Sorry, you need to enable JavaScript to visit this website.

സെവിയ, ലെവര്‍കൂസന്‍ യൂറോപ്പ ക്വാര്‍ട്ടറില്‍

ലണ്ടന്‍ - അഞ്ചു തവണ ചാമ്പ്യന്മാരായ സെവിയയും ജര്‍മന്‍ വമ്പന്മാരായ ബയര്‍ ലെവര്‍കൂസനും യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. സെര്‍ജിയൊ റെഗുലോണും യൂസുഫ് അന്നസിരിയും ആദ്യ പകുതിയില്‍ നേടിയ ഗോളുകളില്‍ സെവിയ 2-0 ന് റോമയെ തോല്‍പിച്ചു. ഒറ്റപ്പാദമായി ജര്‍മനിയിലെ ഡ്യൂയിസ്ബര്‍ഗിലാണ് ഈ പ്രി ക്വാര്‍ട്ടര്‍ അരങ്ങേറിയത്. വുള്‍വര്‍ഹാംപ്റ്റനുമായി സെവിയ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. വുള്‍വര്‍ഹാംപ്റ്റന്‍ 1-0 ന് ഒളിംപ്യാകോസിനെ തോല്‍പിച്ചു.
ലോക്ഡൗണിനു ശേഷമുള്ള ഇറ്റാലിയന്‍ ലീഗിലെ എട്ട് കളികളില്‍ ഏഴും ജയിച്ച റോമ അതിശക്തമായി തിരിച്ചടിക്കുമ്പോഴാണ് സെവിയ രണ്ടാം ഗോളോടെ ആധിപത്യമുറപ്പിച്ചത്. ക്വാര്‍ട്ടര്‍ മുതല്‍ നാല് ജര്‍മന്‍ നഗരങ്ങളില്‍ ഒറ്റപ്പാദമായാണ് ടൂര്‍ണമെന്റ് പുരോഗമിക്കുക. ഫൈനല്‍ 21 ന് കൊളോണിലാണ്.
ഒമ്പതാം മിനിറ്റിലെ പെനാല്‍ട്ടിയിലൂടെ റൗള്‍ ജിമനസ് വുള്‍വര്‍ഹാംപ്റ്റന് വിജയം സമ്മാനിച്ചു. 1972 നു ശേഷം ആദ്യമായാണ് വുള്‍വര്‍ഹാംപ്റ്റന്‍ യൂറോപ്യന്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറിലെത്തുന്നത്.
ഇരു പാദങ്ങളിലായി നടന്ന പ്രി ക്വാര്‍ട്ടറില്‍ റെയ്‌ഞ്ചേഴ്‌സിനെ 4-1 ന് തോല്‍പിച്ചാണ് ബയര്‍ ലെവര്‍കൂസന്‍ മുന്നേറിയത്. രണ്ടാം പാദം അവര്‍ 1-0 ന് ജയിച്ചു. ഇന്റര്‍ മിലാനുമായാണ് ക്വര്‍ട്ടര്‍ കളിക്കേണ്ടത്. എയ്ന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ടിനെ തോല്‍പിച്ച് എഫ്.സി ബാസല്‍ അവസാന ക്വാര്‍ട്ടര്‍ സ്ഥാനം സ്വന്തമാക്കി.

 

Latest News