Sorry, you need to enable JavaScript to visit this website.

അഞ്ച് മത്സരങ്ങളോടെ സൗദി ലീഗ് പുനരാരംഭിക്കുന്നു

ജിദ്ദ - കൊറോണ ലോക്ഡൗണില്‍ നിശ്ചലമായ കളിക്കളങ്ങള്‍ക്ക് ജീവന്‍ വെക്കുന്നു. സൗദി പ്രൊഫഷനല്‍ ലീഗ് സോക്കറില്‍ ചൊവ്വാഴ്ച കളി തുടങ്ങുന്നു. 144 ദിവസത്തിനു ശേഷമാണ് സൗദിയില്‍ ലീഗ് ഫുട്‌ബോള്‍ തിരിച്ചെത്തുന്നത്. എട്ട് റൗണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്നു. 22 റൗണ്ട് പിന്നിട്ടപ്പോള്‍ 51 പോയന്റുമായി അല്‍ഹിലാലാണ് മുന്നില്‍. അന്നസ്‌റും (45) അല്‍വഹ്ദയും (39) അല്‍അഹ്‌ലിയുമാണ് (37) തൊട്ടുപിന്നില്‍. 16 ടീമുകളില്‍ പതിമൂന്നാം സ്ഥാനത്താണ് ഇല്‍ഇത്തിഹാദ്.
ഉദ്ഘാടന ദിനം അഞ്ചു മത്സരങ്ങളുണ്ട്. അല്‍ഫതഹ്-അല്‍ഫൈഹ, അബഹ-അല്‍ഇത്തിഹാദ്, അല്‍റഅദ്-ദമാക്, അല്‍ഫൈസലി-അത്തആവുന്‍, അല്‍അഹ്‌ലി-അല്‍ഹസം എന്നിങ്ങനെ. ബുധനാഴ്ച റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ അന്നസറും അല്‍ഹിലാലുമായി സൂപ്പര്‍ പോരാട്ടം അരങ്ങേറും. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കളി പുനരാരംഭിക്കുന്നത്.
ഉദ്ഘാടന മത്സരത്തില്‍ തന്നെ പുതിയ രീതികള്‍ പ്രാബല്യത്തില്‍ വരും. പൂര്‍ണമായ ഫുട്‌ബോള്‍ കിറ്റിലായിരിക്കും കളിക്കാര്‍ ഗ്രൗണ്ടിലെത്തുക. കാണികള്‍ക്ക് പ്രവേശനമുണ്ടാവില്ല. ടീമുകള്‍ സാധാരണ ഒരു ബസ്സിലാണ് കളിക്കളങ്ങളിലെത്തിയിരുന്നതെങ്കില്‍ സാമൂഹിക അകലം പാലിച്ച് വാഹനവ്യൂഹങ്ങളായാണ് ഇനി വരിക.
കളിക്കാര്‍ നേരെ വാംഅപ്പിലേക്കാണ് പോവുക. ചെയ്ഞ്ചിംഗ് റൂമില്‍ കൂടി നില്‍ക്കാന്‍ അനുവദിക്കില്ല. ഒരു സമയത്ത് അഞ്ച് കളിക്കാര്‍ മാത്രമേ ചെയ്ഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ പറ്റൂ. സ്‌റ്റേഡിയങ്ങള്‍ നിരന്തരം അണുവിമുക്തമാക്കും. കളിക്കാര്‍ ആലിംഗനം ചെയ്യാനോ ഹസ്തദാനം ചെയ്യാനോ പാടില്ല. മത്സര ദിനങ്ങളില്‍ മുപ്പതോളം മുന്‍കരുതല്‍ നടപടികളെടുക്കും.
ഡഗൗട്ടുകളില്‍ കോച്ചിംഗ് സ്റ്റാഫും സബ്സ്റ്റിറ്റിയൂട്ടുകളുമായി പരമാവധി ഒമ്പതു പേരേ ഇരിക്കാന്‍ പറ്റൂ. മറ്റുള്ളവര്‍ ഗാലറിയില്‍ മാസ്‌ക് ധരിച്ചായിരിക്കണം ഇരിക്കേണ്ടത്.

 

Latest News