Sorry, you need to enable JavaScript to visit this website.

സൗദിയിൽ അവിദഗ്ധ തൊഴിലാളികളെ പുറത്താക്കണമെന്ന് ആവശ്യം

റിയാദ്- സൗദിയിൽ ജീവിതം സാധാരണ നിലയിലാവുകയും വാണിജ്യ, സാമ്പത്തിക മേഖലകൾ ഉണർവ് വീണ്ടെടുക്കുകയും ചെയ്തതോടെ പ്രാദേശിക തൊഴിൽ വിപണിയിൽനിന്ന് അവിദഗ്ധ തൊഴിലാളികളെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകാൻ തുടങ്ങി. ഗുണനിലവാരം ഉയർത്തുന്നതിലും ബിനാമി ബിസിനസ് പ്രവണതക്ക് തടയിടുന്നതിലും പുറത്തേക്കുള്ള പണമൊഴുക്ക് കുറക്കുന്നതിലും അവിദഗ്ധ തൊഴിലാളികളെ പുറത്താക്കുന്നത് അനുകൂല ഫലം ചെലുത്തുമെന്ന് ഇവർ അഭിപ്രായപ്പെടുന്നു. അവിദഗ്ധ തൊഴിലാളികളുടെ ആധിക്യം സൗദി തൊഴിലാളികളുടെ വരുമാനവും ഉൽപാദന, സേവന ഗുണമേന്മാ നിലവാരവും കുറക്കും. 
അനധികൃത തൊഴിലാളികളെ നാടുകടത്താൻ പുതിയ പദ്ധതി പ്രഖ്യാപിക്കണമെന്നും അവിദഗ്ധ തൊഴിലാളികളുടെ വർധിച്ച സാന്നിധ്യം ഇല്ലാതാക്കണമെന്നും 'സൗദി സമ്പദ്‌വ്യവസ്ഥയിൽ കൊറോണ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ' എന്ന ശീർഷകത്തിൽ കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് തയാറാക്കിയ റിപ്പോർട്ട് ആവശ്യപ്പെട്ടു. 
സർവ മേഖലകളിലും സ്വദേശി തൊഴിലാളികളെ അവലംബിക്കണമെന്നും ഇത് ദേശീയ സമ്പദ്‌വ്യവസ്ഥയിൽ അനുകൂല ഫലങ്ങൾ ചെലുത്തുമെന്നും റിപ്പോർട്ട് പറയുന്നു. 
തൊഴിലാളികൾ, മൂലധനം, സാങ്കേതികവിദ്യ, ജനസംഖ്യാ വളർച്ച എന്നീ നാലു ഘടകങ്ങൾ സാമ്പത്തിക വളർച്ചയെ കാര്യമായി സ്വാധീനിക്കുന്നതായി സാമ്പത്തിക വിദഗ്ധൻ ഡോ. ആയിദ് ബിൻ ഫാരിഅ് പറയുന്നു. 
ജനസംഖ്യാ വളർച്ചക്കൊപ്പം മൂലധന വളർച്ചയും സാങ്കേതികവിദ്യാ വികാസവും ഉണ്ടാകാതിരിക്കുന്നത് പ്രതിശീർഷ വരുമാനം കുറയുന്നതിന് ഇടയാക്കും. വിദേശ തൊഴിലാളികളുടെ വർധനവ് ജനസംഖ്യാ വളർച്ചയുണ്ടാക്കും. ഇത് സൗദികളുടെ പ്രതിശീർഷ വരുമാനം കുറയാൻ ഇടയാക്കും. 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

മൂലധന, ജനസംഖ്യാ വളർച്ചയും സാങ്കേതികവിദ്യാ വികാസവും ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക വളർച്ചയുണ്ടാക്കും. വിദഗ്ധ തൊഴിലാളികളെ ആശ്രയിക്കുന്ന പക്ഷം ഈ സ്ഥിതിവിശേഷമുണ്ടാകില്ല. വിദഗ്ധ തൊഴിലാളികൾ രാജ്യത്ത് സാങ്കേതികവിദ്യയും വിജ്ഞാനവും കൊണ്ടുവരും. അമേരിക്കയുടെ അനുഭവം ഇതാണ്. ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ വലിയ വളർച്ച കൈവരിച്ചു. ഇതിലൂടെ പ്രതിശീർഷ വരുമാനം എട്ടിരട്ടി വർധിക്കുകയും ചെയ്തു. 
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലാ ജീവനക്കാരിൽ 74 ശതമാനം വിദേശികളും 26 ശതമാനം സ്വദേശികളുമാണ്. സൗദിയിൽ 13.1 ദശലക്ഷം വിദേശികളുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയിൽ 38.3 ശതമാനം വിദേശികളാണ്. വികസിത രാജ്യങ്ങളിൽ വിദേശ തൊഴിലാളികൾ ആകെ ജനസംഖ്യയുടെ 15 ശതമാനം കവിയില്ല. സൗദിയിൽ ഇത് 34 ശതമാനത്തിൽ കൂടുതലാണ്. വികസിത രാജ്യങ്ങളിലെ ആകെ ജനസംഖ്യയിൽ വിദേശ തൊഴിലാളികളുടെ അനുപാതത്തിന്റെ ഇരട്ടിയിലേറെയാണ് സൗദിയിലെ വിദേശ തൊഴിലാളികളുടെ അനുപാതം. 
അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കാനും ബിനാമി ബിസിനസ് പ്രവണതക്ക് തടയിടാനും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ അടക്കേണ്ട, വിദേശ തൊഴിലാളികൾക്കുള്ള പ്രതിമാസ വരിസംഖ്യ രണ്ടു ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി ഉയർത്തുകയും 55 വയസ്സ് പിന്നിട്ട അവിദഗ്ധ തൊഴിലാളികളുടെ ഇഖാമ പുതുക്കൽ വിലക്കുകയും വേണം. 
വിദേശ തൊഴിലാളികളുടെ റെമിറ്റൻസ് കുറയുന്നത് രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തും. അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയുന്നത് സൗദി വ്യാപാരികൾ നേരിടുന്ന മത്സരവും അടിസ്ഥാന സൗകര്യങ്ങളുടെ മേലുള്ള സമ്മർദവും കുറ്റകൃത്യങ്ങളും കുറക്കുകയും സൗദിവൽക്കരണം വർധിപ്പിക്കുകയും ചെയ്യുമെന്നും 'അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിന്റെ സാമ്പത്തിക നേട്ടങ്ങൾ' എന്ന ശീർഷകത്തിൽ ഡോ. ആയിദ് ബിൻ ഫാരിഅ് തയാറാക്കിയ പഠനം പറയുന്നു.

Tags

Latest News