Sorry, you need to enable JavaScript to visit this website.

ജീവിതസന്ധ്യയിലും അടുക്കി വെക്കുന്നു, സ്വപ്‌നം നിറച്ച കാർട്ടണുകൾ

ദമാം- ആത്മവിശ്വാസവും സഹന ശക്തിയുമുള്ളവർക്ക്് എന്ത് ജോലി ചെയ്യുന്നതിനും ഒരു മടിയുമുണ്ടാവില്ലെന്നാണ് സിറിയൻ സ്വദേശി മുഹമ്മദ് ഇബ്‌നു ബഷീറിന്റെ പക്ഷം. എൺപത് വയസ്സിലേക്ക് നടന്നു നീങ്ങുന്ന ഇദ്ദേഹം നാൽപത്തഞ്ചു വർഷമായി ദമാമിൽ പ്രവാസിയാണ്. 25 വർഷത്തോളം സൗദി അറാംകോയിൽ എണ്ണ വിതരണ വിഭാഗത്തിൽ എൻജിനീയർ ആയി ജോലി ചെയ്ത് വിരമിച്ചതിനു ശേഷമാണ് ജീവിതത്തിൽ ചില പാകപ്പിഴവുകൾ സംഭവിക്കുകയും കുടുംബ ബന്ധത്തിൽ ശിഥിലീകരണവുമുണ്ടായത്. 20 വർഷവും കുടുംബവുമൊത്താണ് ദമാമിൽ താമസിച്ചതെങ്കിലും ഇന്ന് കുടുംബത്തെ കുറിച്ച് ഓർക്കാൻ പോലും അദ്ദേഹം മുതിരുന്നില്ല. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞ 20 വർഷങ്ങൾക്കു മുൻപാണ് ദമാമിൽ നിന്നും സിറിയയിലേക്ക് പോയത്. അതിനു ശേഷം ഒന്ന് രണ്ടു വർഷം മാത്രമാണ് അവരുമായി ബന്ധമുണ്ടായിരുന്നത്. കുടുംബത്തെ കുറിച്ച് ചോദിക്കുമ്പോൾ ഖല്ലിവല്ലി എന്ന മറുപടി മാത്രമാണ് ഇദ്ദേഹത്തിനുള്ളത്. സ്‌നേഹത്തിനോ മാനുഷിക മൂല്യങ്ങൾക്കോ വിലയില്ലെന്നും സമ്പത്ത് മാത്രമാണ് ചിലരുടെ ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു. 
നിലവിലെ ലോക സാഹചര്യങ്ങളെക്കുറിച്ചും രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചുമെല്ലാം ദീർഘ വീക്ഷണമുള്ള ഇദ്ദേഹം ഇംഗ്ലീഷ് ഭാഷയിൽ ഏറെ നൈപുണ്യവും നേടിയിട്ടുണ്ട്. അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഇദ്ദേഹത്തിന് ഇന്ത്യക്കാരോട് പ്രത്യേകിച്ച് മലയാളികളോട്്് ഏറെ അടുപ്പമാണ്. ദമാം അൽ റാബിയ ഏരിയയിൽ ഒറ്റ മുറിയുള്ള റൂമിൽ കഴിയുന്ന ഇദ്ദേഹം വൈകുന്നേരം അഞ്ചു മണിയോടെയാണ് പുറത്തിറങ്ങുക. ദമാമിലെയും പരിസര പ്രദേശങ്ങളിലെയും കടകളിൽ നിന്നും റോഡരികിൽ നിന്നും കിട്ടുന്ന കടലാസ് കാർട്ടണുകൾ ശേഖരിക്കുകയും അത് വിൽപ്പന നടത്തിയുമാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. സമ്പാദ്യത്തെ കുറിച്ചൊന്നും ഇത് വരെ ചിന്തിച്ചിട്ടില്ല. ഓരോ ദിവസവും തള്ളി നീക്കി മുന്നോട്ട് പോകുക എന്നത് മാത്രമാണ് മുഹമ്മദ് ഇബ്‌നു ബഷീറിന്റെ മുന്നിലുള്ളത്. ആരോഗ്യമുണ്ടായിരിക്കുക, അതോടൊപ്പം കഠിനാധ്വാനം ചെയ്യുക, പ്രായമോ ജോലിയുടെ മഹിമയോ ഇതൊന്നും ഒരു പ്രശ്‌നവുമല്ലെന്നും ഇദ്ദേഹം പറയുന്നു. തന്റെ ഓർമയിൽ ഇത് വരെ ഒരു പനി കൂടി തന്നെ ബാധിച്ചിട്ടില്ലെന്നും അത് കൊണ്ട് മരുന്നും ആശുപത്രിയും അന്യമാണെന്നും ഇദ്ദേഹം പറയുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്ത് ലോക്ഡൗൺ വന്നപ്പോൾ മാസങ്ങളോളം റൂമിൽ തന്നെ കഴിയേണ്ടി വന്നെന്നും അതൊന്നും തന്റെ ദൈനംദിന ജീവിതത്തിനു തടസ്സമായില്ലെന്നും മുഹമ്മദ് ഇബ്‌നു ബഷീർ മലയാളം ന്യൂസിനോട് പറഞ്ഞു. കടുത്ത ചൂടും തണുപ്പും വരുന്ന കാലാവസ്ഥയിലെ വ്യതിയാനങ്ങളെല്ലാം അതിജീവിച്ച് അധ്വാനിച്ചു തന്നെയാണ് ജിവിതം മുന്നോട്ടു പോകുന്നതെന്നും ഇനിയുള്ള കാലവും ആരെയും ബുദ്ധിമുട്ടിക്കാതെ മുന്നോട്ടു പോകണമെന്നു തന്നെയാണ് ആഗ്രഹമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. വാർധക്യത്തെ ആസ്വാദ്യമാക്കുന്നതിനാണ് താൻ ശ്രമിക്കുന്നത്. മനസ്സ് കൊണ്ട് താൻ ഒരു കൗമാരക്കാരനാണെന്നും ദമാമിലും ചുറ്റിലും കിലോമീറ്ററുകൾ ഓരോ ദിവസവും നടന്നു നീങ്ങി കടലാസ് കാർട്ടണുകൾ ശേഖരിക്കുന്ന ഇദ്ദേഹം പ്രവാസികൾക്ക്്് ഒരു മാതൃക കൂടിയാണ്. ഇതിനകം തന്റെ ജീവിതം ചില അറബിക് ടെലിവിഷൻ ചാനലുകൾ പകർത്തി സംപ്രേഷണം നടത്തിയതായും മലയാളം ന്യൂസ് തന്റെ വാർത്തകൾ നൽകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
 

Tags

Latest News