Sorry, you need to enable JavaScript to visit this website.

കാത്തിരിപ്പിനൊടുവില്‍ കസിയാസ് കളി നിര്‍ത്തി

മഡ്രീഡ് - ഹൃദയാഘാതത്തിനു ശേഷവും കളി തുടരാന്‍ തീരുമാനിച്ച സ്‌പെയിനിന്റെ ഗോള്‍കീപ്പിംഗ് ഗ്രെയ്റ്റ് ഇകര്‍ കസിയാസ് ഒടുവില്‍ ഗ്ലൗസഴിച്ചു. സ്‌പെയിന്‍ ലോകകപ്പ് നേടുമ്പോള്‍ നായകനായിരുന്ന കസിയാസ് ഒരു വര്‍ഷത്തോളം ഹൃദ്രോഗം കാരണം വിട്ടുനില്‍ക്കേണ്ടി വന്ന ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്‌പെയിന്‍ രണ്ടു തവണ യൂറോ കപ്പ് ചാമ്പ്യന്മാരാവുമ്പോഴും കസിയാസായിരുന്നു വലക്കു മുന്നില്‍. റയല്‍ മഡ്രീഡിനു വേണ്ടി എഴുനൂറിലേറെ തവണ കളിച്ചിട്ടുണ്ട് മുപ്പത്തൊമ്പതുകാരന്‍.
റയലിനോട് 2015 ല്‍ കണ്ണീരോടെ വിടപറഞ്ഞ കസിയാസ് പോര്‍ചുഗല്‍ ക്ലബ് പോര്‍ടോയില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് ഹൃദയാഘാതമുണ്ടായത്. 167 തവണ സ്‌പെയിനിനു കളിച്ചിട്ടുണ്ട്. സ്പാനിഷ് ഫുട്‌ബോളിന്റെ സുവര്‍ണകാലത്ത് ഗോള്‍വല കാത്തു. 2008 ലും 2012 ലും യൂറോ കപ്പും 2010 ല്‍ ലോകകപ്പും നേടിയ ടീമില്‍ അംഗമായിരുന്നു. റയലിനൊപ്പം അഞ്ചു തവണ സ്പാനിഷ് ലീഗ് കിരീടവും മൂന്നു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവുമുയര്‍ത്തി. റയലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറാണ് കസിയാസ് എന്ന് ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു. കസിയാസ് രൂപം കൊണ്ടത് റയലിലാണ്. 25 തവണ ഈ ജഴ്‌സിയുടെ മാനം കാത്തു. ടീമിന്റെ വികാരമുള്‍ക്കൊണ്ട നായകനായി. കളത്തിലും പുറത്തും അഭിമാനകരമായ സ്വഭാവസവിശേഷതകളിലൂടെ റയലിന്റെ പ്രതാപം ഉയര്‍ത്തിപ്പിടിച്ചു -പ്രസ്താവന തുടര്‍ന്നു.
കസിയാസിന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ കൊറോണ വ്യാപിച്ചതോടെ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
 

Latest News