Sorry, you need to enable JavaScript to visit this website.

രണ്ട് പരമ്പരകള്‍ റദ്ദാക്കും, ഐ.പി.എല്‍ ഇനി സുഗമം

മെല്‍ബണ്‍ - കൊറോണ കാരണം ഓസ്‌ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ട്വന്റി20 പരമ്പര റദ്ദാക്കി. ഓസ്‌ട്രേലിയ-ഇന്ത്യ ട്വന്റി20 പരമ്പര നീട്ടും. ഇതോടെ ഐ.പി.എല്ലിന് മുന്നിലുള്ള അവസാന കടമ്പയും നീങ്ങി. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ പതിമൂന്നാമത് ഐ.പി.എല്‍ നടക്കുന്ന 53 ദിവസത്തിനിടയില്‍ ഒരു ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് പരമ്പരയും ഇല്ല. എട്ടു ടീമുകള്‍ പങ്കെടുക്കുന്ന ഏറ്റവും ദീര്‍ഘമായ ഐ.പി.എല്ലാണ് ഇത്തവണത്തേത്.
ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കമെന്ന നിലയിലാണ് ഒക്ടോബര്‍ നാല് മുതല്‍ ഒമ്പത് വരെ ഓസീസ്-വിന്‍ഡീസ് പരമ്പര നിശ്ചയിച്ചത്. എന്നാല്‍ ഒക്ടോബര്‍ 18 ന് ആരംഭിക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് നീട്ടിവെച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയ-ഇന്ത്യ മൂന്നു മത്സര ട്വന്റി20 പരമ്പര ഒക്ടോബര്‍ 11 മുതല്‍ 17 വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. അത് നീട്ടിവെക്കും. നവംബര്‍ പത്തിന് ഐ.പി.എല്‍ ഫൈനല്‍ കഴിഞ്ഞേ ഇന്ത്യന്‍ കളിക്കാര്‍ ഓസ്‌ട്രേലിയയിലേക്ക് പോവുകയുള്ളൂ. നാലു ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ഡിസംബര്‍ മൂന്നിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഏകദിനങ്ങള്‍ ജനുവരി 15 മുതലാണ്.
 

Latest News