഡിക്കൽ കാർഡുകൾ ഇഷ്യൂ ചെയ്തു നിർധനരായ രോഗികളെ കണ്ടെത്തി ചികിത്സിക്കുകയും ചെയ്യുന്നു.

 

തുടർച്ചയായി പത്തു വർഷം നടത്തി വരുന്ന ഈ പ്രവർത്തനത്തോടൊപ്പം കായംകുളം സർക്കാർ ആശുപത്രിയിലെ നിരവധി വീൽ ചെയറുകളും സംഭാവനയായി നൽകി. ഇതോടൊപ്പം ഓരോ വർഷവും നിർധനരായ ഓരോ യുവതിയുടെയും വിവാഹം നടത്തുകയും അതിനാവശ്യമായ മുഴുവൻ ചെലവും നൽകി ഉയർന്ന മാതൃക കാണിക്കുന്ന എബി ഷാഹുൽ ഹമീദ് ഇത്തരം ഇടപെടലിലൂടെ പാവപ്പെട്ടവർക്ക് തണലാകുന്നു. ഇതിന് പുറമെയാണ് വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ്. നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യത്തിനായി ടെലിവിഷനും ടാബും, കമ്പ്യൂട്ടറും വിതരണം ചെയ്തതിലൂടെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കരുത്തേകുന്നു. നാട്ടിൽനിന്നും നിരന്തരമായി ആവശ്യങ്ങൾ കൂടി വന്നപ്പോൾ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഒരു പ്രാദേശിക കൂട്ടായ്മക്ക് രൂപം നൽകിയെങ്കിലും കൂടുതൽ കാലം ഈ സംവിധാനത്തിന് നില നിൽക്കാനായില്ല. 

 

സൗമ്യതയും സ്‌നേഹവും കൊണ്ട് സാമൂഹിക രംഗത്തെ നേർവഴിക്കു നയിക്കുന്ന എബി ഷാഹുൽ ഹമീദ് മാനുഷികമായ ഇടപെടലുകൾ തിളക്കമാർന്ന അപൂർവ സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്.  നിരാലംബയായ ഒരു സഹോദരിക്ക്്് വീട് വെച്ച് നൽകിയതിലൂടെ നന്മയുടെ പൂക്കളെ വിരിയിക്കാനാണ് എബി ശ്രമിച്ചത്. 
കൗമാരത്തിൽ തന്നെ നിത്യ രോഗിയായി മാറിയ ഇരുപതു വയസ്സുകാരനും എബിയുടെ സഹായമെത്തി. മാസത്തിൽ പതിനാലു തവണ ഡയാലിസിസ് ചെയ്യേണ്ടതുണ്ടായിരുന്നു. തിരുവനന്തപുരം എസ്് എ ടി ആശുപത്രിയിൽ 18 വയസ് വരെ സൗജന്യമായി ചെയ്‌തെങ്കിലും പിന്നീട് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് നടത്തി വന്നിരുന്നത്. ഒരു വ്യാപാര കേന്ദ്രത്തിൽ സാധാരണ തൊഴിലാളിയായ അച്ഛനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളം ദൈനംദിന ജീവിതത്തിനു പോലും തികയുമായിരുന്നില്ല. കൂടാതെ 14 ദിവസവും ഡയാലിസിസിനു വേണ്ടി അവധിയെടുക്കുമ്പോൾ ഉണ്ടാവുന്ന കുറവും കൂടിയാവുമ്പോൾ എല്ലാ വഴികളും കൊട്ടിയടക്കുകയായിരുന്നു. കായംകുളം മുൻസിപ്പൽ കൗൺസിലർ ഈ കുടുംബത്തിന്റെ വിഷയം എബിയെ അറിയിച്ചതിനെ തുടർന്ന് ഇദ്ദേഹം ഈ യുവാവിന്റെ ചികിത്സയും കുടുംബത്തിനുള്ള ഭക്ഷണ സാധനങ്ങളും ഏറ്റെടുക്കുകയും കൃത്യമായി  എല്ലാ മാസവും ഈ കുടുംബത്തിനു നൽകുന്നതിനുള്ള ഏർപ്പാടുകളും ചെയ്തു നൽകി. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാനിച്ചുകൊണ്ട് തന്നെ കഴിഞ്ഞ വർഷം ഗാന്ധി ഭവന്റെ ജീവകാരുണ്യ പുരസ്‌ക്കാരത്തിനും എബി ഷാഹുൽ ഹമീദ്  അർഹനായി. 


പ്രവാസ ലോകത്തും നിരവധി ആളുകൾക്ക് എബിയുടെ സഹായം ലഭിക്കുന്നുണ്ട്. കേരളത്തിലെ തന്നെ വിവിധ പ്രദേശങ്ങളിലുള്ള നിരവധി പാവപ്പെട്ടവരും ഇദ്ദേഹത്തിന്റെ ജീവകാരുണ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ദമാമിൽ എൻ.പി.എസ് കമ്പനിയിലെ മാനേജർ ആയി ജോലി ചെയ്യുന്ന ഇദ്ദേഹത്തിനു സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ നൽകുന്നുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് കായംകുളത്തെ ആശുപത്രിയിൽ മാസ്‌ക്കും ഗ്ലൗസും നൽകിയതിനു പുറമേ നാട്ടിലുള്ള ആശാ വർക്കർമാർക്കും എൻ 95 മാസ്‌ക്കും ഗ്ലൗസും നൽകി. പ്രവാസ ലോകത്ത് വിസാ കാലാവധി കഴിഞ്ഞവർക്കും ഗുരുതരമായ രോഗാവസ്ഥ ഉള്ള ആളുകൾക്കും വിമാന ടിക്കറ്റുകൾ നൽകുന്നതിനും ഇദ്ദേഹത്തിനു കഴിഞ്ഞു. ഭാര്യ മുല്ല. മക്കളായ മുഹമ്മദ് സിനാൻ, ഹിബ, റിദ എന്നിവർ നാട്ടിൽ വിദ്യാർത്ഥികളാണ്.  


  

Latest News