Sorry, you need to enable JavaScript to visit this website.

ബാങ്ക് നിക്ഷേപങ്ങളിൽ ഒമ്പതു ശതമാനം വളർച്ച

റിയാദ് - സൗദി ബാങ്കുകളിലെ നിക്ഷേപങ്ങളിൽ ഈ വർഷം രണ്ടാം പാദത്തിൽ ഒമ്പതു ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. 2019 രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പാദത്തിൽ ബാങ്ക് നിക്ഷേപങ്ങളിൽ 151.5 ബില്യൺ റിയാലിന്റെ വളർച്ചയാണുണ്ടായത്. ഈ വർഷം രണ്ടാം പാദാവസനാത്തെ കണക്കുകൾ പ്രകാരം രാജ്യത്തെ ബാങ്കുകളിലെ ആകെ ഡെപ്പോസിറ്റ് 1.8 ട്രില്യൺ റിയാലാണ്. 2019 രണ്ടാം പാദാവസാനത്തിൽ ബാങ്കുകളെ ആകെ ഡെപ്പോസിറ്റ് 1.69 ട്രില്യൺ റിയാലായിരുന്നു. തുടർച്ചയായി അഞ്ചാം പാദത്തിലാണ് ബാങ്ക് ഡെപ്പോസിറ്റുകളിൽ വളർച്ച രേഖപ്പെടുത്തുന്നത്. ഈ വർഷം ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ ഡെപ്പോസിറ്റുകളിൽ 1.8 ശതമാനം വളർച്ച രേഖപ്പെടുത്തി. 
ഒരു വർഷത്തിനിടെ ഡിമാന്റ് ഡെപ്പോസിറ്റുകളിൽ 13.5 ശതമാനം വളർച്ച രേഖപ്പെടുത്തി. സേവിംഗ്‌സ് നിക്ഷേപങ്ങൾ 1.4 ശതമാനം തോതിലും വർധിച്ചു. വിദേശ കറൻസികളിലുള്ള നിക്ഷേപങ്ങൾ 8.2 ശതമാനം തോതിൽ കുറഞ്ഞു. ഈ വർഷം ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ ഡെപ്പോസിറ്റുകളിലെ വളർച്ച മന്ദഗതിയിലായി. ഒന്നാം പാദത്തിൽ ഡെപ്പോസിറ്റുകളിൽ 10.1 ശതമാനം തോതിൽ വളർച്ച രേഖപ്പെടുത്തിയിരുന്നു. മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഡെപ്പോസിറ്റുകൾ ഒരു ശതമാനം തോതിൽ കുറഞ്ഞു. 
ഡിമാന്റ് ഡെപ്പോസിറ്റുകൾ, സേവിംഗ്‌സ് ഡെപ്പോസിറ്റുകൾ, വിദേശ കറൻസികളിലുള്ള ഡെപ്പോസിറ്റുകൾ എന്നിങ്ങനെ സൗദിയിലെ ബാങ്കുകളിൽ മൂന്നിനം ഡെപ്പോസിറ്റുകളാണുള്ളത്. രണ്ടാം പാദാവസാനത്തിലെ കണക്കുകൾ പ്രകാരം ബാങ്കുകളിലെ ആകെ നിക്ഷേപങ്ങളിൽ 66 ശതമാനവും ഡിമാന്റ് ഡെപ്പോസിറ്റുകളാണ്. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ ഇത് 63.4 ശതമാനമായിരുന്നു. സേവിംഗ്‌സ് ഡെപ്പോസിറ്റുകൾ 24 ശതമാനമാണ്. കഴിഞ്ഞ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം രണ്ടാം പാദത്തിൽ ആകെ ഡെപ്പോസിറ്റുകളിൽ സേവിംഗ്‌സ് ഡെപ്പോസിറ്റ് അനുപാതം കുറഞ്ഞു. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ആകെ ഡെപ്പോസിറ്റുകളിൽ സേവിംഗ്‌സ് ഡെപ്പോസിറ്റുകൾ 25.8 ശതമാനമായിരുന്നു. 
കഴിഞ്ഞ വർഷം സൗദിയിൽ ബാങ്ക് ഡെപ്പോസിറ്റുകൾ 7.3 ശതമാനം തോതിൽ വർധിച്ചിരുന്നു. 2014 നു ശേഷം ആദ്യമായാണ് ബാങ്ക് ഡെപ്പോസിറ്റുകളിൽ ഇത്രയും വലിയ വളർച്ച രേഖപ്പെടുത്തുന്നത്. തുടർച്ചയായി രണ്ടാം വർഷമാണ് ഡെപ്പോസിറ്റുകളിൽ മികച്ച വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നത്. 2017 ൽ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. 2005 മുതൽ 2014 വരെയുള്ള കാലത്ത് ബാങ്ക് ഡെപ്പോസിറ്റുകളിൽ ശരാശരി 10 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയിരുന്നു. ഇതിനെ അപേക്ഷിച്ച് ഡെപ്പോസിറ്റുകളിൽ ഇപ്പോഴുള്ള വളർച്ചാ നിരക്ക് കുറവാണ്. 

Tags

Latest News