Sorry, you need to enable JavaScript to visit this website.

വഴി ചോദിച്ച് ജയിലിലായി, പിന്നെ എട്ടു വർഷത്തെ അലച്ചിൽ; സെൽവരാജ് നാട്ടിലേക്ക് 

റിയാദ്- ദമാമിൽ നിന്ന് അറാറിലേക്ക് പോകവേ മറ്റൊരു ഡ്രൈവറോട് വഴി ചോദിച്ചതിൽ ഇത്രയധികം അപകടം പതിയിരിക്കുന്നത് തമിഴ്‌നാട് തിരുനെൽവേലി സ്വദേശി സെൽവരാജ് അറിഞ്ഞിരുന്നില്ല. അർധരാത്രി വഴി ചോദിച്ചറിഞ്ഞ ശേഷം റസ്‌റ്റോറന്റിൽ കയറി ചായ കുടിച്ചിറങ്ങിയപ്പോൾ മുന്നിൽ നിൽക്കുന്നത് മുപ്പതോളം പേരടങ്ങുന്ന പോലീസ് സംഘം. ആകാശത്തേക്ക് വെടിവെച്ച അവർ തന്നോട് കീഴടങ്ങാൻ പറഞ്ഞു. നിലത്ത് കിടന്നു. ചങ്ങലയിൽ ബന്ധിതനായി വാഹനത്തിൽ കയറ്റി. രാവിലെയായപ്പോഴേക്ക് ജയിലിന്റെ ഇടുങ്ങിയ മുറിയിൽ.
ആറു മാസത്തിന് ശേഷം ജയിലിൽ നിന്ന് കോടതിയിലെത്തിയപ്പോൾ 18 ഓളം പേരാണ് കൂടെയുണ്ടായിരുന്നത്. താൻ വഴി ചോദിച്ച തുർക്കിക്കാരനായ ഡ്രൈവറും തന്റെ മുന്നിൽ നിൽക്കുന്നു. അപ്പോഴാണ് താൻ മയക്കുമരുന്ന് കേസിലാണ് പിടിക്കപ്പെട്ടിരിക്കുന്നതെന്നും വഴി ചോദിച്ച ഡ്രൈവർ അതിലൊരു കണ്ണിയാണെന്നും മനസ്സിലായത്. ജഡ്ജിയോട് കാര്യങ്ങളെല്ലാം വിശദീകരിച്ചപ്പോൾ തന്റെ നിരപരാധിത്വം അദ്ദേഹത്തിന് ബോധ്യമായി. ചങ്ങല അഴിക്കാനും തന്റെ കാര്യത്തിൽ അന്വേഷണം നടത്താനും അദ്ദേഹം ഉത്തരവിട്ടു. 21 ദിവസത്തിന് ശേഷം കേസ് വീണ്ടും വിളിച്ചപ്പോൾ പോലീസുകാരോട് തന്നെ പിടിച്ച സ്ഥലത്ത് കൊണ്ടുവിടാൻ പറഞ്ഞു. തന്റെ വാഹനത്തിന്റെ നഷ്ടമായ ടയറുകളും ബാറ്ററികളും മാറ്റാൻ പോലീസുകാർ തന്നെ പണം നൽകി.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

10 വർഷം മുമ്പാണ് സെൽവരാജ് പുതിയ ഹെവി ഡ്രൈവർ വിസയിൽ സൗദിയിലെത്തിയത്. നേരത്തെ 20 വർഷത്തോളം അൽവത്തനിയ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ ഡ്രൈവറായിരുന്നു. സ്‌പോൺസറുടെ പേരിലെടുത്ത ഡൈനയാണ് പുതിയ വരവിൽ ഓടിച്ചിരുന്നത്. ദമാം തുറമുഖത്ത് നിന്ന് അറാറിലെ അറാംകോ സൈറ്റിലേക്ക് ലോഡുമായി പോകാൻ മലയാളി സുഹൃത്ത് വഴി ഓർഡർ ലഭിച്ചു. രാത്രിയായിരുന്നു യാത്ര. നാരിയ റോഡിലെ ഒരു പെട്രോൾ പമ്പിൽ എണ്ണയടിക്കാൻ വാഹനം നിർത്തിക്കൊടുത്ത് അറബ് വംശജനായ ഒരു ഡ്രൈവറോട് കൃത്യമായ വഴി അന്വേഷിച്ചു. അദ്ദേഹം പറഞ്ഞ റൂട്ട് തമിഴിൽ എഴുതിയെടുത്ത ശേഷം ഹോട്ടലിൽ പോയി ചായ വാങ്ങി കുടിച്ചു. ശേഷം പുറത്തിറങ്ങിയപ്പോഴാണ് പോലീസ് സന്നാഹത്തെ കണ്ടതും അറസ്റ്റിലായതും. അറബ് വംശജനായ ഡ്രൈവറുമായി മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന തെറ്റിദ്ധാരണ കാരണമാണ് താൻ അറസ്റ്റിലായതെന്ന് പിന്നീട് മനസ്സിലായി. ആറു മാസം കഴിഞ്ഞ് കോടതി വിട്ടയച്ചപ്പോൾ താൻ ലോഡുമായി മുങ്ങിയെന്ന പരാതിയിൽ 12 പോലീസ് കേസുകൾ തന്റെ പേരിലുണ്ടായിരുന്നു. പോലീസ് പിടിയിലായത് മുതൽ മൊബൈൽ ഫോൺ പിടിച്ചുവെച്ചതിനാൽ ആരുമായും സംസാരിക്കാനായില്ല. തന്റെ വാഹനത്തിലുണ്ടായിരുന്ന 40,000 റിയാലും നഷ്ടപ്പെട്ടിരുന്നു. ഭാഗ്യത്തിന് വാഹനത്തിലുണ്ടായിരുന്ന സാമഗ്രികൾ നഷ്ടപ്പെട്ടിരുന്നില്ല. ശേഷം ഓർഡർ ഏൽപിച്ചവരുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ ബോധ്യമായപ്പോൾ 11 കേസുകൾ പിൻവലിക്കപ്പെട്ടു. ജയിലിൽ നിന്നിറങ്ങിയപ്പോൾ കാഴ്ചയും ഭാഗികമായി നഷ്ടപ്പെട്ടു. പിടിക്കപ്പെടുന്നതിന് മുമ്പ് എന്നും ഫോൺ വിളിച്ചിരുന്ന ഭാര്യയും മകളും അതിന് ശേഷം ഫോണെടുത്തിട്ടില്ല. ആറു മാസം ഒരു ബന്ധവുമില്ലാതിരുന്നതിനാൽ താൻ മരിച്ചുപോയെന്ന് അവർ ധരിച്ചിരിക്കാമെന്ന് സെൽവരാജ് പറയുന്നു.
അതിനിടെ വാഹനത്തിന്റെ പേരിൽ കേസുള്ളതിനാൽ അതെല്ലാം തീർപ്പാക്കിയ ശേഷം തിരിച്ചു തരാമെന്ന് പറഞ്ഞ സ്‌പോൺസർ വാഹനം മറ്റാർക്കോ വിൽക്കുകയും തന്നെ ഹുറൂബാക്കുകയും ചെയ്തു. പിന്നീട് എങ്ങനെയെങ്കിലും നാടുപിടിക്കാമെന്ന മോഹമുദിച്ചു. പക്ഷേ, ഹുറൂബായതിനാൽ നാട്ടിൽ പോകാനുള്ള വഴിയും അടഞ്ഞു. ദമാമിലായിരുന്നു താമസം. എവിടെയെങ്കിലും ജോലിക്ക് പോയി കിട്ടുന്ന കാശുമായി ദമാമിൽ നിന്ന് റിയാദ് ഇന്ത്യൻ എംബസിയിലെത്തി നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് പല പ്രാവശ്യം അപേക്ഷിച്ചു. കയ്യിലെ പണം തീരാറാകുമ്പോൾ വീണ്ടും ദമാമിലേക്ക് തിരിച്ചുപോകും. 
ഏഴ് വർഷം ഇന്ത്യൻ എംബസി, തർഹീൽ, കോടതി, പോലീസ് സ്‌റ്റേഷൻ എന്നിവ കയറിയിറങ്ങി. എങ്ങനെയെങ്കിലും നാട്ടിലെത്തിച്ചു തരണമെന്ന് എംബസിയിൽ ചെന്ന് കേണപേക്ഷിച്ചതനുസരിച്ച് ഒരു ഉദ്യോഗസ്ഥൻ തർഹീലിൽ പോയി തന്റെ പേരിലുള്ള കേസുകളുടെ നിജസ്ഥിതി അറിയുകയും ആവശ്യമായ സഹായങ്ങൾ ചെയ്തു തരികയും ചെയ്തു. ഒടുവിൽ കേസുകളിൽ നിന്നെല്ലാം മുക്തമായി കയ്യിൽ ഒന്നുമില്ലാതെ, നിസ്സഹായനായി സെൽവരാജ് ഇന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുകയാണ്. വയനാട്ടിലുള്ള സുഹൃത്തിന്റെ വീട്ടിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ബന്ധുക്കളുമായി ബന്ധപ്പെടാനാണ് പദ്ധതി. റിയാദിലെ സഫിയ ട്രാവൽസിലെ ജീവനക്കാരനായ അനിൽകുമാർ ഇദ്ദേഹത്തിന് സഹായവുമായി രംഗത്തുണ്ട്.

Tags

Latest News